തൊഴിലുറപ്പ് പദ്ധതി കുടിശ്ശിക ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും

Posted on: February 5, 2014 12:39 am | Last updated: February 4, 2014 at 9:39 pm

കാസര്‍കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് കുടിശ്ശികയുള്ള തുക അടിയന്തിരമായി ലഭ്യമാക്കുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കേന്ദ്രാവിഷ്‌കൃത ഗ്രാമ വികസന പദ്ധതികളുടെ അവലോകനത്തിനുള്ള വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു. രണ്ടാഴ്ചത്തെ പ്രതിഫലമാണ് തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. ഭാഷാ സുരക്ഷ ഉറപ്പാക്കുന്നതിനും വയലുകള്‍ തരിശിടാതിരിക്കാനുമായി നടീല്‍, കളപറിക്കല്‍ ഉള്‍പ്പെടെ നെല്‍കൃഷിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പി കരുണാകരന്‍ എം പി അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ മിനിമം കൂലിയും തൊഴില്‍ദിനവും കൂട്ടണമെന്ന് ജനപ്രതിനിധികള്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ ഇതുവരെ 1,10,580 കുടുംബങ്ങള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരപ്പ ബ്ലോക്കിലും(26399), തൃക്കരിപ്പൂര്‍ പഞ്ചായത്തിലുമാണ്(6140), ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ മൊഗ്രാല്‍പുത്തൂരില്‍ 920 കുടുംബങ്ങളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ജില്ലയില്‍ ആകെ 73,326 തൊഴിലാളികളാണുള്ളത്. പരപ്പ ബ്ലോക്കില്‍ 17684 തൊഴിലാളികളുണ്ട്. മംഗല്‍പ്പാടി പഞ്ചായത്തില്‍ 509 തൊഴിലാളികളാണുള്ളത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 4072.05 ലക്ഷം രൂപ ചെലവഴിച്ചതായി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ അനില്‍ബാബു അറിയിച്ചു.