കത്തയച്ചതു ഞാന്‍ തന്നെ: വിഎസ്

Posted on: February 7, 2014 7:08 pm | Last updated: February 8, 2014 at 5:59 am

vs 2തിരുവനന്തപുരം: കെ.കെ രമയെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ സ്ഥിരീകരണം. പലരും പല അഭിപ്രായങ്ങളും കാച്ചിവിടുകയാണ്. അതിനോട് പ്രതികരിക്കാനില്ലെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു. വിഎസ്സിന്റെ കത്ത് സംശയകരമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് വിഎസ്സിന്റെ തിരുത്ത്. രമയെ പിന്തുണച്ച് വിഎസ് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കില്ലെന്നായിരുന്നു പിണറായി പ്രതികരിച്ചത്. കത്തിന് പിന്നില്‍ മുന്‍ സ്റ്റാഫംഗങ്ങളെ സംശയിക്കണം. ചിലര്‍ ഇപ്പോഴും തിരുവനന്തപുരത്ത് തന്നെയുണ്ടെന്നും പിണറായി പറഞ്ഞിരുന്നു. കെ.കെ രമയുടെ സമരം ചീറ്റിപ്പോയെന്നും പിണറായി കൂട്ടിചേര്‍ത്തു. ടി.പി വധത്തിന് പിന്നില്‍ രാജ്യാന്തരബന്ധം പോലും ഉണ്ടെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വി.എസ് ആരോപിച്ചു. എന്നാല്‍ സിബിഐ അന്വേഷണ ആവശ്യം കത്തില്‍ ഉന്നയിച്ചിട്ടില്ല. വിഎസ് അച്യുതാനന്ദന്റെ കത്ത് ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സ്ഥിരീകരിച്ചു. കത്തിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇതേസമയം രമയെ പിന്തുണച്ച് കത്തയച്ചത് വിഎസ് തന്നെ വ്യക്തമാക്കട്ടെയെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.