പത്ത് കോടി പുതിയ വോട്ടര്‍മാര്‍

Posted on: January 25, 2014 11:16 pm | Last updated: January 25, 2014 at 11:16 pm

voteന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുക 81 കോടി വോട്ടര്‍മാര്‍. 2009നെ അപേക്ഷിച്ച് പത്ത് കോടി വോട്ടര്‍മാര്‍ അധികമുണ്ട് ഇപ്രാവശ്യം. വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധനവ് ശക്തമായ ജനകീയതയെയാണ് കാണിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. 2004നും 2009നും ഇടക്ക് നാല് കോടി വോട്ടര്‍മാരേ കൂടിയിരുന്നുള്ളൂ.
2009 മുതല്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നേടിയ പത്ത് കോടി വോട്ടര്‍മാരില്‍ നാല് കോടി പേര്‍ 18നും 22നും ഇടയില്‍ പ്രായമുള്ളവരാണ്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ 3.91 കോടി പേര്‍ വോട്ടര്‍മാരായി എന്നതാണ് ശ്രദ്ധേയം. ഇവരില്‍ 1.27 കോടി 18നും 19നും ഇടയില്‍ പ്രായമുള്ളവരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ അക്ഷയ് റൗത് പറഞ്ഞു. ദേശീയ സമ്മതിദായക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ക്കിടയിലും വനിതകള്‍ക്കിടയിലും അഭൂതപൂര്‍വമായ ആവേശമാണ് ഈ വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഉണ്ടായതെന്ന് അദ്ദേഹം വിലയിരുത്തി. 2011ല്‍ പുതിയ വോട്ടര്‍മാരുടെ എണ്ണം 52 ലക്ഷമായിരുന്നു. തൊട്ടടുത്ത വര്‍ഷം 3.83 കോടി ആയി. ഇതില്‍ 1.09 കോടി 18നും 19നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. കഴിഞ്ഞ വര്‍ഷം 2.32 കോടി പുതിയ വോട്ടര്‍മാരുണ്ടായി. ഇവരില്‍ 93 ലക്ഷം പേരാണ് 18നും 19നും ഇടയില്‍ പ്രായമുള്ളവര്‍.