Connect with us

Kozhikode

110 കോടി രൂപയുടെ വികസന നിര്‍ദേശങ്ങളുമായി ജില്ലാ പഞ്ചായത്ത്

Published

|

Last Updated

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് അടുത്ത സാമ്പത്തിക വര്‍ഷം 110 കോടി രൂപയുടെ വികസന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നു. ന്യൂ നളന്ദയില്‍ നടന്ന വികസന സെമിനാറിലാണ് ഇതിനുള്ള കരട് പദ്ധതി അവതരിപ്പിച്ചത്.
2014-15 വര്‍ഷത്തില്‍ 37,98,19,000 രൂപയാണ് ജില്ലാ പഞ്ചായത്തിന് ലഭ്യമാകുന്ന വികസന ഫണ്ട്. ഇതില്‍ 10,21,05,000 രൂപ പ്രത്യേക ഘടക പദ്ധതികള്‍ക്കും 27,32,00,400 രൂപ പൊതുവിഭാഗത്തിനുമായി വിനിയോഗിക്കും. മെയിന്റനന്‍സ് ഗ്രാന്റായി 22,12,12,000 രൂപയും ലഭിക്കും.
ജില്ലാ പഞ്ചായത്തിന്റെ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ വടകര ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുക, പട്ടികജാതി വര്‍ഗ വിഭാഗങ്ങളുടെ സമഗ്ര വികസനം എന്നിവയാണ് കരട് പദ്ധതിയിലെ പ്രധാന നിര്‍ദേശങ്ങള്‍. കൂടാതെ ക്ഷീരഗ്രാമം പദ്ധതി, കൂത്താളി ഫാമില്‍ ഹൈടെക് ഡയറി ഫാം എന്നിവയും ആരംഭിക്കും. ചാത്തമംഗലത്തെ റീജ്യനല്‍ പൗള്‍ട്രി ഫാമിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കും.
പുതുതായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ഹൈസ്‌കൂളുകളുടെയും ഹയര്‍ സെക്കന്‍ഡറികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കും. നെല്‍കൃഷി വികസനം, കൂണ്‍കൃഷി വ്യാപനം, ജൈവ വാഴകൃഷി തുടങ്ങി ജില്ലയിലെ കൃഷികളിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
വികസന സെമിനാര്‍ എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ടി കെ തങ്കമണി കരട് പദ്ധതി അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ആര്‍ ശശി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി ജിജോര്‍ജ്, കെ പി ഷീബ, സി വി എം നജ്മ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ എക്കാടന്‍, നൊച്ചാട് കുഞ്ഞബ്ദുല്ല സംസാരിച്ചു. ചടങ്ങില്‍ രാഷ്ട്രീയ ഏകതാ അവാര്‍ഡ് ലഭിച്ച പ്രൊഫ. കെ ശ്രീധരനെയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രത്യേക അവാര്‍ഡിന് അര്‍ഹനായ ഡോ. കെ ശ്രീകുമാറിനെയെും അനുമോദിച്ചു.