2020 വേള്‍ഡ് എക്‌സ്‌പോ: 400 കോടി ദിര്‍ഹം മുതല്‍ മുടക്കുമെന്ന് രവി പിള്ള

Posted on: February 9, 2014 8:35 pm | Last updated: February 9, 2014 at 8:35 pm

ravi pillaiദുബൈ: ചില സൈറ്റുകളില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത വന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് വാണിജ്യ പ്രമുഖന്‍ ഡോ. രവി പിള്ള. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്ന അദ്ദേഹം. വാര്‍ത്തയില്‍ തന്റെ പേര്‍ നേരിട്ട് പരാമര്‍ശിക്കുന്നില്ല. അത് ഞാനാണോ എന്ന് എനിക്ക് അറിഞ്ഞു കൂടാ. അതില്‍ പറഞ്ഞിരിക്കുന്നതു പോലുള്ള സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.
ഏതായാലും ഞാന്‍ ഇതേ വരെ സത്യസന്ധമായിട്ടാണ് നിക്ഷേപം നടത്തിയിട്ടുള്ളതും പ്രവര്‍ത്തിച്ചിട്ടുള്ളതും. സഊദിയിലെ സ്‌പോണ്‍സര്‍ നാസര്‍ അല്‍ ഹാജിരിയുമായി 35 വര്‍ഷത്തെ ബന്ധമാണുള്ളത്. അദ്ദേഹം എനിക്ക് സഹോദരനെപ്പോലെയാണ്. വെബ്‌സൈറ്റിന്റെ പ്രചാരം കൂട്ടാന്‍ വേണ്ടിയാണ് അത്തരം വാര്‍ത്ത പടച്ചുണ്ടാക്കിയതെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ പേര് പരാമര്‍ശിക്കാത്തത് കൊണ്ട് മാനനഷ്ട കേസ് നല്‍കാനോ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനോ ഇപ്പോള്‍ മുതിരുന്നില്ല.
ആയിരക്കണക്കിനാളുകള്‍ക്ക് ജോലി നല്‍കുന്ന നിക്ഷേപകരെക്കുറിച്ച് ഇത്തരത്തില്‍ അപവാദം പ്രചരിപ്പിക്കരുത്. എം എ യൂസുഫലിയും, ഗള്‍ഫാര്‍ മുഹമ്മദലിയും മറ്റും കേരളീയര്‍ക്ക് വലിയ സേവനമാണ് ചെയ്യുന്നത്. ഡോ രവി പിള്ള പറഞ്ഞു. 2020 വേള്‍ഡ് എക്‌സ്‌പോക്ക് മുന്നോടിയായി ദുബൈയില്‍ നിരവധി മേഖലകളില്‍ നിക്ഷേപം നടത്തും. ഹോട്ടല്‍, അപ്പാര്‍ട്ട്‌മെന്റ്, റസിഡന്‍ഷ്യല്‍ സമുച്ചയങ്ങള്‍ എന്നിവ ഫ്രീ ഹോള്‍ഡ് മേഖലയില്‍ ഈ വര്‍ഷം തുടങ്ങും.
2017 ഓടെ ദുബൈയില്‍ 41 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ റിയല്‍ എസ്റ്ററ്റ് സംരഭങ്ങള്‍ തുടങ്ങും. അതിനാവശ്യമായ ഭൂമി ദുബൈയുടെ തന്ത്രപ്രധാന മേഖലകളില്‍ ആര്‍ പി ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്. 400 കോടി ദിര്‍ഹമാണ് നിക്ഷേപം നടത്തുക. സഊദി അറേബ്യയില്‍ ജുബൈലിലും, ദമാമിലും രണ്ട് പഞ്ച നക്ഷത്ര ഹോട്ടലുകളും ആരംഭിക്കും. ഐ ടി സി യുമായി ചേര്‍ന്നു ബര്‍ദുബൈയില്‍ ഈ വര്‍ഷം ഏപ്രിലോടെ ഡീലക്‌സ് ഹോട്ടല്‍ തുറക്കും. 25,000 ജോലി സാധ്യതകളാണ് പ്രതീക്ഷിക്കുന്നത്. 70,000 ത്തോളം ആളുകള്‍ക്ക് ഇപ്പോള്‍ ജോലി നല്‍കുന്നുണ്ട്. ഇതില്‍ 70 ശതമാനവും മലയാളികളാണ്. രവി പിള്ള പറഞ്ഞു.