സി-സോണ്‍ കലോത്സവം; യൂനിവേഴ്‌സിറ്റി ക്യാമ്പസ് ആധിപത്യം തുടരുന്നു

Posted on: February 4, 2014 8:24 am | Last updated: February 4, 2014 at 8:24 am

കൊണ്ടോട്ടി: ഇ എം ഇ എ കോളജില്‍ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിസോണ്‍ കലോത്സവത്തിന്റെ നാലാം നാള്‍ വേദികളെ മാപ്പിള കലകള്‍ കൊണ്ടും അഭിനയ , നൃത്ത കലകളാലും വര്‍ണാഭമാക്കി. വേദി ഒന്നില്‍ മാപ്പിളപ്പാട്ട് ഗ്രൂപ്പ് മത്സരങ്ങളുടെ ഇശലുകളും മൈലാഞ്ചിച്ചുവപ്പണിഞ്ഞ കൈകളാല്‍ മങ്കമാര്‍ ഒപ്പനപ്പാട്ടിനൊത്ത് താളമിടുകയും ചെയ്തു. പതിനാറ് ടീമുകളില്‍ മിക്ക ടീമുകളുടെയും പ്രകടനം മികച്ചതായി. വേദി രണ്ടില്‍ ഇന്നലെയും നൃത്ത മത്സരങ്ങള്‍ അരങ്ങുതകര്‍ത്തു. കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. അറുപത്ത് എട്ട് ഇനങ്ങള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 89 പോയിന്റോടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ആധിപത്യം തുടരുകയാണ്. 82 പോയിന്റുള്ള വാഴയൂര്‍ സാഫി കോളജ് രണ്ടാം സ്ഥാനത്തും മമ്പാട് എം ഇ എസ് കോളജ് 76 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്ന് കോല്‍ക്കളി , ദഫ്മുട്ട് , അറബനമുട്ട് , ഗാനമേള, മൈം, സ്‌കിറ്റ് , ബാന്റ്‌മേളം , നാടന്‍പാട്ട് , ഗ്രൂപ്പ് സോംഗ് , കഥാപ്രസംഗം , കവിതാപാരായണം എന്നിവ നടക്കും .