പട്ടാമ്പി താലൂക്ക് വികസന സമിതിയില്‍ വകുപ്പുകള്‍ക്കെതിരെ വിമര്‍ശം

Posted on: February 4, 2014 8:28 am | Last updated: February 4, 2014 at 8:28 am

പട്ടാമ്പി: താലൂക്കായതിന് ശേഷം ചേര്‍ന്ന രണ്ടാമത്തെ താലൂക്ക് വികസനസമിതിയോഗത്തില്‍ വാട്ടര്‍ അതോറിറ്റിക്കും പൊതുമരമാത്ത് വകുപ്പ് റോഡ് വിഭാഗത്തിനും മോട്ടോര്‍ വാഹന വകുപ്പിനും എതിരെ വിമര്‍ശവും പരാതിയും.
സി പി മുഹമ്മദ് എം എല്‍ എ യുടെ അധ്യക്ഷതയിലാണ് താലൂക്ക് വികസനസമിതിയോഗം ചേര്‍ന്നത്. പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാരടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുക്കേണ്ട യോഗത്തില്‍ ബന്ധപ്പെട്ട പലരും എത്തിയില്ല. ഹാജര്‍ നില പരിശോധിച്ച സി പി മുഹമ്മദ് എം എല്‍ എ വരാത്തവരോടെല്ലാം കാരണ അന്വേഷിക്കണമെന്നും അടുത്ത യോഗത്തില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും തഹസില്‍ദാരോടാവശ്യപ്പെട്ടു.
വാട്ടര്‍ അതോറിറ്റി പഞ്ചായത്ത് നല്‍കുന്ന പരാതികള്‍ക്ക് നടപടികളെടുക്കുന്നില്ലെന്നും നടപടികള്‍ക്ക് കാലതാമസം വരുത്തുന്നതായും ചര്‍ച്ചകളില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാര്‍ പരാതിപ്പെട്ടു. കുടിവെള്ളം പലയിടത്തും എത്താതെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തടയണം, പൊതുടാപ്പുകളില്‍ നിന്നും ഹോസിട്ട് വെള്ളം പിടിക്കുന്നത് തടയണം, വെള്ളം ദുരുപോയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്നും ഇതിനായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ആവശ്യമുയര്‍ന്നു.
ടെന്‍ഡര്‍ ചെയ്ത പല റോഡുകളുടെയും പണി മാസങ്ങള്‍ പിന്നിട്ടിട്ടും തുടങ്ങിയിട്ടില്ല, തുടങ്ങിയ പണി സമയത്തിന് പൂര്‍ത്തികരിക്കുന്നില്ലെന്നും, റോഡ് പണികളില്‍ ആവശ്യത്തിന് ടാറും മെറ്റലും ഉപയോഗിക്കാത്തിനാല്‍ റോഡ് പണിത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ തകരുകയാണ്, ഇക്കര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ പൊതുമാരമത്ത് റോഡ് വിഭാഗം ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാകുവെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മോട്ടേര്‍ വാഹന വകുപ്പ് അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞ് പിഴ ചുമത്തി സാധരാണക്കാരെ വിഷമിമിപ്പിക്കുന്നതായി പരാതി ഉയര്‍ന്നു. ആവശ്യത്തിന് ജോലിയില്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന ജനത്തെ പിഴ ചുമത്തി മോട്ടേര്‍ വാഹനവകുപ്പ് ദ്രോഹിക്കുന്നത് ഒഴിവാക്കണമെന്ന് സി പി മുഹമ്മദ് എം എല്‍ എ യോഗത്തില്‍ ആവശ്യപ്പെട്ടു.
പട്ടാമ്പി പഞ്ചായത്ത് പ്രസിഡന്റ് കെ പി വാപ്പുട്ടി, വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുര്‍റഹിമാന്‍, ഓങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷക്കീല, തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് എം എ സമദ്, മുതുതല പഞ്ചായത്ത് പ്രസിഡന്റ് പി എം ഉഷ, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ്എ റസാക്ക്, കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് കെ പി ധന്യ, പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ വാസുദേവന്‍, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി എം അലി, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എം സാവിത്രി എന്നിവര്‍ ത പഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ ഉന്നയിച്ചു.