Connect with us

Kerala

കലോത്സവത്തില്‍ എട്ടാം തവണയും കോഴിക്കോടന്‍ വീരഗാഥ

Published

|

Last Updated

പാലക്കാട്: കോഴിക്കോടന്‍ വീരഗാഥക്ക് മുന്നില്‍ പാലക്കാടന്‍ കാറ്റും അടിയറവ് പറഞ്ഞു. 54ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും കിരീടത്തില്‍ കോഴിക്കോടന്‍ മുത്തം. 926 പോയിന്റ് നേടിയാണ് തുടര്‍ച്ചയായ എട്ടാം തവണയും കോഴിക്കോട് നിലനിര്‍ത്തിയത്. 920 പോയിന്റ് നേടി ആതിഥേയരായ പാലക്കാട് രണ്ടാം സ്ഥാനവും 918 പോയിന്റ് നേടിയ തൃശൂര്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. അടുത്ത വര്‍ഷത്തെ കലോത്സവം എറണാകുളത്ത് നടക്കും.

അക്ഷരാര്‍ഥത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്. അപ്പീലുകള്‍ പരിഗണിക്കുന്നതിന് മുമ്പ് പാലക്കാട് ജില്ലയായിരുന്നു ഒന്നാം സ്ഥാനത്ത്. അവസാന ഇനമായ വഞ്ചിപ്പാട്ട് മത്സരമാണ് പാലക്കാടിനെ കുറച്ചുനേരത്തേക്കെങ്കിലും സന്തോഷിപ്പിച്ചത്. വഞ്ചിപ്പാട്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ പാലക്കാട് കിരീടം നേടിയതായി വാര്‍്തത പരന്നു. എന്നാല്‍ അപ്പീലുകള്‍ പരിഗണിച്ചപ്പോള്‍ കിരീടം കോഴിക്കോടിന് തന്നെ സ്വന്തമാകുകയായിരുന്നു.

മലപ്പുറം(902), കണ്ണൂര്‍(872), കോട്ടയം(846), എറണാകുളം(842), ആലപ്പുഴ(832), കൊല്ലം(822), കാസര്‍കോട്(818), തിരുവനന്തപുരം(804), വയനാട്(782), പത്തനംതിട്ട(745), ഇടുക്കി(724) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.

അറബിക് കലോല്‍സവത്തില്‍ പാലക്കാടും മലപ്പുറവും കോഴിക്കോടും കണ്ണൂരും കിരീടം പങ്കിട്ടു. സംസ്‌കൃതോല്‍സവത്തില്‍ മലപ്പുറവും കോട്ടയവും ചാംപ്യന്‍മാരായി. 91 പോയന്റുമായി ബി.എസ്.എസ് ഗുരുകുലം സ്‌ക്കൂളാണ് ഏറ്റവും കൂടുതല്‍ പോയന്റ് നേടിയത്.

കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ ചലചിത്ര താരം കാവ്യാമാധവനായിരുന്നു മുഖ്യാതിഥി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, ഷാഫി പറമ്പില്‍ എം എല്‍ എ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനായിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം അദ്ദേഹത്തിന് ചടങ്ങിനെത്താന്‍ കഴിഞ്ഞില്ല.

Latest