അസീമാനന്ദയുടെ വെളിപ്പെടുത്തല്‍

Posted on: February 4, 2014 12:12 am | Last updated: February 3, 2014 at 11:13 pm

SIRAJ.......ഭൂരിപക്ഷ ഭീകരതയുടെ ആഴം വെളിപ്പെടുത്തുന്ന പുതിയ വെളിപ്പെടുത്തലുമായി സ്വാമി അസീമാനന്ദയുടെ രംഗപ്രവേശം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ഗൗരവമേറിയതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ പേരില്‍ ‘ഇരകളായി’ ഇന്ത്യയില്‍ നൂറുകണക്കിന് നിരപരാധികളായ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ പീഡനങ്ങളും ജയില്‍വാസങ്ങളും അനുഭവിച്ചുകൊണ്ടിരിക്കെ തന്നെയാണ് ഈ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. സംഝോധ, മാലേഗാവ്, അജ്മീര്‍ ദര്‍ഗ എന്നീ മൂന്ന് സ്‌ഫോടനങ്ങളുടെ പേരില്‍ ഇപ്പോള്‍ ജയില്‍വാസം അനുഭവിക്കുന്ന അസീമാനന്ദയുമായുള്ള അഭിമുഖത്തിലാണ് ആര്‍ എസ് എസ് നേതൃത്വം എങ്ങനെയെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഭീകരാക്രമണങ്ങളില്‍ പങ്കാളിയാകുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കയാണ്. വികസനനായകന്റെ പ്രച്ഛന്ന വേഷം നല്‍കി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോദിയെ മൃദുഹിന്ദുത്വം വെച്ചുപുലര്‍ത്തുന്ന മാധ്യമങ്ങളും സാംസ്‌കാരികനായകരും ഉയര്‍ത്തിപ്പിടിക്കുന്നു. ഗുജറാത്ത് കലാപത്തില്‍ ആയിരക്കണക്കിന് പേരെ കൊലക്ക് കൊടുത്ത ക്രെഡിറ്റിന്റെ പേരില്‍ ആര്‍ എസ് എസും തുറന്ന പിന്തുണയാണ് മോദിക്ക് നല്‍കുന്നത്. പക്ഷേ ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ കുറിച്ച് കൂടുതല്‍ ആശങ്കപ്പെടുത്തുന്ന ഏറ്റുപറച്ചിലുകളാണ് മോദിയെ കുറിച്ചും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ആര്‍ എസ് എസിനെ കുറിച്ചും അസീമാനന്ദ നടത്തിയിരിക്കുന്നത്.
1998ല്‍ ക്രിസ്മസ് ആഘോഷവേളയില്‍ ഗുജറാത്തിലെ ദാംഗ്‌സില്‍ താന്‍ നടത്തിയ കലാപശേഷം ഇതിന് പിന്തുണ പ്രഖ്യാപിച്ചെത്തിയത് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോദിയായിരുന്നുവെന്ന് അഭിമുഖത്തില്‍ ഇദ്ദേഹം വ്യക്തമാക്കുന്നു. മോദിക്ക് പുറമെ മുന്‍ ബി ജെ പി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി, ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത് എന്നിവരെയും പ്രതിരോധത്തിലാക്കുന്ന കാര്യങ്ങള്‍ അഭിമുഖത്തില്‍ അസീമാനന്ദ വ്യക്തമാക്കുന്നുണ്ട്. 2005ല്‍ ആര്‍ എസ് എസ് വക ഒരു ലക്ഷം രൂപ നല്‍കി, ഈ ചടങ്ങില്‍ മുരളി മനോഹര്‍ ജോഷി മുഖ്യപ്രഭാഷണം നടത്തി, 1998ലെ ദാംഗ്‌സില്‍ കലാപത്തിന്റെ പേരില്‍ ആര്‍ എസ് എസ് വക ശ്രീ ഗുരുജി അവാര്‍ഡ്, വിവിധ മുസ്‌ലിം കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള ആര്‍ എസ് എസ് പദ്ധതി, ഇതിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്ന ആര്‍ എസ് എസ് നേതാക്കള്‍ ഇങ്ങനെ ജനാധിപത്യ വിശ്വാസികള്‍ കേള്‍ക്കാന്‍ ഭയപ്പെടുന്ന നിരവധി വെളിപ്പെടുത്തലുകള്‍ സ്വാമി അസീമാനന്ദ നടത്തുന്നുണ്ട്. നേരത്തെ വിവിധ ആര്‍ എസ് എസ് നേതാക്കളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നെങ്കിലും കലാപങ്ങളിലും സ്‌ഫോടനങ്ങളിലും മോഹന്‍ ഭഗവതിന്റെ കൂടി പങ്ക് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോഴത്തെ അസീമാനന്ദയുടെ തുറന്നുപറച്ചില്‍. ഗാന്ധി വധം മുതല്‍ രാജ്യം ഞെട്ടിത്തെറിച്ച നിരവധി ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിരോധിക്കാനള്ള നടപടികളിലേക്ക് എന്നിട്ടും ആഭ്യന്തര മന്ത്രാലയം തിരിഞ്ഞുനോക്കുന്നുപോലുമില്ല. ഇവരെ നിരോധിക്കണമെന്ന് അന്വേഷണ ഏജന്‍സി ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശിക്കുക പോലും ചെയ്തിരുന്നു. എന്നാല്‍ ഭഗവതിലേക്ക് സ്‌ഫോടനങ്ങളുടെ വേരുകള്‍ ചെന്നെത്തുന്ന സാഹചര്യത്തില്‍ ആരാണ് ഇതിന് തടസ്സം നിന്നതെന്ന് ഇനിയും വ്യക്തമാകണം.
ഇന്ത്യയുടെ ഭരണ മേഖലകളില്‍ വ്യക്തമായ സ്വാധീനം നേടിയെടുത്തവരാണ് ആര്‍ എസ് എസ്. രാജ്യത്ത് ഏത് സ്‌ഫോടനങ്ങള്‍ നടന്നാലും പ്രത്യേക മതവിഭാഗത്തിന്റെ തലയില്‍ കെട്ടിവെച്ച് ഭാരതത്തെ രക്ഷിക്കാന്‍ തെരുവിലിറങ്ങുന്നവരാണിവര്‍. ജനാധിപത്യ വിശ്വാസികളെ മതത്തിന്റെ പേരില്‍ വിഭജിച്ചു നിര്‍ത്തി കലാപങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നവര്‍ ആരാണെന്ന് ഇനിയും കൂടുതല്‍ വ്യക്തമാകേണ്ടതുണ്ട്. ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ’ എന്ന നിലപാടാണ് പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഭരണചക്രം തിരിക്കുന്നവരും സ്വീകരിക്കാറുള്ളത്. പ്രാഥമിക അന്വേഷണം നടത്തിയാല്‍ പോലും വെളിച്ചത്ത് വരുന്ന സ്‌ഫോടനങ്ങളുടെ പേരില്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ട വിദ്യാസമ്പന്നരായ യുവാക്കളെ വ്യാജമായി നിര്‍മിച്ചുണ്ടാക്കുന്ന തെളിവുകളുടെ പേരില്‍ ജാമ്യം പോലും നിഷേധിച്ച് വര്‍ഷങ്ങള്‍ ജയിലുകളിലേക്ക് തള്ളിവിടുന്നു. വിലപ്പെട്ട യുവത്വകാലം നരകയാതനകള്‍ അനുഭവിച്ച് അഴികളെണ്ണിക്കഴിയുന്ന ഇവരുടെ എണ്ണം ഒരു മാധ്യമവും പുറത്തുവിടാറില്ല. ഇനി നിരപരാധികളെന്ന് കണ്ടെത്തിയാല്‍ തന്നെ നിയമങ്ങളുടെ നൂലാമാലകളില്‍ കുടുങ്ങി പിന്നെയും കുറെ കാലം മോചനത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരുന്നു. പുറത്തിറങ്ങിയാല്‍ അനുഭവിക്കാനിരിക്കുന്ന അവഹേളനങ്ങളുടെയും ഒറ്റപ്പെടുത്തലുകളുടെയും തുറിച്ചുനോട്ടങ്ങളുടെയും നീണ്ട നിര തന്നെയുണ്ടാകും.
സുതാര്യമായ ഒരു ജനാധിപത്യ ഭരണക്രമത്തില്‍ ഫാസിസത്തിന് വളര്‍ച്ച ലഭിക്കില്ലെന്ന തിരിച്ചറിവ് ഉള്ളവരാണ് മതവര്‍ഗീയവാദികള്‍. കൃത്രിമമായി സൃഷ്ടിക്കുന്ന ഭീതിയും ശത്രുക്കളും എപ്പോഴും അതിന് ആവശ്യമാണ് താനും. ഇതിന് വേണ്ടി സൃഷ്ടിച്ചെടുക്കുന്ന സ്‌ഫോടനങ്ങള്‍ നിരപരാധികളെ രക്തം ചിന്തുന്നതിലുപരി രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ഉപാധിയായി കൂടി കാണുകയാണ് ഇവര്‍. സ്‌ഫോടനങ്ങളും കലാപങ്ങളും നിലനില്‍പ്പിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനത്തിനും ജനാധിപത്യ ഇന്ത്യയില്‍ അധികകാലം വാഴാന്‍ കഴിയില്ല. പുതിയ വെളിപ്പെടുത്തലുകള്‍ ഭരണകൂടങ്ങള്‍ക്ക് ആലോചിക്കാനുള്ള വക നല്‍കുന്നുണ്ട്. ഒപ്പം ഭാവി പ്രധാനമന്ത്രിയുടെ മറച്ചുവെക്കപ്പെട്ട പ്രതിച്ഛായയിലേക്കും ഇത് വെളിച്ചം വീശുന്നു. തിരിച്ചറിഞ്ഞ് അര്‍ഹിക്കുന്ന തരത്തില്‍ ഇടപെടാന്‍ തന്റേടമുള്ളവര്‍ ബാക്കിയുണ്ടോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.

ALSO READ  പോലീസ് പെരുമാറ്റച്ചട്ടത്തെക്കുറിച്ച് തന്നെ