വാദ്യ കലാകാരന് ഭ്രഷ്ട്: മാനവികതയുടെ മഹാസംഗമം നടത്തി

Posted on: January 30, 2014 8:16 am | Last updated: January 30, 2014 at 8:16 am

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യ വിവാദത്തോടനുബന്ധിച്ചുണ്ടായ അയിത്താചരണത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനവികതയുടെ മഹാസംഗമം നടത്തി. ഗുരുവായൂര്‍ കിഴക്കേനടയിലെ സത്യഗ്രഹ സ്മാരക വേദിക്ക് സമീപമൊരുക്കിയ പന്തലിലാണ് സംഗമം നടന്നത്. നിലമ്പൂര്‍ ആഇശ സംഗമം ഉദ്ഘാടനം ചെയ്തു. ജാതി വിവേചനത്തിനെതിരെ ആവശ്യമെങ്കില്‍ നിരാഹാര സമരം ആരംഭിക്കണമെന്ന് ആഇശ പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ ടി ടി ശിവദാസന്‍ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ്് സര്‍വകലാശാലാ മുന്‍ കലാതിലകം മന്‍സിയ, കല്ലൂര്‍ ബാബു, കെ ഇ എന്‍ കുഞ്ഞഹമ്മദ്, സംവിധായകന്‍ പ്രിയനന്ദനന്‍, മഹിമ രാജേഷ്, ജൂലിയറ്റ്, ഗോപീകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, മാധവിമേനോന്‍ തുടങ്ങി കലാ, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പുല്ലൂര്‍ സജു ചന്ദ്രന്റെ നേതൃത്വത്തില്‍ നൂറോളം കലാകാരന്മാര്‍ ചേര്‍ന്ന് പഞ്ചാരി പ്രതിഷേധ മേളവും അവതരിപ്പിച്ചു. ഇരിങ്ങപ്പുറം ബാബുവിന്റെ കേളിയോടെയാണ് സംഗമം തുടങ്ങിയത്. കവിതാലാപനം, നാടന്‍പാട്ട്്, ചിത്രരചന, പുല്ലാങ്കുഴല്‍, വയലിന്‍ വാദനം തുടങ്ങി കലാപരിപാടികളുടെ അവതരണവും ഉണ്ടായി. പുരോഗമന കലാ-സാഹിത്യ സംഘം ഭാരവാഹികളായ പ്രൊഫ. കെ യു അരുണന്‍, സി രാവുണ്ണി, വി ഡി േ്രപംപ്രസാദ്, ധനഞ്ജയന്‍ മച്ചിങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേരള കളമെഴുത്തു കലാകാരസംഘം, സംസ്ഥാന വാദ്യ തൊഴിലാളി യൂനിയന്‍, ക്ഷേത്ര വാദ്യ സംഗീതസമിതി എന്നിവരുടെ സഹകരണത്തോടെയാണു സംഗമം സംഘടിപ്പിച്ചത്.