Connect with us

Gulf

75 ശതമാനം തസ്തികകളും സ്വദേശിവത്കരിക്കാന്‍ നടപടി

Published

|

Last Updated

മസ്‌കത്ത്: സ്വദേശി വത്കരണത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. വിദേശികളുടെ എണ്ണം കുറക്കല്‍, സ്വദേശികളുടെ തൊഴില്‍ മേഖല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുമുള്ള സെമിനാറില്‍ സര്‍ക്കാര്‍ പ്രതിനിധികളും വിദഗ്ധരും പങ്കെടുത്തു. വിദേശികളുടെ സാന്നിധ്യം 44 ശതമാനത്തില്‍ നിന്നും 33 ശതമാനമാക്കി കുറക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സെമിനാറില്‍ അവതരിപ്പിച്ചു. രാജ്യത്ത് നടപ്പിലാക്കി വരുന്ന സ്വദേശി വത്കരണത്തിന്റെ പുരോഗതിയും സെമിനാര്‍ വിലയിരുത്തി.
നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പുതിയ കണക്കുകള്‍ പ്രകാരം 1.74 ദശലക്ഷം വിദേശികളാണ് രാജ്യത്ത് തൊഴിലെടുക്കുന്നത്. മൊത്തം ജനസംഖ്യയുടെ 44 ശതമാനമാണിതെന്ന് ആഭ്യന്തര കാര്യ വിദഗ്ധന്‍ ഡോ. അബ്ദുല്ല അല്‍ ഗീലാനി പറഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നത് വിദേശികളാണ്. 37,000 ഉയര്‍ന്ന തസ്തികകളിലാണ് വിദേശികളുള്ളത്. ഇതില്‍ കൂടുതലും മാനേജര്‍, ജനറല്‍ മാനേജര്‍ തസ്തികകളിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. വിദേശികളുടെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി റോയല്‍ ഒമാന്‍ പോലീസ് ഇന്റലിജന്‍സ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മുഹ്‌സിന്‍ അവാദ് അല്‍ മുഖദ്ദം പറഞ്ഞു. 2001 മുതല്‍ 2012 വരെ 37 ശതമാനം വര്‍ധനവാണ് വിദേശികള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഉണ്ടായത്.
“വിഷന്‍ 2020” പദ്ധതിയില്‍ സ്വദേശികളെ കൂടുതല്‍ മേഖലകളില്‍ ജോലിയില്‍ പ്രവേശിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഹ്യൂമന്‍ റിസോഴ്‌സ് കമ്മിറ്റ് ചെയര്‍മാന്‍ സഊദ് അല്‍ ഹബ്‌സി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്വദശിവത്കരണം 75 ശതമാനമാക്കി ഉയര്‍ത്തും. നിലവില്‍ 14 ശതമാനം സ്വദശിവത്കരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിദേശികള്‍ക്ക് അനുവദിച്ച തൊഴില്‍ വിസയുടെ എണ്ണം 118,000 ആണെന്ന് മാനവ വിഭവ മന്ത്രാലയം പ്ലാനിംഗ് ആന്‍ഡ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സാലിം നസീര്‍ അല്‍ ഹദ്‌റമി വ്യക്തമാക്കി. വലിയ കമ്പനികള്‍ക്ക് മാത്രമാണ് കൂടുതല്‍ വിസ അനുവദിച്ചിട്ടുള്ളതെന്ന് എന്‍ സി എസ് ഐ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഹബീബ് ജാഫര്‍ അസീസ് അല്‍ ലവാതി പറഞ്ഞു.

Latest