Connect with us

Wayanad

ഏകാധ്യാപക വിദ്യാലയങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന്‌

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഈ വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റിലും ഏകാധ്യാപക വിദ്യാലയങ്ങളെ പാടെ അവഗണിച്ചു. ബദല്‍ സ്‌കുളുകള്‍ എല്‍പി സ്‌കൂളുകള്‍ ആക്കി ഉയര്‍ത്തും എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കായി. ഇതോടെ അധ്യാപകരുടെ ജോലി സ്വപ്‌നവും അസ്തമിച്ചു. സര്‍ക്കാര്‍ പ്രൊജക്ടുകള്‍ വിജയിപ്പിക്കുന്നതിന് ഒന്നര പതിറ്റാണ്ട് സേവനം ചെയ്ത അധ്യാപകരും ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും വഞ്ചിക്കപ്പെട്ടു. മാറിമാറി വന്ന സര്‍ക്കാരുകള്‍ വാഗ്ദാനങ്ങള്‍ നല്കിയതല്ലാതെ യാതൊന്നും ഈ മേഖലക്കുവേണ്ടി ചെയ്യുന്നില്ല. 52 ഏകാധ്യാപക വിദ്യാലയങ്ങള്‍ ഉണ്ടായിരുന്ന വയനാട്ടില്‍ ഇന്ന് 38 എണ്ണം മാത്രമാണുള്ളത്. ഇത്രയും വിദ്യാലയങ്ങളിലായി വനത്തിനുള്ളിലും മറ്റും താമസിക്കുന്ന ആദിവാസി പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട 900 ഓളം കുട്ടികളാണ്. ഇവരുടെ ഭാവിയും ഇപ്പോള്‍ തുലാസിലാണ്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വസ്ത്രം, പഠനോപകരണങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്കുന്നില്ല. ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ലഭിക്കുന്ന ദിവസ വേതനമാകട്ടെ 100 രൂപയും. ഉള്‍ ഗ്രാമങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇത്തരം വിദ്യാലയങ്ങളില്‍ എത്തണമെങ്കില്‍ വണ്ടിക്കൂലിയിനത്തില്‍ നൂറ് രൂപയുടെ അടുത്ത് ചിലവാകും. മുന്‍ കാലങ്ങളില്‍ കരാര്‍ തൊഴിലാളികള്‍ക്ക് 100 രൂപയില്‍ കൂടുതല്‍ നല്കാന്‍ നിയമം അനുവദിക്കുന്നില്ല എന്ന് പറഞ്ഞാണ് ഡിപിഇപി, എസ്എസ്എ തുടങ്ങിയ പ്രൊജക്ടുകളില്‍ അധ്യാപകരെ നിയമിച്ചിരുന്നത്. ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ ദയനീയ സ്ഥിതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോലും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. ഇത്തരം അവഗണന തുടര്‍ന്നാല്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ ഇ.വി. ജോര്‍ജ്, കെ.കെ. രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

Latest