കാരശ്ശേരി, മുക്കം സഹകരണ ബേങ്കുകള്‍ നേര്‍ക്കുനേര്‍

Posted on: February 5, 2014 7:53 am | Last updated: February 5, 2014 at 7:53 am

മുക്കം: യു ഡി എഫ് ഭരിക്കുന്ന കാരശ്ശേരി സര്‍വീസ് സഹകരണ ബേങ്കിനെതിരെ രൂക്ഷമായ ആരോപണവുമായി യു ഡി എഫ് തന്നെ ഭരിക്കുന്ന മുക്കം സര്‍വീസ് സഹകരണ ബേങ്ക് ഭരണ സമിതി രംഗത്ത്. മുക്കം ബേങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ കാരശ്ശേരി ബേങ്ക് പണമിടപാട് നടത്തുന്നതിനെ എതിരെയാണ് ഭരണ സമിതി രംഗത്ത് വന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവ് നല്‍കിയിട്ടും ഇത് പാലിക്കാതെ മുക്കം ബേങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ പണമിടപാട് നടത്തുന്നതായി ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കോടതി നിര്‍ദേശപ്രകാരം ജോയിന്റ് രജിസ്ട്രാര്‍ മൂന്ന് തവണ രണ്ട് ബേങ്ക് അധികൃതരുടെയും സാന്നിധ്യത്തില്‍ സിറ്റിംഗ് നടത്തിയതാണ്. മുക്കം ബേങ്കിന്റെ പരിധിയില്‍ കാര്‍ഷിക വിപണന കേന്ദ്രം നടത്തുന്നതിനാണ് കാരശ്ശേരി ബേങ്കിന് അനുമതിയുള്ളത്. എന്നാല്‍ ഇതിന് വിപരീതമായി വലിയ തോതില്‍ പണമിടപാട് നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള ബിസിനസ് ക്യാന്‍വാസ് തുടരുന്നത് എല്ലാ മാനദണ്ഡങ്ങളും മറി കടന്നാണെന്നും മുക്കം ബേങ്ക് അധികൃതര്‍ ആരോപിച്ചു. ഇനിയും തല്‍സ്ഥിതി തുടരാനാണ് തീരുമാനമെങ്കില്‍ നിയമ നടപടിക്കൊപ്പം അടുത്ത ആഴ്ച മുക്കം സര്‍വീസ് സഹകരണ ബേങ്ക് ഡയറക്ടര്‍മാര്‍ കാരശ്ശേരി സര്‍വീസ് സഹകരണ ബേങ്കിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും അവര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ബേങ്ക് പ്രസിഡന്റ് എന്‍ അപ്പുക്കുട്ടന്‍, ബി പി റശീദ്, ദാമോദരന്‍ കോഴഞ്ചേരി, എ എം അബ്ദുല്ല, അറുമുഖന്‍, എം കെ യാസര്‍, ഒ കെ ബൈജു പങ്കെടുത്തു.