എടാംപറമ്പ് പദ്ധതിയില്‍ ജല വിതരണത്തിന് പുതിയ മോട്ടോറുകള്‍ സ്ഥാപിക്കുന്നു

Posted on: February 7, 2014 6:57 am | Last updated: February 7, 2014 at 4:57 pm

വടക്കഞ്ചേരി: ആലത്തൂര്‍ പഞ്ചായത്ത് പ്രദേശത്തില്‍ മുഴുവന്‍ ജലവിതരണം നടത്തുന്ന ഗായത്രി പുഴ എടാംപറമ്പ് പദ്ധതിയില്‍ ജല വിതരണം കാര്യക്ഷമമാക്കാന്‍ പുതിയ മോട്ടോര്‍ സ്ഥാപിക്കും. പത്ത് ലക്ഷം രൂപ വകയിരുത്തി 50 എച്ച് പി മോട്ടോറാണ് സ്ഥാപിക്കുന്നത്.
പ്ലാന്‍ ഫണ്ടില്‍ തുക നീക്കിവച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ വേനലിന്റെ രൂക്ഷത ആരംഭിക്കുന്നതിനു മുമ്പ് മോട്ടോര്‍ സ്ഥാപിക്കും. നിലവില്‍ 60.—50, 30 എച്ച് പി മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്തിരുന്നത്.—60 എച്ച് പി മോട്ടോര്‍ തകരാറിലായിട്ട് വര്‍ഷങ്ങളായി. 50 എച്ച് പി മോട്ടോറിന്റെ പ്രവര്‍ത്തനം ഇടക്കിടെ നിലക്കാറുണ്ട്.
വാട്ടര്‍ അതോറിറ്റി ജലപദ്ധതിയുടെ ചുമതല പഞ്ചായത്തിന് ഏല്‍പിച്ച കാലയളവിലുള്ള മോട്ടോറുകള്‍ കാലപ്പഴക്കം കൊണ്ട് ജീര്‍ണാവസ്ഥയിലാണ്.— അറ്റകുറ്റപ്പണികള്‍ നടത്തി സ്ഥാപിച്ചു കഴിഞ്ഞാല്‍ ഏതാനും ദിവസം കഴിയുമ്പോള്‍ വീണ്ടും തകരാറിലാകുകയാണ് പതിവ്. അറ്റ വേനലില്‍ ഇതുമൂലം കടുത്ത പ്രതിസന്ധി ഉണ്ടാകാറുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ മോട്ടോര്‍ സ്ഥാപിക്കാന്‍ നീക്കം.