സൈക്കിള്‍ അഭ്യാസവുമായി ലോകം ചുറ്റി മണ്ണേങ്ങല്‍ ലത്വീഫ്

Posted on: February 3, 2014 7:00 am | Last updated: February 3, 2014 at 12:42 pm

മക്കരപ്പറമ്പ്: സൈക്കിളുമായി അഭ്യാസങ്ങള്‍ അവതരിപ്പിച്ച് ലോകം ചുറ്റിക്കൊണ്ടിരിക്കുകയാണ് മണ്ണേങ്ങല്‍ ലത്വീഫ്. മക്കരപ്പറമ്പ് എന്ന ഗ്രാമത്തിലൂടെ വിവിധ അഭ്യാസവുമായി നടന്നിരുന്ന ലത്വീഫ് മനുഷ്യമനസുകളെ വിസ്മയത്തിലാക്കികൊണ്ടുള്ള സൈക്കിള്‍ അഭ്യാസങ്ങാണ് ഗള്‍ഫ്‌നാടുകളില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
സൈക്കിള്‍ ഉപയോഗിച്ച് ആയോധനകലകളും ആദിവാസികളരികളും അവതരിപ്പിച്ചാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. ഒറ്റ കുതിപ്പില്‍ സൈക്കിളില്‍ കയറി നിന്നാണ് അപകട സാധ്യതയുള്ള വ്യത്യസ്ത പ്രകടനങ്ങള്‍ നടത്തുന്നത്. പന്ത് കളി, ഡാന്‍സ്, രണ്ട് കൈയും വിട്ട് പമ്പരം കറങ്ങുന്ന വിധത്തില്‍ സൈക്കിള്‍ കറക്കുക, കറങ്ങികൊണ്ടിരിക്കുന്ന പമ്പരം ചരടില്‍ ഉയര്‍ത്തി കൈയിലെടുത്ത് അതേ വേഗതയില്‍ തിരിക്കുകയും തിരികെ നിലത്ത് വെച്ച് കറക്കുകയും ചെയ്യുക, ഹാന്‍ഡലില്‍ ഇരുന്നാണ് ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ കൂടുതലും നടത്തുന്നത്.
മക്കരപ്പറമ്പ് സ്വദേശിയായ മണ്ണേങ്ങല്‍ അബ്ദുലത്വീഫ് 22 വര്‍ഷമായി ജിദ്ദ റുവൈസിലെ പി ബി ടൈംസ് കാര്‍ഗോ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ്. ഒഴിവ് ദിനങ്ങളിലും പ്രവാസി കൂട്ടായ്മകളുടെ ആഘോഷ പരിപാടികളിലുമാണ് അഭ്യാസങ്ങള്‍ കാഴ്ച വെക്കാറുള്ളത്. 1980-90 കാലങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ താരമായി തിരഞ്ഞെടുത്തിരുന്നു. ലോംഗ്ജമ്പിലും ഹൈജമ്പിലും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. നൂറ് മീറ്റര്‍ ഓട്ടത്തില്‍ ഏറ്റവും വേഗതയേറിയ താരമായി സംസ്ഥാനതലത്തിലും 400 മീറ്ററില്‍ മലപ്പുറം ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി.
പോള്‍വാള്‍ട്ടില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായി തിളങ്ങുകയും ചെയ്തിട്ടുള്ള ലത്വീഫിനെ തേടി പഠിക്കുന്ന കാലത്ത് തന്നെ നേരിട്ട് ആര്‍മിയിലേക്കും പോലീസിലേക്കും സെലക്ഷന്‍ കിട്ടിയിരുന്നു. ഒരു പഴയ കാലത്തിന്റെ പ്രതാപം അയവിറക്കാനാണ് പഴയ ചെപ്പടി വിദ്യകളുമായി വീണ്ടും ലത്വീഫ് വേദികള്‍ കയറുന്നത്. കഴിഞ്ഞ വര്‍ഷം അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ വ്യാപാരി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാരുടെ മുന്നില്‍ വിദ്യ അവതരിപ്പിച്ച് ശ്രദ്ധേയമായിരുന്നു.
സൈക്കിള്‍ സ്‌ളോ റൈസിംഗിലും ഹൈ റൈസിംഗിലും ലത്വീഫിനെ വെല്ലാന്‍ പുതിയ തലമുറക്കാവില്ല എന്ന വെല്ലുവിളിയാണ് ഓരോ അഭ്യാസങ്ങളിലൂടെയും നേരിട്ട് കൊണ്ടിരിക്കുന്നത്. റിട്ട.പോലീസ് ഓഫീസറും സഹോദരി ഭര്‍ത്താവുമായ കാവുങ്ങല്‍ മുഹമ്മദ്കുട്ടിയാണ് ഗുരുനാഥന്‍.