Connect with us

Ongoing News

ഹജ്ജ് അപേക്ഷാ ഫോറം വിതരണം ഇന്ന് മുതല്‍

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിനുള്ള അപേക്ഷാ ഫോറത്തിന്റെ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. നാളെ മുതല്‍ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. മാര്‍ച്ച് 15 ആണ് പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം അപേക്ഷകള്‍ നേരിട്ടും സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം വരെ തപാലില്‍ മാത്രമേ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുള്ളൂ. എല്ലാ പ്രവൃത്തി ദിവസങ്ങളിലും കാലത്ത് 10 മണി മുതല്‍ മൂന്ന് മണി വരെ അപേക്ഷകള്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നേരിട്ട് സ്വീകരിക്കും. അപേക്ഷകര്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കണമെന്നതില്‍ ഇളവ് വരുത്തിയിട്ടുണ്ട്. റിസര്‍വ് കാറ്റഗറിയില്‍ പെട്ട അപേക്ഷകര്‍ ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലെന്നും ജനറല്‍ കാറ്റഗറിയില്‍ പെട്ടവര്‍ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് ചെയ്തിട്ടില്ലെന്നുമുള്ള സത്യവാങ്മൂലം ഇനി മുതല്‍ വെള്ളക്കടലാസില്‍ എഴുതി നല്‍കിയാല്‍ മതി.
കരിപ്പൂര്‍ ഹജ്ജ് ഹൗസ്, ജില്ലാ കലക്ടറേറ്റുകള്‍, എറണാകുളം, കോഴിക്കോട് വഖ്ഫ് ബോര്‍ഡ് ഓഫീസുകള്‍, കോഴിക്കോട് പുതിയറയിലുള്ള മദ്‌റസ ക്ഷേമനിധി ഓഫീസ്, ഹജ്ജ് ട്രെയിനര്‍മാര്‍ എന്നിവിടങ്ങളില്‍ നിന്ന് ഹജ്ജ് അപേക്ഷാ ഫോറം ലഭിക്കും. ഹജ്ജ് ട്രെയിനര്‍മാര്‍ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനു സഹായിക്കും.
ഹജ്ജ് നറുക്കെടുപ്പ് ഏപ്രില്‍ 26ന് നടക്കും. അവസരം ലഭിച്ചവര്‍ ആദ്യ ഗഡുവായ 81,000 രൂപ മെയ് 10 നുള്ളില്‍ അടക്കണം. സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിലാണ് പണം അടക്കേണ്ടത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, അസിസ്റ്റന്റ് സെക്രട്ടറി ഇ സി മുഹമ്മദ്, കോര്‍ഡിനേറ്റര്‍ മുജീബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം, കഴിഞ്ഞ വര്‍ഷം സഊദി ഭരണകൂടം വിദേശ രാജ്യങ്ങള്‍ക്കുള്ള ഹജ്ജ് ക്വാട്ട 20 ശതമാനം വെട്ടിക്കുറച്ചത് ഇന്ത്യയില്‍ സ്വകാര്യ ഹജ്ജ് സംഘങ്ങളെയാണ് ബാധിച്ചിരുന്നതെങ്കില്‍ ഇത്തവണ ഹജ്ജ് കമ്മിറ്റികള്‍ക്കും ഇത് ബാധകമാക്കും. കഴിഞ്ഞ വര്‍ഷം ഹജ്ജ് കമ്മിറ്റികള്‍ മുഖേന അവസരം ലഭിച്ച് പണമടക്കല്‍ ഉള്‍പ്പെടെ എല്ലാ ജോലികളും പൂര്‍ത്തിയായതിനാലാണ് ക്വാട്ടയിലെ കുറവ് സ്വകാര്യ സംഘങ്ങളില്‍ നിന്നാക്കിയത്.

Latest