Connect with us

Malappuram

ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല; വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുമായി അധികൃതര്‍ മുന്നോട്ട്

Published

|

Last Updated

അരീക്കോട്: ജനവാസ കേന്ദ്രങ്ങളിലൂടെ കൊച്ചി മംഗലാപുരം വാതകപൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഇരകള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. ഭൂമിയുടെ ഉപയോഗാവകാശം ഏറ്റെടുക്കല്‍ നടപടിയുമായി ഗെയ്ല്‍ അധികൃതര്‍ മുന്നോട്ട്.
ഏറ്റെടുക്കല്‍ പ്രക്രിയയുടെ അവസാനഘട്ട നടപടിയുടെ ഭാഗമായി ഈ മാസം 11 നും 12 നും മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇരകളുടെ ഹിയറിംഗ് നടക്കും. ഇതു സംബന്ധിച്ച് ഡെപ്യൂട്ടി കലക്ടര്‍ ഇരകള്‍ക്ക് നോട്ടീസയച്ചു. അഞ്ചു മാസം മുമ്പ് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയാണ് ഇരകള്‍ക്ക് ഉറപ്പു നല്‍കിയത്.
ജനങ്ങളുമായി ഏറ്റുമുട്ടി ജനവാസ കേന്ദ്രത്തിലൂടെ വാതകപൈപ്പ്‌ലൈന്‍ സ്ഥാപിക്കില്ലെന്നായിരുന്നു മന്ത്രി നല്‍കിയ ഉറപ്പ് എംഎല്‍എമാരായ പികെ ബഷീര്‍, എം ഉമ്മര്‍, ഉബൈദുല്ല, സി മോയിന്‍കുട്ടി, ജില്ലാ കലക്ടര്‍, ഗെയ്ല്‍ അധികൃതര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
1962 ലെ പെട്രാളിയം ആന്റ് മിനറല്‍ പൈപ്പ്‌ലൈന്‍ ആക്ട് പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ ഗെയ്ല്‍ അധികൃതര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്. എന്നാല്‍ ജനവാസ മേഖലയിലൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന് ഇതേ ആക്ടില്‍ തന്നെ പറയുന്നുണ്ടെന്നും ഇക്കാര്യം മറച്ചുവെച്ചാണ് ഗെയ്ല്‍ അധികൃതര്‍ മുന്നോട്ട് പോകുന്നതെന്നുമാണ് ഇരകളുടെ ആക്ഷേപം.
കൊച്ചി കായംകുളം മാതൃകയില്‍ മംഗലാപുരത്തേക്കും കടല്‍ മാര്‍ഗ്ഗം പൈപ്പ് ലൈന്‍ സ്ഥാപിക്കാമെന്നിരിക്കെ ജനവാസ മേഖലയിലൂടെ തന്നെ കൊണ്ടുപോകണമെന്നത് ഗെയ്ല്‍ അധികൃതരുടെ ലാഭക്കൊതി ഒന്നുകൊണ്ടു മത്രമാണെന്നും ഇരകള്‍ കുറ്റപ്പെടുത്തുന്നു.

Latest