Connect with us

Articles

സമന്വയ വിദ്യാഭ്യാസ പദ്ധതി ഉത്ഭവവും വളര്‍ച്ചയും

Published

|

Last Updated

കേരളത്തിന്റെ പൂര്‍വചരിത്രം ചിന്തിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധേയമാണ്. മലബാര്‍ കലാപം അല്ലെങ്കില്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന് ശേഷം മുസ്‌ലിംകള്‍ ശാന്തരായി ജീവിച്ചുകൊണ്ടിരുന്നു. മാലിക്ക് ദീനാര്‍ (റ) വിന്റെ നേതൃത്വത്തിലുള്ള സാര്‍ഥവാഹക സംഘത്തിന്റെ തുടര്‍ച്ചയായി പള്ളികളില്‍ കൂടി മതപഠനവും മതനേതൃത്വവും നല്‍കിവന്ന പാരമ്പര്യമാണ് കേരളത്തിനുണ്ടായത്. മതകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും ഭൗതിക വിജ്ഞാന മേഖലയില്‍ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല. അല്‍പ്പം ചിലര്‍ സ്‌കൂള്‍ വിദ്യാഭ്യാസം കരസ്ഥമാക്കാറുണ്ടെങ്കിലും വ്യാപകമായി അക്കാര്യത്തില്‍ ശ്രദ്ധ ഉണ്ടായിരുന്നില്ല. ഓത്തുപള്ളികളില്‍ വെച്ചും പണ്ഡിതന്മാരുടെ വീടുകളില്‍ വെച്ചും ഖുര്‍ആനും അത്യാവശ്യ മതകാര്യങ്ങളും പഠിച്ചുവരികയും അല്‍പ്പം കഴിവുള്ളവര്‍ ദര്‍സ് വിദ്യാഭ്യാസത്തില്‍ ഉയരുകയും ചെയ്യും. അല്‍പ്പസ്വല്‍പ്പമെങ്കിലും ചിലര്‍ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചവരുണ്ടായിരുന്നു. ഉദാഹരണത്തിന് എന്റെ അമ്മാവന്മാരില്‍ നിന്ന് നാല് പേര്‍ പള്ളിദര്‍സില്‍ പോയി ആലിമായപ്പോള്‍ ഒരാള്‍ സ്‌കൂള്‍ മാസ്റ്ററും മറ്റൊരാള്‍ വ്യാപാരിയുമായിരുന്നു.
ബ്രിട്ടീഷ് ഭരണം അവസാനിച്ച് ഇന്ത്യ സ്വാതന്ത്രമായപ്പോള്‍ മറ്റ് മതസ്ഥരോടൊപ്പം ആവശ്യമാകുന്ന ഉന്നത ഭൗതിക വിദ്യാഭ്യാസം കരസ്ഥമാക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായി. അതേസമയത്ത് മതപഠനരംഗം മേല്‍പ്പറഞ്ഞ രീതിയില്‍ തുടരുകയും ചെയ്തു. സ്‌കൂളുകളില്‍ ഭൗതിക വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികള്‍ക്ക് മതപഠനം പ്രത്യേകമായി കരസ്ഥമാക്കാന്‍ സംഘടിതമോ സാമൂഹികമോ ആയ ഒരവസ്ഥ ഉണ്ടായില്ല. അങ്ങനെയാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ദീനിവിദ്യാഭ്യാസം കരസ്ഥമാക്കി രണ്ട് മേഖലയും പര്യാപ്തമാക്കാന്‍ 1951ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിക്കുന്നത്. രണ്ട് വിദ്യാഭ്യാസവും സമന്വയിപ്പിക്കുന്ന പ്രഥമ പദ്ധതിയായിരുന്നു ഇത്. അതുവഴി സാധാരണക്കാര്‍ക്ക് ഒരു വിധത്തില്‍ രണ്ട് മേഖലയിലും പുരോഗമിക്കാന്‍ സാധിച്ചെങ്കിലും സമ്പന്നന്മാരുടെ മക്കള്‍ മതവിദ്യാഭ്യാസത്തെ പരിഗണിക്കാതെ ഭൗതിക വിദ്യാഭ്യാസത്തില്‍ മാത്രം മുന്നേറുകയായിരുന്നു. അതിന്റെ ഫലമെന്നോണം അറുപതുകള്‍ക്ക് ശേഷം മെഡിസിനിലും എന്‍ജിനീയറിംഗിലും ഉന്നത ബിരുദം കരസ്ഥമാക്കിയ ശേഷം ദീന്‍ എന്താണെന്നറിയാത്ത ഒരു വിഭാഗത്തെയാണ് ദൃശ്യമായത്. അവര്‍ക്ക് ഭൗതിക വിജ്ഞാനത്തോടൊപ്പം ഓറിയന്റലിസ്റ്റുകള്‍ ഇസ്‌ലാമിന് കളങ്കം വരുത്താന്‍ ഉണ്ടാക്കിയ പുസ്തകങ്ങള്‍ വായിച്ച അറിവ് മാത്രമായിരുന്നു ഉണ്ടായത്. ഇങ്ങനെ അവര്‍ മോഡേണിസ്റ്റ് സംഘവും എം ഇ എസ് സംഘടനകളും ഉണ്ടാക്കി പ്രചരണത്തില്‍ ഏര്‍പ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ ഹ: ഉസ്മാന്‍ (റ) വിന്റെ രചനയാണെന്നു പോലും എഴുതാനും പ്രസംഗിക്കാനും അവര്‍ ധൈര്യപ്പെട്ടു. ഈ നിലക്ക് മുന്നോട്ട് പോയാല്‍ സമുദായത്തിന്റെ ഭാവി അപകടത്തിലാണെന്ന് കണക്കിലെടുത്ത് കഴിവുള്ളവരുടെ മക്കളെ മത ഭൗതിക സമന്വയത്തില്‍ കൂടി വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന ബോര്‍ഡിംഗ് മദ്‌റസകള്‍ ഉണ്ടാക്കണമെന്ന ചിന്താഗതി സമസ്തയുടെ രംഗത്ത് ചര്‍ച്ച ചെയ്തു പ്രാവര്‍ത്തികമാക്കാന്‍ തയ്യാറെടുത്തു.
ആദ്യമായി ജാമിഅ നൂരിയ്യയില്‍ സ്ഥാപിക്കാന്‍ ലക്ഷ്യംവെച്ച് ആരംഭിച്ചെങ്കിലും അത് വിജയിച്ചില്ല. അങ്ങനെയാണ് അതിന് സ്വതന്ത്രമായി കെട്ടിടവും സ്ഥാപനവുമുണ്ടാക്കാന്‍ സമസ്ത തീരുമാനിച്ചത്. മാന്നാര്‍ അബ്ദുല്‍ ഖാദിര്‍ ഹാജി ചേളാരിയില്‍ അതിന് സ്ഥലം വാങ്ങി അവിടെ വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഞങ്ങളെല്ലാം ഉത്സാഹിച്ച് കെട്ടിടം നിര്‍മിക്കുകയും അതിന്റെ ഉദ്ഘാടനവും അതില്‍ വെച്ച് നടത്തുന്ന ബോര്‍ഡിംഗ് മദ്‌റസയുടെ ഉദ്ഘാടനവും 1970ല്‍ നടക്കുകയും ചെയ്തു. ആ ബോര്‍ഡിംഗിന്റെ പ്രഥമ മാനേജര്‍ എന്റെ സുഹൃത്ത് തൃക്കരിപ്പൂരിലെ എം ടി മമ്മൂട്ടി മാസ്റ്ററായിരുന്നു. അദ്ദേഹം പിന്നീട് വേങ്ങാട് ഖാദിരിയ്യ ബോര്‍ഡിംഗ് മദ്‌റസയിലും കാഞ്ഞങ്ങാട് സമര്‍ഖന്തിയയിലും അവസാനം പടന്ന റഹ്മാനിയ്യ ബോര്‍ഡിംഗ് മദ്‌റസയിലും മാനേജര്‍ സേവനം അനുഷ്ഠിച്ച് പരലോകം പ്രാപിച്ചു. ചേളാരി കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് ചേര്‍ന്ന മുശാവറയിലാണ് അതിന്റെ ജില്ലാ താലൂക്ക് ഘടകങ്ങള്‍ രൂപവത്കരിക്കാന്‍ തീരുമാനമായത്. അതനുസരിച്ച് അവിടെ വെച്ചു തന്നെ കണ്ണൂര്‍ ജില്ലാ ശാഖക്കു രൂപം നല്‍കുകയും അവിഭക്ത കണ്ണൂര്‍ ജില്ലാ മുശാവറയുടെ പ്രഥമ പ്രസിഡന്റായി സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബുഖാരിയെയും സെക്രട്ടറിയായി എന്നെയും നിയമിക്കുകയും ചെയ്തു. അതിന്റെ പ്രഥമ സമ്മേളനം 1974ല്‍ കാഞ്ഞങ്ങാട് വെച്ച് നടന്നു.
പ്രസ്തുത സമ്മേളനത്തില്‍ പ്രധാനമായി രണ്ട് പദ്ധതികളാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഒന്ന്, ഉയര്‍ന്ന മതപഠനത്തിലേര്‍പ്പെടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് ഏര്‍പ്പാട് ചെയ്യുക. രണ്ട്, ജില്ലയില്‍ മതഭൗതിക സമന്വയ വിദ്യാഭ്യാസം നല്‍കുന്ന ഒരു സ്ഥാപനം ഉണ്ടാക്കുക. അന്ന് കണ്ണൂര്‍ ജില്ലക്കാരനായ കെ പി ഉസ്മാന്‍ സാഹിബ് ഞങ്ങളുടെ കൂടെ പ്രവര്‍ത്തന മേഖലയില്‍ ഉണ്ടായിരുന്നു. അന്ന് പ്രധാനമായി മദ്‌റസ വിദ്യാഭ്യാസം ഉയര്‍ന്ന നിലക്ക് പഠിപ്പിക്കുന്ന തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയെയും തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം തുടങ്ങിയ സ്ഥാപനങ്ങളെയും ഞങ്ങള്‍ സമീപിച്ചിരുന്നെങ്കിലും അവരൊന്നും പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായില്ല. അങ്ങനെയാണ് കേരളത്തിലെ രണ്ടാമത്തെ ബോര്‍ഡിംഗ് മദ്‌റസ ഉസ്മാന്‍ സാഹിബിന്റെ നാടായ വേങ്ങാട്ടില്‍ തുടങ്ങിയത്. തുടര്‍ന്ന് കാഞ്ഞങ്ങാട് കല്ലട്ര അബ്ദുല്‍ഖാദിര്‍ ഹാജിയുടെ നൂര്‍ മഹല്ല് എന്ന കെട്ടിടത്തില്‍ സമര്‍ഖന്തിയ്യ ബോര്‍ഡിംഗ് മദ്‌റസ എന്ന പേരില്‍ നടന്നുവന്നു. അതോടെയാണ് അബ്ദുല്‍ഖാദിര്‍ ഹാജിയുമായി ഞങ്ങള്‍ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ജില്ലാ കമ്മിറ്റി സ്വതന്ത്രമായി ഒരു സ്ഥാപനം ഉണ്ടാക്കി. മതഭൗതിക സമന്വയ മേഖലയാക്കാനുള്ള സ്ഥലം അന്വേഷിച്ചുകൊണ്ട് മമ്മാക്കുന്ന്, കണ്ണൂര്‍, തളിപ്പറമ്പ്, കാസര്‍കോട്, ചേരൂര്‍ തുടങ്ങിയ സ്ഥലങ്ങളുമായി ഞങ്ങള്‍ ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തു. കെട്ടിടത്തിനാവശ്യമായ സംഖ്യ ഉണ്ടാക്കാന്‍ ജില്ലാ മുശാവറ വൈസ് പ്രസിഡന്റുമാരായ മര്‍ഹൂം പി എ അബ്ദുല്ല മുസ്‌ലിയാര്‍, കൊയ്യോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവരെ യു എ ഇയിലേക്ക് അയക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ മേല്‍പ്പറഞ്ഞ അബ്ദുല്‍ഖാദിര്‍ ഹാജിയുടെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെയാണ് അദ്ദേഹം 1971 മുതല്‍ തന്റെ വീട്ടില്‍ വെച്ച് സ്വന്തം ചെലവില്‍ സ്വതന്ത്രമായി നടത്തിവന്ന സഅദിയ്യ അറബി കോളജ് എന്ന പേരിലുള്ള ദര്‍സും കാഞ്ഞങ്ങാട് നടന്ന ബോര്‍ഡിംഗ് മദ്‌റസയും സമന്വയിപ്പിച്ചുകൊണ്ട് ജാമിഅ സഅദിയ്യ അറബിയ്യ എന്ന പേരില്‍ സ്ഥാപനം തുടങ്ങിയത്. അദ്ദേഹത്തിന്റെ നിര്‍ബന്ധ അപേക്ഷ മാനിച്ചുകൊണ്ട് ജില്ലാ മുശാവറ ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും ആ സമയത്ത് പൂച്ചക്കാട് മുദര്‍രിസായിരുന്ന ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെയും ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ തങ്ങളുടെയും അബ്ദുല്‍ ഖാദിര്‍ ഹാജിയുടെയും ഒഴിഞ്ഞുമാറാന്‍ കഴിയാത്ത സമ്മര്‍ദം കൊണ്ടാണ് അബ്ദുല്‍ ഖാദിര്‍ ഹാജിയില്‍ നിന്ന് അദ്ദേഹം വഖ്ഫ് ചെയ്ത രണ്ടര ഏക്കര്‍ സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും അദ്ദേഹത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്ന രണ്ടര ഏക്കര്‍ തരിശ് ഭൂമിയുടെയും നാളിറായി (മുതവല്ലിയായി) ഞാന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് നീങ്ങിയത്.
ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കമ്മിറ്റിയുടെ ശ്രമഫലമായി 50ല്‍ അധികം ഏക്കര്‍ സ്ഥലവും 30ല്‍ പരം സ്ഥാപനങ്ങളും ഏഴായിരത്തില്‍ പരം വിദ്യാര്‍ഥികളും ഉള്‍ക്കൊള്ളുന്ന സ്ഥാപനത്തിന്റെ പ്രാരംഭ ചരിത്രമാണ് ഈ പറഞ്ഞത്. ഇവിടെ വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തിന്റെയും ജാമിഅ നൂരിയ്യയുടെയും സിലബസ് പ്രകാരമുള്ള അറബിക് കോളജും ഗവണ്‍മെന്റ് അംഗീകൃത ഭൗതിക കോഴ്‌സുകളും ബിരുദാനന്തര കോഴ്‌സുകളും നടത്തിവരുന്നു. അതിന്റെ സിലബസില്‍ ആര്‍ക്കെങ്കിലും പ്രത്യേകമായ അവകാശമോ സ്ഥാപിത താത്പര്യമോ ഉണ്ടായിരുന്നില്ലെന്ന് സാന്ദര്‍ഭികമായി അനുസ്മരിക്കുന്നു. സാന്ദര്‍ഭികമായി ഒരു കാര്യം കൂടി സ്മരിക്കുന്നു. 1974ല്‍ ഈയുള്ളവന്‍ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാമിന്റെ സാരഥ്യം ഏറ്റെടുത്തതോടെ ഇത് അറബിക് കോളജായി ഉയര്‍ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിക്കുകയും സര്‍ സയ്യിദില്‍ നിന്ന് എം എ ബിരുദത്തോടെ മുഖ്തസര്‍ കോഴ്‌സ് ആരംഭിക്കുകയും ചെയ്തിരുന്നു. അതിന്റെ സന്തതികളായിരുന്നു കടമേരി അബ്ദുല്ല, മുഴപ്പാല അബ്ദുല്‍ ഖാദിര്‍, പാപ്പിനിശ്ശേരി കോയമ്മ തങ്ങള്‍, ഇന്ന് സഅദിയ്യ ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പലായ സഈദ് തുടങ്ങിയവര്‍. നിര്‍ഭാഗ്യവശാല്‍ അത് പൂര്‍ത്തിയാക്കി സനദ് നല്‍കാന്‍ സാധിക്കാതെയാണ് വന്നത്. ഏതാണ്ട് ഇന്ന് നാം നടപ്പിലാക്കുന്ന ദഅ്‌വാ കോളജുകള്‍ പ്രസ്തുത പദ്ധതിയുമായി കടപ്പെട്ടതായിരുന്നു എന്ന് സ്മരിക്കാവുന്നതാണ്.
ഇന്ന് മതഭൗതിക രംഗത്ത് നഴ്‌സറി മുതല്‍ ഉന്നത ബിരുദമുള്ള തൊഴില്‍ ഉള്‍ക്കൊള്ളുന്ന സ്ഥാപനങ്ങള്‍ സമ്മിശ്രമായി സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രഥമ മാതൃകാ സ്ഥാപനമായി അല്ലാഹു സഅദിയ്യയെ വളര്‍ത്തിയിരിക്കുന്നു. അതേ ലക്ഷ്യത്തോടെ എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ കാരന്തൂരില്‍ സ്ഥാപിച്ച മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയും ആഗോളപ്രശസ്തമായി വളരുന്നു. മറ്റു ജില്ലകളിലും മാതൃകാ സ്ഥാപനങ്ങള്‍ നടന്നുവരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ മേല്‍ രണ്ട് സ്ഥാപനങ്ങളെയും ആശ്രയിക്കുന്നു. ഈ രണ്ട് സ്ഥാപനങ്ങളില്‍ നിന്നും ഉന്നത ബിരുദം നേടിയ പണ്ഡിതന്മാര്‍ യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ മിക്ക രാഷ്ട്രങ്ങളിലും ദീനീ പ്രചാരണത്തിലും ഔദ്യോഗിക ജീവിതത്തിലും ഇടപെടുന്നത് പുളകത്തോടുകൂടിയല്ലാതെ രേഖപ്പെടുത്താന്‍ സാധിക്കുകയില്ല. സമന്വയ വിദ്യാഭ്യാസത്തിന്റെ ആരംഭത്തിന്റെയും വളര്‍ച്ചയുടെയും ഒരു ചെറിയ വിവരണം ഈ കുറിപ്പിലൂടെ വായനക്കാര്‍ ഗ്രഹിക്കുമെന്ന് ആശ്വസിക്കുന്നു.