വൃക്ക രോഗികള്‍ക്കായി ആരാധനാലയങ്ങളില്‍ നിന്ന് പണം സമാഹരിക്കുന്നു

Posted on: January 30, 2014 7:45 am | Last updated: January 30, 2014 at 7:45 am

കോഴിക്കോട്: സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫയര്‍ സൊസൈറ്റിക്കു വേണ്ടി ജില്ലയിലെ ആരാധനാലയ- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് സമാഹരണം നടത്തുമെന്ന് സ്‌നേഹസ്പര്‍ശം ചീഫ് കോര്‍ഡിനേറ്റര്‍ ജില്ലാ കലക്ടര്‍ സി എ ലത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ പള്ളികള്‍, അമ്പലങ്ങള്‍, ഫെബ്രുവരി 2ന് ചര്‍ച്ച്, 6ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ധനസമാഹരണം നടത്തുക. നാളെ നടക്കുന്ന ധനസമാഹരണത്തില്‍ സഹകരിക്കണമെന്ന് വിവിധ മതനേതാക്കളായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, എ പി അബ്ദുല്‍ ഖാദര്‍ മൗലവി, ടി പി അബ്ദുല്ലകോയ മദനി, ശൈഖ് മുഹമ്മദ് കാരക്കുന്ന് , സി പി ഉമ്മര്‍ സുല്ലമി, ടി ജെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ആഹ്വാനം ചെയ്തു. ആരാധാനയങ്ങളില്‍ നിന്നും സമാഹരിക്കുന്ന തുക മത സംഘടനകള്‍ പാലിയേറ്റീവ് കെയര്‍, സ്‌നേഹസ്പര്‍ശം എസ് ബി ടി എരിഞ്ഞപ്പലം അക്കൗണ്ട് നമ്പര്‍ 67174632092 വഴിയോ ഓഫീസില്‍ നേരിട്ടോ എത്തിക്കാവുന്നതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കളക്ഷന്‍ എല്‍ പി, യു പി സ്‌കൂളുകള്‍ എ ഇ ഒ വഴിയും ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഡി ഇ ഒ വഴിയോ അക്കൗണ്ടില്‍ നേരിട്ടോ നിക്ഷേപിക്കാവുന്നതാണെന്നും അവര്‍ പറഞ്ഞു. സംശയങ്ങള്‍ക്ക് 0495-3104994, 9400310100, 9447157601 എന്ന നമ്പറില്‍ ബന്ധപ്പെടണം. 2012 ജൂലൈ മാസത്തില്‍ ജില്ലയിലെ ആരാധനാലയങ്ങളില്‍ നിന്ന് 18ലക്ഷം രൂപയും വിദ്യാലയങ്ങളില്‍ നിന്ന് 2012 മാര്‍ച്ച് മാസത്തില്‍ 26ലക്ഷവും 2013 ജനുവരിയില്‍ 35ലക്ഷവും റോഡ് ഷോയില്‍ നിന്ന് 25 ലക്ഷം രൂപയും സമാഹരിച്ചു.
2011 ഡിസംബര്‍ മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സൊസൈറ്റി ജില്ലയില്‍ ഇതുവരെ രണ്ടരക്കോടി രൂപ ഡയാലിസിനായി വിതരണം ചെയ്തു. കൂടാതെ വീട്ടീല്‍ വെച്ച് നല്‍കുന്ന പെരിട്ടോണിയല്‍ ഡയാലിസിസിന് വിധേയമാകുന്ന കുഞ്ഞുങ്ങള്‍ക്ക് 3000രൂപയും കിഡ്‌നി മാറ്റി വെച്ച രോഗികള്‍ക്ക് പ്രതിമാസം 2000രൂപയുടെ മരുന്നുകളും വിതരണം ചെയ്യുന്നു. മാനസിക രോഗികളുടെ ചികിത്സയും പുനരധിവാസവും ഏറ്റെടുക്കുകയാണ് സൊസൈറ്റിയുടെ അടുത്ത പദ്ധതി.
ഇംഹാന്‍സിന്റെ സഹകരണത്തോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് കണ്ടെത്തുന്ന രോഗികളുടെ പുനരധിവാസം പാലിയേറ്റീവ് സെന്ററുകള്‍ നിര്‍വഹിക്കുന്ന തരത്തിലാണ് പദ്ധതിയെന്ന് അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി പി കുഞ്ഞികൃഷ്ണന്‍, ജാഫര്‍ ബറാമി, സി എ ആലികോയ, സക്കീര്‍ കോവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.