കാലാവധി കഴിഞ്ഞ മരുന്ന് വിറ്റതില്‍ പങ്കില്ലെന്ന്

Posted on: February 2, 2014 3:31 am | Last updated: February 2, 2014 at 3:31 am

രാമനാട്ടുകര: കാലാവധി കഴിഞ്ഞ മരുന്ന് വിറ്റ സംഭവത്തില്‍ രാമനാട്ടുകരയിലെ കെയര്‍വെല്‍ ആശുപത്രിക്ക് പങ്കില്ലെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 24ന് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രമേഹ രോഗ ബാധിതനായി എത്തിയ പുളിക്കല്‍ പെരിയമ്പലം വളപ്പന്‍ വീരാന്‍കുട്ടിയുടെ മകന്‍ മുജീബിന്റെ പരാതി പ്രകാരം കാലാവധി കഴിഞ്ഞ മരുന്ന് വിറ്റതിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് വിഭാഗം ആശുപത്രിക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ രോഗിക്ക് നല്കിയതായി പറയുന്ന ഇന്‍സുലിന്‍ കെയര്‍വെല്‍ ആശുപത്രിയുടെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് നല്‍കിയതല്ലെന്നും രോഗിയുടെ കൈയിലുള്ള മരുന്ന് മലാപറമ്പിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് നല്‍കിയ ബാച്ച് ഐ 150031 നമ്പറിലുള്ള മരുന്നാണെന്നും കെയര്‍വെല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.
20 വര്‍ഷമായി പ്രമേഹ ബാധിതനായ വീരാന്‍കുട്ടി കാലിന് പഴുപ്പ് കൂടിയ നിലയില്‍ കഴിഞ്ഞ നാല് മാസമായി ഇവിടെ ചികിത്സക്കായി വരുന്നുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേങ്ങള്‍ ശരിയായി അനുസരിക്കാറില്ലെന്നും മറ്റെന്തോ വൈരാഗ്യം കാരണമാകാം പരാതിക്ക് പിന്നിലെന്നും അധികൃതര്‍ പറഞ്ഞു. പരാതി നല്‍കിയവരുമായി ഒത്തുതീര്‍പ്പിനില്ലെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിതരണക്കാര്‍ക്ക് തിരിച്ചേല്‍പ്പിക്കാന്‍ വെച്ച കാലാവധി തീര്‍ന്ന മറ്റ് മരുന്നുകളാണ് മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ഡ്രഗ്‌സ് വിഭാഗം കൊണ്ടു പോയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഡോ. പി കെ ബാലകൃഷ്ണന്‍, ഡോ. സജി ബാലകൃഷ്ണന്‍, പി കെ അയ്യപ്പന്‍കുട്ടി, പി കെ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.