അമീറിനും തമ്പുരാട്ടിക്കുമിടയില്‍ നങ്ങേലിമാരുടെ ജീവിതം

Posted on: January 28, 2014 6:00 am | Last updated: January 28, 2014 at 5:00 pm

arifaliചേന്ദമംഗല്ലൂരില്‍ വേരുറപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച തന്ത്രങ്ങളെന്തെല്ലാമായിരുന്നുവെന്നതിലേക്കും ആ തന്ത്രങ്ങള്‍ ആരില്‍ നിന്നാണ് ‘സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനം’ ആന്തരിക വത്കരിച്ചതെന്നതിലേക്കും സൂചന നല്‍കുന്ന രസകരമായൊരു കഥ ആ നാട്ടുകാരനും പൊളിറ്റിക്കല്‍ അന്ത്രപോളജിയില്‍ ഗവേഷകനുമായ നിസാര്‍ വിശദീകരിക്കുന്നുണ്ട്. ആ കഥ ഇങ്ങനെ തുടങ്ങുന്നു:
”കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഞങ്ങള്‍ കുറേ കുട്ടികള്‍ കൊതിപൂണ്ട് വയലില്‍ മേഞ്ഞു നടന്ന കാലം. പൊറ്റശ്ശേരിയില്‍ അന്ന് കന്ന് പൂട്ടാതെ ഒഴിഞ്ഞു കിടക്കുന്ന ഏക വയല്‍ കണ്ണങ്കര അഹ്മദ് കുട്ടിക്കാക്കയുടെ ഉടമസ്ഥതയിലാണ്. സ്വന്തമായി കന്നുകള്‍ ഉള്ളതുകൊണ്ടാകണം അദ്ദേഹത്തിന്റെ വയലുകള്‍ മാത്രം ഇങ്ങനെ കളിക്കാന്‍ പാകത്തിന് ഞങ്ങളില്‍ ആഹ്ലാദം തീര്‍ത്തുകൊണ്ട് ഒഴിഞ്ഞു കിടക്കുന്നത്. അഹ്മദ് കുട്ടിക്കാക്കയുടെ വയലില്‍ ഞങ്ങള്‍ പൊറ്റശ്ശേരിയില്‍ നിന്നുള്ള കുട്ടികളാണ് കളി തുടങ്ങുക. ആര്‍ത്താരവങ്ങളോടെ കളിക്കണം എന്നതില്‍ കവിഞ്ഞ് എന്തെങ്കിലും രാഷ്ട്രീയമോ മതമോ ഞങ്ങള്‍ അവിടെ വെച്ചു പുലര്‍ത്തിയിരുന്നതായി ഓര്‍മയില്ല. വ്യത്യസ്ത മതക്കാരും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവികളുടെ മക്കളുമൊക്കെ ഉണ്ടാകും കൂട്ടത്തില്‍. എന്നാലും അതിന്റെയൊന്നും ഗൗരവഭാവം ആര്‍ക്കും ഉണ്ടായിരുന്നതായും അറിയില്ല.
കളി തുടങ്ങി, വയല്‍ ഒരു പാകത്തിന് ഉണങ്ങിത്തുടങ്ങുമ്പോള്‍ ഞങ്ങളെ നിരാശപ്പെടുത്തി ഗ്രൗണ്ടിന് പുതിയ അവകാശികള്‍ എത്തും. (ഭൂവുടമയായ) അഹ്മദ് കുട്ടിക്കാക്ക ഒരു ജമാഅത്തെ ഇസ്‌ലാമി അനുഭാവിയാണ്. ആ വഴിക്കാണ് വെസ്റ്റ് ചേന്ദമംഗല്ലൂരിലെ അന്‍സാര്‍ പള്ളി കേന്ദ്രീകരിച്ചുള്ള എസ് ഐ ഒ പ്രവര്‍ത്തകര്‍ ഗ്രൗണ്ടിന്റെ മേല്‍ അവകാശം സ്ഥാപിക്കുക. പിന്നെ ഞങ്ങളൊക്കെ ഗ്രൗണ്ടിന് പുറത്താണ്. അങ്ങനെ വലിയൊരു വിഭാഗം കുട്ടികളെ പുറംതള്ളിക്കൊണ്ട് സ്ഥാപിതമാകുന്ന എസ് ഐ ഒ ഗ്രൗണ്ടില്‍ കളിക്കാനുള്ള യോഗ്യത ജമാഅത്തെ ഇസ്‌ലാമി സംഘടനകളുമായി വിദൂരമല്ലാത്ത എന്തെങ്കിലും ബന്ധം ഉണ്ടാകണം എന്നുള്ളതാണ്.
ഞങ്ങളുടെ കൂട്ടത്തിലെ ചില സൂത്രശാലികള്‍ എസ് ഐ ഒയുടെ പ്രതിവാര മീറ്റിംഗില്‍ പങ്കെടുത്തുകൊണ്ട് പന്ത് തട്ടാനുള്ള അവസരം ഒപ്പിച്ചെടുത്തു. അത്തരക്കാരെ ഉളുപ്പില്ലയ്മയുടെ പേര് പറഞ്ഞ് ഞങ്ങള്‍ നിരന്തരം കളിയാക്കിക്കൊണ്ടിരുന്നു. പുറംതള്ളപ്പെട്ട മറ്റു ചിലര്‍ വരമ്പത്തിരുന്നു ഒരു കളിക്കാലം മുഴുവന്‍ കളി കണ്ടു തീര്‍ക്കുന്നതിലും അപൂര്‍വം ചില ആണ്‍കുട്ടികള്‍ ഗ്രൗണ്ടില്‍ കുപ്പിച്ചില്ലുകള്‍ പെറുക്കിയിടുന്നത് പോലെയുള്ള പ്രതിഷേധ പരിപാടികളിലും ഹരം കണ്ടെത്തി. ഒരു കളിയിടത്തിന്റെ ജൈവികമായ ഉത്സാഹങ്ങളെ മൊത്തമായി നശിപ്പിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി എന്താണ് നേടിയത്?” (ഉപജാപങ്ങളുടെ പ്രസ്ഥാനവും അവരുടെ മാതൃകകളും, ഗ്രാമപത്രിക, ചേന്ദമംഗല്ലൂര്‍ സി എച്ച് സൗധം ഉദ്ഘാടന സപ്ലിമെന്റ്, നവംബര്‍ 2013)
ജമാഅത്ത്‌വത്കരണാനന്തരം കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ട് ചേന്ദമംഗല്ലൂര്‍ ഗ്രാമത്തില്‍ നടക്കുന്ന രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങളുമായി ഈ കളിയനുഭവത്തിനു ഒട്ടേറെ സാമ്യങ്ങള്‍ ഉണ്ട്. ഭൂവുടമകളും പ്രാദേശിക അധികാര കേന്ദ്രങ്ങളുമായുള്ള ചങ്ങാത്തവും അത്തരം തറവാടുകളില്‍ നിന്നുള്ള ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ ഫ്യൂഡല്‍ ചരിത്രവും ബന്ധങ്ങളുമാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ഇവിടെ വേരോട്ടം ഉണ്ടാക്കിക്കൊടുത്തത്. കൊയ്ത്ത് കഴിഞ്ഞ്, നടക്കാന്‍ പോലും പറ്റാത്ത വിധം മുടന്തിനില്‍ക്കുന്ന വയലിനോട് മല്ലിട്ട് ചേന്ദമംഗല്ലൂരിലെയും പൊറ്റശ്ശേരിയിലെയും സാധാരണക്കാരായ കുട്ടികള്‍ വയല്‍, കളിക്കാന്‍ പാകമാക്കിയെടുക്കുമ്പോഴാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ ഭൂവുടമയെയും കൂട്ടി എസ് ഐ ഒ പ്രവര്‍ത്തകര്‍ കളിസ്ഥലം കൈയേറാന്‍ എത്തുക. അതുവരെയും ഈ കുട്ടികള്‍ തന്റെ വയലില്‍ കളിക്കുന്നതില്‍ ഭൂവുടമക്കും പരിഭവമൊന്നുമില്ല. ‘തറവാട്ടില്‍’ പിറന്ന കുട്ടികള്‍ക്ക് കാല്‍ വേദനിക്കാതെ കളിക്കാം എന്നാകുമ്പോഴാണ് ഭൂവുടമയും ജമാഅത്തെ ഇസ്‌ലാമിക്കാരും ഒരുമിക്കുന്നതും മറ്റു കുട്ടികളെ ഗ്രൗണ്ടില്‍ നിന്ന് ആട്ടിപ്പുറത്താക്കുന്നതും. സാമൂഹിക ബന്ധങ്ങളുടെ കാര്യത്തില്‍ ഹിന്ദു ഫ്യൂഡലിസത്തെ തൊട്ടും തലോടിയും ആന്തരികവത്കരിച്ചുമാണ് ചേന്ദമംഗല്ലൂരില്‍ ജമാഅത്തെ ഇസ്‌ലാമി വേരോട്ടമുണ്ടാക്കിയതെന്നും ഈ പ്രാദേശിക ഫ്യൂഡല്‍ അധികാര വ്യവസ്ഥയാണ് ചേന്ദമംഗല്ലൂരില്‍ അധീശത്വം സ്ഥാപിക്കാന്‍ ഇക്കൂട്ടരെ സഹായിച്ചതെന്നും ഈ അധീശത്വത്തിന്റെ ഇരയും ഗവേഷകനുമായ നിസാര്‍ ഉദാഹരണങ്ങള്‍ നിരത്തി വിശദീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചേന്ദമംഗല്ലൂരിലെ ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയുടെ സ്വഭാവവും ഘടനയും അന്വേഷിക്കേണ്ടത് പുറത്തേക്ക് കാണിക്കുന്ന അതിന്റെ ഇസ്‌ലാമിക ഭാവത്തിലല്ല, മറിച്ച് അകമേ ഒളിപ്പിച്ചിട്ടുള്ള അതിന്റെ സവര്‍ണ ഹിന്ദു ഫ്യൂഡല്‍ സ്വഭാവത്തിലും സംസ്‌കാരത്തിലുമാണ് എന്നാണ് നിസാര്‍ വാദിക്കുന്നത്.
ഇപ്പോള്‍ ഇക്കഥ ഓര്‍ക്കാനുള്ള കാരണം, ജമാഅത്തെ ഇസ്‌ലാമിയുടെ കേരളാ അമീര്‍ (രാജാവ് എന്ന് മലയാളത്തില്‍ അര്‍ഥം) ടി ആരിഫലിയും പരിവാരങ്ങളും തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തിയതിനെ കുറിച്ചുള്ള വിവാദങ്ങളാണ്. കൊട്ടാരത്തിന്റെ പുതിയ സ്ഥാനീയനായ മൂലം തിരുനാള്‍ രാമവര്‍മയെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം എന്നാണ് ജമാഅത്തെ ഇസ്‌ലാമി മുഖപത്രം സന്ദര്‍ശനത്തെ കുറിച്ചു വാര്‍ത്തയെഴുതിയത്. പൂയം തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി എന്നിവരുമായി ഈ ജനാധിപത്യ വിമോചക പോരാളികള്‍ സംഭാഷണം നടത്തുകയും തിരുവിതാംകൂര്‍ രാജവംശം കലക്കും നാടിന്റെ ഒരുമക്കും മതേതരത്വത്തിനും നല്‍കിയ സംഭാവനകള്‍ എക്കാലത്തും ഓര്‍മിക്കപ്പെടുമെന്ന് പറഞ്ഞ് ആരിഫലി, തിരുവിതാംകൂര്‍ രാജാക്കന്മാരെയും തമ്പുരാട്ടിമാരെയും അഭിനന്ദിക്കുകയും ചെയ്തു.
പ്രധാനമായും രണ്ട് അഭിപ്രായങ്ങളാണ് ഇതേ കുറിച്ചുള്ള ചര്‍ച്ചകളില്‍ പൊതുവെ ഉയര്‍ന്നുവന്നത്. നന്മയുടെ സന്ദേശം മറ്റുള്ളവര്‍ക്ക് കൈമാറുന്നത് ദൈവദൂതരില്‍ നിന്നും അനന്തരം എടുത്ത ഒരു സംഘമാണ് ജമാഅത്തെ ഇസ്‌ലാമി. അതുകൊണ്ട് സമൂഹത്തിലെ സകല തുറകളിലുള്ളവരുമായും അവര്‍ കൂടിക്കാഴ്ച നടത്തും. അതില്‍ ആദിവാസി സമൂഹത്തിലെ സി കെ ജാനു മുതല്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി വരെ ഉണ്ടാകും. അതൊരു പ്രബോധക ദൗത്യമാണ് എന്നാണ് ഒരു വിശദീകരണം. മറ്റൊരു പക്ഷമാകട്ടെ, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വിവരം ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഇനിയും അറിഞ്ഞിട്ടില്ലേ എന്ന് ചോദിക്കുന്നു. രാജ ഭരണങ്ങള്‍ നിര്‍ത്തലാക്കി ജനാധിപത്യ റിപ്പബ്ലിക് ആയി മാറിയ ഒരു രാജ്യത്ത് പഴയ രാജകുടുംബത്തിലെ പുതിയ രാജാവിനെ അഭിനന്ദിക്കാന്‍ ‘ജനാധിപത്യ പോരാളികളുടെ’ നേതാവ് പരിവാര സമേതം പോയത് നാണക്കേടായിപ്പോയി എന്നവര്‍ പരിതപിക്കുകയും ചെയ്യുന്നു. രാജ്ഞിയെ കണ്ടത് ഇസ്‌ലാമിക വിധി പ്രകാരം ശരിയാണോ, അന്യ സ്ത്രീപുരുഷന്മാര്‍ പരസ്പരം കാണല്‍ ഇസ്‌ലാമില്‍ അനുവദനീയമാണോ, ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പൊതു ജീവിതത്തില്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കേണ്ടതില്ല എന്നുണ്ടോ എന്നിങ്ങനെയുള്ള ‘ലോകം തിരിയാത്ത’ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരും വെല്‍ഫയര്‍ പാര്‍ട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരികയും കേരള രാജ്യത്തിന്റെ രാജാവായി ആരിഫലി വരികയും ചെയ്താല്‍ തിരുവിതാംകൂറില്‍ നിന്നുള്ള കരം പിരിവിന്റെയും സകാത്ത് പിരിവിന്റെയും ഉത്തരവാദിത്വം ആരെ ഏല്‍പ്പിക്കും എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിവെക്കാനാണ് ആരിഫലി കവടിയാര്‍ കൊട്ടാരത്തില്‍ എത്തിയതെന്നും ഒരു രാജാവ് ഒരു തമ്പുരാട്ടിയെ കാണുന്നതും കുശലാന്വേഷണങ്ങള്‍ നടത്തുന്നതും നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമല്ലേ എന്നും ചോദിക്കുന്നവരും ഉണ്ട്. ഏതായാലും ഈ വക വാദങ്ങളൊന്നും ജമാഅത്തെ ഇസ്‌ലാമിയുടെ ഈ ജിഹാദിന്റെ തൃപ്തികരമായ വിശദീകരണമാകുന്നില്ല എന്ന് വേണം കരുതാന്‍.
പുതിയ സ്ഥാനീയനായ മൂലം തിരുനാള്‍ രമവര്‍മയെ അഭിനന്ദിക്കാനാണ് ‘ജനാധിപത്യ പോരാളികള്‍’ കൊട്ടാരത്തില്‍ എത്തിയത്. പക്ഷേ, രാജാവിനെ കണ്ടതായി വാര്‍ത്തയിലോ ഫോട്ടോയിലോ വിവരങ്ങളൊന്നുമില്ല. പകരം കണ്ടത് കവടിയാറിലെ തമ്പുരാട്ടിമാരെയാണ്. പ്രബോധന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ ‘ഇസ്‌ലാമിക പോരാളികള്‍’ കൊട്ടാരത്തിന്റെ ഉരുക്ക് കോട്ടകള്‍ക്കകത്തേക്ക് സധൈര്യം കയറിച്ചെന്നത് എന്ന് കരുതാനും ന്യായമില്ല. കാരണം ശിര്‍ക്കിന്റെ കോട്ടകൊത്തളമായ കവടിയാര്‍ രാജാക്കന്മാരെ പ്രകീര്‍ത്തിക്കാനാണ് ഈ ദാഇകള്‍ സമയമത്രയും ചെലവാക്കിയത്. പ്രബോധന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അവിശ്വാസികളായ രാജാക്കന്മാരുടെ കൊട്ടാരങ്ങളിലേക്ക് പോകുന്ന ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച മാതൃക മൂസാ പ്രവാചകനാണ്. ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ എത്തിയ നബി മൂസ (അ), ക്രൂരനായ ആ രാജാവിന്റെ ചെയ്തികളെ ന്യായീകരിക്കുകയും അഭിനന്ദിക്കുകയുമായിരുന്നില്ല ചെയ്തത്. മറിച്ച് അവയോരോന്നിനെയും ചോദ്യം ചെയ്യുകയായിരുന്നു. ഇവിടെയാകട്ടെ, ‘നന്മയുടെ സന്ദേശം മറ്റുള്ളവര്‍ക്ക് കൈമാറല്‍ ദൈവദൂതരില്‍ നിന്ന് അനന്തരം എടുത്തവര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം ഇസ്‌ലാമികവിരുദ്ധമായ ചെയ്തികളെ പോകട്ടെ (ബഹുസ്വരതയുടെ പേരില്‍ മത കാര്യങ്ങള്‍ പറയാനുള്ള ജമാഅത്തിന്റെ മടി ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ), മറ്റുള്ള മതസ്ഥരെ കൂടി ബാധിച്ച തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ക്രൂരകൃത്യങ്ങള്‍ക്ക് പോലും എ ഗ്രേഡ് നല്‍കിയാണ് കോഴിക്കോട്ടേക്ക് ട്രെയിന്‍ കയറിയത്.
അപ്പോള്‍ പഴയ തലമുറ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പറയുന്നത് പോലെ പ്രബോധനമായിരുന്നില്ല ലക്ഷ്യം എന്ന് ചുരുക്കം. അപ്പോള്‍ പിന്നെ എന്തായിരുന്നു ഈ ‘ദീനീ പോരാളികളെ’ കവടിയാര്‍ കൊട്ടാരമുറ്റത്തെത്തിച്ച ഘടകം? ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ അഭിനന്ദിക്കാന്‍ പോയ ഇപ്പോള്‍ സ്ഥാനീയനായ മഹാരാജാവിന്റെ മുന്‍ഗാമി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഈയിടെ മരിച്ചപ്പോള്‍ പല പത്രങ്ങളും ‘തിരുവിതാംകൂര്‍ മഹാരാജാവ്’ എന്നും ‘തീപെട്ടു’ എന്നും എഴുതുകയുണ്ടായി. മഹാരാജാവ് മരിച്ചതിന്റെ പേരില്‍ തലസ്ഥാനത്ത് സംസ്ഥാന സര്‍ക്കാര്‍ അവധിയും പ്രഖ്യാപിച്ചു. ഇതിനെതിരെ, ഇന്ത്യ 1947ല്‍ സ്വാതന്ത്ര്യം നേടിയ വിവരം ഇനിയും അറിഞ്ഞില്ലേ എന്ന് ചോദിച്ചുകൊണ്ട് രണാങ്കണത്തില്‍ ഇറങ്ങിയവരുടെ മുന്നില്‍ ജമാഅത്തെ ഇസ്‌ലാമി യോദ്ധാക്കളും ഉണ്ടായിരുന്നു. ഇടുക്കിയിലെ ആദിവാസി മൂപ്പന്‍ മരിച്ചാലും സര്‍ക്കാര്‍ അവധി കൊടുക്കുമോ എന്നും ഇപ്പോഴും ഫ്യൂഡല്‍ സവര്‍ണതയുടെ തഴമ്പും പേറി നടക്കുകയാണോ സര്‍ക്കാര്‍ എന്നും രാജഭക്തി കാണിക്കുന്നവര്‍ക്ക് ഇത് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ആണെന്ന് ഓര്‍മ വേണമെന്നും ജമാഅത്ത് യോദ്ധാക്കള്‍ കിട്ടാവുന്ന ചുമരുകളിലെല്ലാം രോഷം കൊണ്ടു. ഈ രോഷപ്രകടനം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുന്‍പാണ് യോദ്ധാക്കളുടെ ആസ്ഥാന വിദ്വാന്മാര്‍ പുതിയ രാജാവിന്റെ സ്ഥാനാരോഹണത്തെ അഭിനന്ദിക്കാന്‍ മലബാറില്‍ നിന്ന് തിരുവിതാംകൂര്‍ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് കുതിച്ചെത്തിയത്.
കഴിഞ്ഞ കുറച്ചു കാലമായി കവടിയാര്‍ കൊട്ടാരവും തിരുവിതാംകൂറിലെ പഴയ രാജാക്കന്മാരും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ പേരിലാണ്. ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്ത നികുതിയുടെ ഉടമസ്ഥാവകാശം സ്വാതന്ത്ര്യം കിട്ടിയ ശേഷവും തങ്ങള്‍ക്കാണെന്നാണ് അമീറിന്റെ പ്രതിരൂപങ്ങളായ തമ്പുരാന്മാരുടെയും തമ്പുരാട്ടിമാരുടെയും വാദം. ലോകത്ത് ഒരിടത്തും കേട്ടുകേള്‍വി പോലുമില്ലാതിരുന്ന നികുതി സമ്പ്രദായം ഉണ്ടായിരുന്ന രാജ്യമായിരുന്നു തിരുവിതാംകൂര്‍. മുലക്കരം, തലക്കരം, കച്ചപ്പണം തുടങ്ങി നൂറോളം നികുതികള്‍ ഏര്‍പ്പെടുത്തിയാണ് കീഴ്ജാതിക്കാരുടെ അധ്വാനത്തെയും സമ്പത്തിനെയും ജീവിതത്തെയും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കൊള്ളയടിച്ചത്. ആലപ്പുഴ ചേര്‍ത്തലക്കടുത്തു മുലയന്‍പറമ്പ് എന്നൊരു സ്ഥലമുണ്ട്. മുലക്കരം വാങ്ങാന്‍ വന്ന, തിരുവിതാംകൂര്‍ രാജാവിന്റെ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ സ്വന്തം മുല മുറിച്ചെടുത്തു വാഴ ഇലയില്‍ വെച്ചുകൊടുത്ത നങ്ങേലി മരിച്ചു വീണ സ്ഥലമാണത്. ഇങ്ങനെ കീഴാളവര്‍ഗ സ്ത്രീകളുടെ അവയവങ്ങള്‍ക്ക് പോലും നികുതി ചുമത്തി ഖജനാവ് നിറച്ച, ഇന്ത്യയിലെ തന്നെ ഏറ്റവും നീചമായ ജാതി പാരമ്പര്യങ്ങളുടെ സംരക്ഷകരായിരുന്നു തിരുവിതാംകൂര്‍ രാജവംശം. നാടിന്റെ ഒരുമക്കു വേണ്ടി പ്രവര്‍ത്തിച്ചവര്‍ എന്ന് ആരിഫലിയും പരിവാരങ്ങളും അഭിനന്ദിച്ച ഈ രാജവംശം സാധാരണക്കാരായ മനുഷ്യരോട് ചെയ്ത ക്രൂരകൃത്യങ്ങളുടെ ജീവിക്കുന്ന സാക്ഷിയാണ് മുലയന്‍പറമ്പ്. പിന്നാക്ക ജനവിഭാഗങ്ങളുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനു വേണ്ടി പോരാടുന്ന ഇസ്‌ലാമിക പ്രവര്‍ത്തകരാണ് എന്ന് പാടി നടക്കുന്നവരാണ് തിരുവിതാംകൂറിലെ ദളിത് ജീവിതങ്ങളെ ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പിനു പോലും ഇടം കൊടുക്കാത്ത വിധം പിച്ചിച്ചീന്തിയ, ചൂഷണത്തിന്റെ ഹിമാലയം കയറിയിറങ്ങിയ രാജകുടുംബത്തെ, അതിന്റെ ഭരണ കാലം കഴിഞ്ഞിട്ടും, ജനാധിപത്യം വന്നിട്ടും അവിടെ പുതിയൊരു രാജാവ് സ്ഥാനീയനായിട്ടുണ്ട് എന്നും പറഞ്ഞ് അങ്ങോട്ട് പോയി അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയത്!. അവര്‍ നാടിന്റെ ഒരുമക്കും മതേതരത്വത്തിനും നല്‍കിയ സേവനങ്ങള്‍ക്ക് നല്ല നമസ്‌കാരം പറഞ്ഞത്!!
ഈ രാജാക്കന്മാര്‍ക്കെതിരെ എട്ടുവീട്ടില്‍ പിള്ളമാരുടെ നേതൃത്വത്തില്‍ കലാപം നടന്നപ്പോള്‍, രാജ്യത്തെ ശ്രീപത്മനാഭന്റെ കാല്‍പ്പാദങ്ങളില്‍ സമര്‍പ്പിച്ച്, തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭ സ്വാമിയുടെതാണെന്നും തങ്ങള്‍ പത്മനാഭന്റെ പ്രതിനിധികളായ വെറും ദാസന്മാര്‍ മാത്രമാണെന്നും രാജ്യത്തിനെതിരെ കലാപം ചെയ്യുന്നത് ദൈവത്തിനെതിരെ കലാപം ചെയ്യുന്നതിന് തുല്യമാണെന്നും പറഞ്ഞാണ് പ്രതിഷേധങ്ങളെ കവടിയാര്‍ കൊട്ടാരവാസികള്‍ നേരിട്ടത്. അവരാണ് ആരിഫലിയുടെയും പരിവാരങ്ങളുടെയും പുതിയ കൂട്ടുകാര്‍ എന്ന കാര്യത്തില്‍ അധികം അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ആരിഫലിയെയും പൂയം തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായിയെയും ബന്ധിപ്പിക്കുന്ന ഒട്ടനവധി ഘടകങ്ങള്‍ ഉണ്ട് എന്നത് തന്നെ കാരണം. ഭരിക്കാന്‍ രാജ്യമില്ലെങ്കിലും രാജാക്കന്മാര്‍ എന്നാണ് രണ്ട് പേരും അറിയപ്പെടുന്നത്. ഒരാള്‍ മുമ്പ് ഭരിച്ചതിന്റെ ഹാംഗോവറിലാണ് ഇപ്പോഴും രാജാവ് എന്നും തമ്പുരാട്ടി എന്നുമൊക്കെ പറഞ്ഞ് നടക്കുന്നതെങ്കില്‍ മറ്റെയാള്‍ നാളെ വരും വരും എന്ന് പ്രത്യാശിച്ചിരിക്കുന്ന ദൈവരാജ്യത്തിന്റെ രാജാവായിരിക്കും എന്ന പ്രതീക്ഷയിലാണ് രാജാവ് എന്ന പേരും പേറി നടക്കുന്നത്. അതുകൊണ്ട് തന്നെ പഴയ ക്ഷത്രിയ ഹിന്ദു രാജാവും ഇനി വരുന്ന ഹുകൂമത്തെ ഇലാഹിയില്‍ സുല്‍ത്താന്‍ ആകാനുള്ള ആളും തമ്മിലുള്ള ട്യൂഷന്‍ ക്ലാസ് എന്ന നിലയില്‍ വേണം ആ സൗഹൃദത്തെ ചരിത്ര രാഷ്ട്രീയ ബോധമുള്ളവര്‍ മനസ്സിലാക്കാന്‍.
ഇന്നും കേരളത്തില്‍ വരേണ്യ വര്‍ഗത്തിന്റെ മേധാവിത്വം നിലനിര്‍ത്തുന്നതിന് പിന്തുണ നല്‍കുന്ന സാംസ്‌കാരിക ഓര്‍മകളുടെ ഇരിപ്പിടമായ ഒരു രാജവംശത്തിന്റെ പിന്തുടര്‍ച്ചക്കാരെ ജമാഅത്തെ ഇസ്‌ലാമി പരിവാരങ്ങള്‍ സ്തുതികീര്‍ത്തനങ്ങള്‍ കൊണ്ടു മൂടുമ്പോള്‍ ചേന്ദമംഗല്ലൂരിനെ കുറിച്ചു നിസാര്‍ പറഞ്ഞ കഥയുടെ വിപുലവും വ്യവസ്ഥാപിതവുമായ രൂപമാണ് തെളിഞ്ഞുവരുന്നത്. തിരുവിതാംകൂര്‍ രാജവംശം സൂക്ഷിക്കുന്ന ഈ വലതുപക്ഷ ഹൈന്ദവ വരേണ്യ ബോധമാണ് കവടിയാര്‍ കൊട്ടാരം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കണ്ണും നട്ടിരിക്കാന്‍ ബി ജെ പിക്ക് പ്രതീക്ഷ നല്‍കുന്നതും മോദിക്ക് പോലും തിരുവനന്തപുരം പ്രിയപ്പെട്ട ലോകസഭാ മണ്ഡലമായിത്തീരുന്നതും. ഇടതുപക്ഷത്ത് നിന്ന് പോലും ഒരവര്‍ണനെ മത്‌സരിപ്പിക്കുന്നതിനെ കുറിച്ചു ആലോചിക്കാന്‍ കഴിയാത്ത വിധം തിരുവനന്തപുരം സവര്‍ണ വലതുപക്ഷ ഹൈന്ദവ ബോധത്തിന്റെ അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നതിന്റെ ചരിത്രം മനസ്സിലാകണമെങ്കില്‍ ആരിഫലിയും പരിവാരങ്ങളും അഭിനന്ദനങ്ങള്‍ കൊണ്ടു മൂടിയ തിരുവിതാംകൂര്‍ രാജവംശത്തിന്റെ മതേതര സംഭാവനകളുടെ യഥാര്‍ഥ ചരിത്രം വായിക്കണം. ഇസ്‌ലാമിക ലോകവുമായി ഉറ്റ ബന്ധം ഉണ്ട് എന്നതിന് തെളിവായി തമ്പുരാട്ടി കാണിച്ചുകൊടുത്ത പ്രാചീന അറബി നാണയങ്ങളും കണ്ടു ആനന്ദ ലബ്ധിയടഞ്ഞിറങ്ങിയ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ തിരുവിതാംകൂര്‍ ഖജനാവിലെ നാണയങ്ങള്‍ എങ്ങനെ അവിടെയെത്തി എന്ന് ഏറ്റവും കുറഞ്ഞത് സ്വന്തം പത്രത്തിലെ എഴുത്തുകാരായ ദളിത് ബുദ്ധിജീവികളോടെങ്കിലും ചോദിച്ചു പഠിക്കണം. അപ്പോള്‍ അറിയാം സ്വന്തം ജനതയുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധത്തിന്റെ യഥാര്‍ഥ ചിത്രം. അതിനു മെനക്കെടാന്‍ അമീറുമാര്‍ക്ക് സമയമില്ലാത്തത് ‘സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ’ യഥാര്‍ഥത്തിലുള്ള കൂറ്, നിസാര്‍ പറഞ്ഞതുപോലെ കവടിയാര്‍ കൊട്ടാരത്തില്‍ തന്നെ ആയതുകൊണ്ടാണ്. ചേന്ദമംഗല്ലൂരിലെ ആ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട കളിക്കാരെ പോലെ, സ്വയം കളിക്കാന്‍ പാകമായാല്‍ പുറത്താക്കി പിണ്ഡം വെക്കാനുള്ളതാണല്ലോ ദളിതുകളെയും. അപ്പോള്‍ സലീന പ്രക്കാനമോ, സി കെ ജാനുവോ അല്ല, പൂയം തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയും തന്നെയാകണം ‘സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ’ ‘വിശ്വസ്തരായ സഹയാത്രികര്‍. ‘ചേരേണ്ടത് ചേരേണ്ടതിനോടേ ചേരൂ’ എന്നാണല്ലോ പ്രമാണം.

ALSO READ  ഉപഭോക്താവാണ് ഇനി രാജാവ്