വ്യവസായ കേന്ദ്രം ഫഌഗ്ഷിപ്പ് സ്‌കീം നടപ്പിലാക്കുന്നു

Posted on: February 3, 2014 12:35 pm | Last updated: February 3, 2014 at 12:35 pm

കാസര്‍കോട്: സംസ്ഥാന വ്യവസായ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം മുഖേന സംരംഭകര്‍ക്കായി ഫഌഗ്ഷിപ്പ് സ്‌കീം നടപ്പിലാക്കുന്നു. അഭ്യസ്തവിദ്യരായ 50 പേര്‍ക്ക് റെഡിമെയ്ഡ് വസ്ത്ര നിര്‍മാണത്തിലും ഫാഷന്‍ ഡിസൈനിംഗിലും ഭക്ഷ്യ സംസ്‌ക്കരണത്തിലും 20 ദിവസത്തെ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ പത്താം തരം പഠിച്ചവരും 18 നും 45 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം.
അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈനിംഗിനു പരിശീലനം നേടാനാഗ്രഹിക്കുന്നവര്‍ക്ക് കാഞ്ഞങ്ങാട് ആന്ധ്രാ ബേങ്കിന്റെ ഉടമസ്ഥതയിലുളള വെള്ളിക്കോത്ത് ഇന്‍സ്റ്റിസ്റ്റ്യൂട്ടിലും ഭക്ഷ്യ സംസ്‌ക്കരണത്തില്‍ പരിശീലനം നേടാനാഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി പി സി ആര്‍ ഐയിലുമാണ് പരിശീലനം നല്‍കുന്നത്.
ജില്ലാ കലക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയാണ് അര്‍ഹരായ അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. പരിശീലനം നേടിയതിന് ശേഷം ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കുന്നവര്‍ക്ക് വ്യവസായ വകുപ്പിന്റെ ഇ എസ് എസ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 30 ശതമാനം വരെ നിക്ഷേപ സബ്‌സിഡി ലഭിക്കും. പരമാവധി ഒരു യൂണിറ്റിന് 30 ലക്ഷം രൂപ വരെയാണ് സബ്‌സിഡി ലഭിക്കുക.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. യോഗ്യതയുടെ അടിസ്ഥാനത്തില്‍ അപേക്ഷ പരിഗണിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പങ്കെടുക്കുന്ന ദിവസങ്ങളിലേക്കുളള യാത്രാബത്ത നല്‍കും. അപേക്ഷ ഈമാസം 10 വരെ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9388242488.