സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 87 അനാഥാലയങ്ങള്‍

Posted on: February 5, 2014 12:42 am | Last updated: February 4, 2014 at 9:42 pm

കാസര്‍കോട്: അംഗീകാരമുള്ള 1107 അനാഥമന്ദിരങ്ങളും അംഗീകാരമില്ലാത്ത 87 അനാഥാലയങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി മനുഷ്യാവകാശ കമ്മിഷന്‍ ചീഫ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ ഡി ഐ ജി. എസ് ശ്രീജിത്ത് പറഞ്ഞു. അനാഥമന്ദിരങ്ങളിലെ കുട്ടികളെ കാണാതാകുന്നതും ലൈംഗിക ചൂഷണം നടക്കുന്നതുമായി ബന്ധപ്പെട്ട് 66 കേസുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 95 ശതമാനം അനാഥാലയങ്ങളും നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അനാഥാലയങ്ങളുടെ കൃത്യമായി വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് മനുഷ്യാവകാശ കമ്മിഷന്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ഓര്‍ഫനേജ് നടത്തിപ്പുകാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യാവലിയുമായി ബന്ധപ്പെട്ട് ഓര്‍ഫനേജ് നടത്തിപ്പുകാര്‍ക്കുള്ള പരാതികള്‍ക്കും സംശയങ്ങള്‍ക്കും ഡി ജി പി മറുപടി നല്‍കി.
രജിസ്റ്റര്‍ ചെയ്യാത്ത ഓര്‍ഫനേജുകളുടെ വിവരം ശേഖരിക്കുവാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനുമാണ് മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് കമ്മിഷന്‍ പരിശോധിക്കുന്നത്. ഈമാസം 20നകം ചോദ്യാവലി പൂരിപ്പിച്ച് വിവരങ്ങള്‍ നല്‍കാനാണ് ഓര്‍ഫനേജുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ ഡി എം. എച്ച് ദിനേശന്‍, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്്, സി ഡബ്ല്യു സി എ മെമ്പര്‍ ഫൗസിയ ഷംനാസ്, വനിതാ സംരക്ഷണ ഓഫീസര്‍ പി സുലജ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ജയകുമാര്‍, ചൈല്‍ഡ്‌ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ നിധീഷ് ജോര്‍ജ്ജ് പങ്കെടുത്തു.