മലമ്പുഴ അണക്കെട്ടും ജലസംഭരണ മേഖലയും ബലപ്പെടുത്തല്‍ പുരോഗമിക്കുന്നു

Posted on: February 7, 2014 4:59 pm | Last updated: February 7, 2014 at 4:59 pm

malampuzhaപാലക്കാട്: മലമ്പുഴ അണക്കെട്ടും ജലസംഭരണ മേഖലയും സംരക്ഷിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഡ്രിപ് (ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട്) പദ്ധതിക്ക് കീഴിലാണ് അണക്കെട്ടിന്റെ ബലം ഉറപ്പാക്കല്‍ ഉള്‍പ്പടെയുള്ളവ പുരോഗമിക്കുന്നത്.
8.15 കോടിയുടേതാണ് പദ്ധതി. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളെയും ഡ്രിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മലമ്പുഴയിലാണ് പ്രവര്‍ത്തനം ആദ്യം ആരംഭിച്ചത്.—പദ്ധതിയുടെ ഭാഗമായി അണക്കെട്ടിന്റെയും ബന്ധപ്പെട്ട മേഖലകളുടെയും സര്‍വേ നടത്തും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജലസേചനവകുപ്പിനാണ് പദ്ധതിനടത്തിപ്പിന്റെ പൂര്‍ണ ചുമതലയെങ്കിലും കേന്ദ്ര സര്‍വേ വകുപ്പാണ് സര്‍വേ നടത്തുന്നത്.
സര്‍വേ സംബന്ധിച്ച റിപ്പോര്‍ട്ട് ജലസേചന വകുപ്പുവഴി കേന്ദ്രത്തിനയക്കും. ഇതില്‍ തുടര്‍നടപടി പിന്നീടുണ്ടാകും. സിവില്‍ വിഭാഗത്തിന് 6.9 കോടി, മെക്കാനിക്കല്‍ വിഭാഗത്തിനും ഇലക്ട്രിക്കല്‍ വിഭാഗത്തിനും 59 ലക്ഷംവീതം എന്നിങ്ങനെയാണ് പദ്ധതിത്തുക വകയിരുത്തിയിരിക്കുന്നത്. അണക്കെട്ട് പരിധിയിലെ മന്ദിര നിര്‍മാണം, അണക്കെട്ട് സംരക്ഷണം, അണക്കെട്ടിന് ഭാവിയിലുണ്ടായേക്കാകുന്ന ചോര്‍ച്ച തടയല്‍ എന്നിവയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍. ചോര്‍ച്ച തടയല്‍ ഉറപ്പാക്കുന്ന ഗണേറ്റിംഗ്് പണി പുരോഗമിക്കുന്നു. അണക്കെട്ടിന്റെ ഉള്‍ഭാഗത്ത് കമ്പിവലയടിച്ച് സിമന്റ് മിശ്രണം അതീവശക്തിയില്‍ ചീറ്റിച്ച് പിടിപ്പിക്കുന്നതാണ് ഗണേറ്റിംഗ.്