പൊന്നാനി കോള്‍ വികസന പ്രവൃത്തികള്‍ വേഗത്തിലാക്കും

Posted on: February 5, 2014 7:57 am | Last updated: February 5, 2014 at 7:57 am

മലപ്പുറം: പൊന്നാനി കോള്‍ വികസനവുമായി ബന്ധപ്പെട്ട എല്ലാവിധ തടസ്സങ്ങളും നീക്കി പ്രവൃത്തികള്‍ ത്വരിതഗതിയില്‍ നീക്കാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി ഇ ടി മുഹമ്മദ് ബഷീര്‍ എം പി അറിയിച്ചു.
പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ആര്‍ ഐ ഡി എഫില്‍ നിന്ന് 123.52 കോടി രൂപയാണ് അനുവദിച്ച് കിട്ടിയിട്ടുള്ളത്. ഈ തുകക്ക് 50 വര്‍ക്കുകളാണ് ടെണ്ടര്‍ ചെയ്തിട്ടുള്ളത്. ടെണ്ടര്‍ ചെയ്ത 50 വര്‍ക്കുകളില്‍ 44 എണ്ണം എഗ്രിമെന്റ് വെച്ചതായും യോഗം വ്യക്തമാക്കി. ബണ്ട് നിര്‍മാണത്തിനുള്ള മണ്ണ് ലഭിക്കുന്നതിള്ള സാങ്കേതിക തടസങ്ങളാണ് ആ ഈ യോഗത്തോടെ നീക്കാനായത്. പ്രവൃത്തികളുടെ നിര്‍മാണത്തിന് വേണ്ടി സുതാര്യവും സമയബന്ധതിവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കി.
പദ്ധതി പ്രദേശങ്ങളിലേക്ക് മണ്ണ് കൊണ്ട് പോകുന്ന ലോറികള്‍ക്ക് പ്രത്യേക അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. കോള്‍ കൃഷിയുടെ പേരില്‍ മണ്ണിന്റെ ദരുപയോഗം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ആര്‍ കെ വി വൈ പദ്ധതി പ്രകാരമുള്ള പെട്ടിപ്പറ നവീകരണം, ആധുനിക രീതിയിലുള്ള ജൈവ കൃഷി വ്യാപനം തുടങ്ങിയ പ്രവര്‍ത്തികളുടെ എല്ലാനടപടികളും പൂര്‍ത്തീകരുച്ച് അവസാനഘട്ടത്തിലാണുള്ളത്. ആര്‍ ഐ ഡി എഫ്, ആര്‍ കെ വി വൈ പദ്ധതികള്‍ക്ക് തുടര്‍ന്നും സഹായം നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാണ്. അതിന് വേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ഉടന്‍ യോഗം ചോരും.
പൊന്നാനി കോള്‍ കൃഷി മേഖലയില്‍ സമൂല മാറ്റം ഉണ്ടാക്കുന്ന ഈ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഈമാസം അവസാനം നടക്കുമെന്നും എം പി അറിയിച്ചു. യോഗത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍, സഹകരണ മന്ത്രി ബാലകൃഷ്ണന്‍, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ റെവന്യു – റവന്യു കാര്‍ഷിക ഉന്നത ഉദ്യേഗസ്ഥര്‍ പങ്കെടുത്തു.