നിലമ്പൂരില്‍ ഒന്‍പത് പേരടങ്ങുന്ന സായുധ സംഘത്തെ കണ്ടതായി മൊഴി

Posted on: February 4, 2014 8:25 am | Last updated: February 4, 2014 at 8:25 am

നിലമ്പൂര്‍: സ്ത്രീകളുള്‍പ്പെടെ ആയുധധാരികളായ ഒമ്പതംഗസംഘത്തെ കണ്ടതായി തോട്ടം ഉടമയുടെ വെളിപ്പെടുത്തല്‍. മനുഷ്യന്റെ വെട്ടിയെടുത്ത കൈ കാണിച്ച് നഗരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടതായും മമ്പാട് തോട്ടിന്റക്കരെ കാഞ്ഞിരാല്‍ കുഞ്ഞാലന്‍കുട്ടി പോലീസിന് മൊഴി നല്‍കി.
കുറുവംപുഴയോട് ചേര്‍ന്ന് തന്റെ റബ്ബര്‍തോട്ടത്തില്‍ വെച്ചാണ് ഞായറാഴ്ച പുലര്‍ച്ചെ മുന്നരയോടെ ഇവരെ കണ്ടത്. ടാപ്പിംഗിനിടെ സംഘം തന്നെ സമീപിക്കുകയും റൂബി നഗറിലേക്കുള്ള വഴി അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറുകളോളം വിവിധ കാര്യങ്ങളെ കുറിച്ച് ചോദിച്ചു.
പ്രദേശത്തുള്ള ആദിവാസി കുടുംബങ്ങളെ കുറിച്ചും അവര്‍ക്ക് ലഭിക്കുന്ന കൂലിയെ കുറിച്ചും വനം ക്വാര്‍ട്ടേഴ്‌സും ഡി എഫ്. ഒയുടെ ഓഫീസും സംഘം അന്വേഷിച്ചു. മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങി. പറഞ്ഞ നമ്പര്‍ സത്യമാണോയെന്നറിയാന്‍ ഫോണ്‍ വാങ്ങി പരിശോധന നടത്തി തിരികെ നല്‍കി. ഒമ്പത് അംഗ സംഘത്തിലെ ഒരാള്‍ ബാഗില്‍ നിന്നും വെട്ടിയെടുത്ത മനുഷ്യന്റെ കൈ കാണിച്ച് ഇത് നിലമ്പൂര്‍ ടൗണില്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടതായും ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
മുട്ടിനൊപ്പം വെട്ടിയെടുത്ത കൈയുടെ ഭാഗമാണ് കാണിച്ചത്. വിസമ്മതം അറിയിച്ചതോടെ കൈഭാഗം സംഘത്തിലെ സ്ത്രീ ബാഗിലേക്ക് തന്നെ വെച്ചു. സ്ത്രീകള്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ഒഴികെ മറ്റെല്ലാവരുടെയും കൈയില്‍ ബാഗും തോക്കുകളും ഉണ്ടായിരുന്നു. ഉയരം കൂടിയ ഒരാള്‍ മാത്രമാണ് തന്നോട്ട് സംസാരിച്ചത്.
മലയാളത്തിലാണ് കാര്യങ്ങള്‍ ചോദിച്ചത്. മറ്റുള്ളവര്‍ ഹിന്ദിയും തമിഴും അല്ലാത്ത തനിക്ക് മനസിലാവാത്ത ഭാഷയില്‍ പരസ്പരം സംസാരിച്ചിരുന്നതായി പറയുന്നു. പാന്റ്‌സും ഓവര്‍കോട്ടുകളുമാണ് വേഷം. തിരികെ സമീപം വനത്തിലേക്ക് തന്നെ സംഘം മടങ്ങി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നിലമ്പൂര്‍ പോലീസും വനം വകുപ്പും തണ്ടര്‍ബോള്‍ട്ടിന്റെ സഹായത്തോടെ തോട്ടത്തിലും സമീപം എടവണ്ണ റെയ്ഞ്ച് എടക്കോട് മൈലംക്കുത്ത് വനത്തില്‍ തിരച്ചില്‍ നടത്തി.
എസ് ഐ സുനില്‍ പുളിക്കല്‍, എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. തോട്ടത്തിലെ താല്‍ക്കാലിക ഷെഡില്‍ രാത്രി താമസിച്ചതിന്റെ ലക്ഷണം കണ്ടെത്തി. നാല് ഭാഗവും വനമേഖല ഉള്‍പ്പെട്ട പ്രദേശമാണിത്. സംരക്ഷിത വനമേഖലകളായ പന്തീരായിരം, മുവായിരം വനമേഖലയോട് അതിരിടുന്ന ഭാഗമാണിത്. തമിഴ്‌നാട് അതിര്‍ത്തി വരെ വ്യാപിച്ചു കിടക്കുന്ന വനഭാഗമാണിത്.
പോലീസ് കാണിച്ച മാവോവാദികളുടെ ഫോട്ടോകള്‍ തോട്ടം ഉടമ തിരിച്ചറിഞ്ഞിട്ടില്ല. സഹായം ചോദിച്ച് വിട്ടില്‍ വരുമെന്ന് പറഞ്ഞ് തന്റെ മേല്‍വിലാസം വാങ്ങിയാണ് സംഘം മടങ്ങിയതെന്നും കുഞ്ഞാലന്‍കുട്ടി മൊഴിയില്‍ പറയുന്നുണ്ട്.
എന്നാല്‍ വിവരങ്ങള്‍ പോലീസ് പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. മൊഴിയിലെ കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് എസ് ഐ സുനില്‍ പുളിക്കല്‍ പറയുന്നത്. അതേസമയം മൊഴിയില്‍ അവിശ്വസനീയതയുണ്ടെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.