പ്രതീക്ഷ തെറ്റിച്ച ബജറ്റ്

Posted on: January 25, 2014 6:00 am | Last updated: January 25, 2014 at 12:30 am

siraj copyകാര്‍ഷിക, സാമൂഹിക ക്ഷേമ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് കെ എം മാണിയുടെ പന്ത്രണ്ടാമത്തെ ബജറ്റ്. 26 നാണ്യ വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ്, രണ്ട് ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ളവര്‍ക്ക് ദീര്‍ഘകാല വായ്പക്ക് 50 ശതമാനം സബ്‌സിഡി, പ്രീമിയത്തിന്റെ 90 ശതമാനവും സര്‍ക്കാര്‍ വഹിക്കുന്ന കര്‍ഷക വരുമാന ഉറപ്പ് പദ്ധതി, വായ്പയുള്‍പ്പെടെയുള്ള സഹായങ്ങള്‍ക്ക് അഗ്രി കാര്‍ഡ് തുടങ്ങി കേരളത്തെ കാര്‍ഷിക ഹൈടെക് സംസ്ഥാനമായി വികസിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ തുടര്‍ച്ചയായി ഈ വര്‍ഷവും ചില പദ്ധതികള്‍ ബജറ്റിലുണ്ട്. 964 കോടിയാണ് കാര്‍ഷിക മേഖലക്കുള്ള വകയിരുത്തല്‍. അനാഥര്‍ക്ക് ഹയര്‍ സെക്കന്‍ഡറി വരെ സര്‍ക്കാര്‍ ചെലവില്‍ വിദ്യാഭ്യാസം, വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങളിലെ രോഗികള്‍ക്ക് 1000 രൂപ പ്രത്രിമാസ ധനസഹായം, പെന്‍ഷനുകളില്‍ വര്‍ധന, സ്വയംസംരംഭത്തിന് താത്പര്യമുള്ള വനിതകള്‍ക്ക് പ്രോത്സാഹനം തുടങ്ങിയവാണ് വരുമാനത്തിന്റെ 31 ശതമാനം നീക്കിവെച്ച സാമൂഹിക ക്ഷേമ മേഖലകളിലെ പ്രധാന പ്രഖ്യാപനങ്ങള്‍.
ആരോഗ്യമേഖലക്ക് 629 കോടി, വിദ്യാഭ്യാസത്തിന് 879 കോടി, വൈദ്യുത വിതരണ മേഖലക്ക് 317 കോടി ഉള്‍പ്പെടെ ഊര്‍ജമേഖലക്ക് 1370 കോടി, ഗ്രാമവികസനത്തിന് 617 കോടി, മൃഗസംരക്ഷണത്തിന് 295 കോടി, കയര്‍ വ്യവസായത്തിന് 116 കോടി, ശുദ്ധജല വിതരണത്തിനും മാലിന്യനിര്‍മാര്‍ജനത്തിനുമായി 774 കോടി, മത്സ്യ മേഖലക്ക് 30 കോടി, പട്ടികജാതി വികസനത്തിന് 469 കോടി രൂപ. പട്ടികവര്‍ഗ വികസനത്തിന് 1034 കോടി, വിനോദസഞ്ചാര മേഖലക്ക് 206 കോടി, ഐ ടി പാര്‍ക്കുകളുടെ വികസനത്തിന് 134 കോടി, സഹകരണ മേഖലക്ക് 83 കോടി, വന്യജീവി സംരക്ഷണത്തിന് 150 കോടി എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ ബജറ്റ് വിഹിതം. കെ എസ് ആര്‍ ടി സിയെ തകര്‍ച്ചയില്‍ നിന്ന് കക്ഷിക്കാന്‍ 177 കോടി അനുവദിച്ചിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെ, കാര്യമായ നികുതി നിര്‍ദേശങ്ങളുണ്ടാകില്ലെന്ന കണക്കുട്ടല്‍ തെറ്റിച്ചു, പരോക്ഷമെങ്കിലും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നതും, സാധാരണക്കാരുടെ ജീവിത ഭാരം വര്‍ധിപ്പിക്കുന്നതുമായ നികുതികള്‍ ബജറ്റ് നിര്‍ദേശിക്കുന്നു. വെളിച്ചെണ്ണ ഒഴികെയുള്ള ഭക്ഷ്യ എണ്ണ, തുണിത്തരങ്ങള്‍, വാഹനങ്ങള്‍, ഭൂമി റജിസ്‌ട്രേഷന്‍, ഇന്‍വര്‍ട്ടര്‍, യു പി എസ്, ഫഌറ്റുകള്‍, ഇന്റര്‍ സ്‌റ്റേറ്റ് ബസ്, കെട്ടിട നികുതി, മെറ്റല്‍- ക്രഷര്‍ യൂനിറ്റുകള്‍ തുടങ്ങിയവയിലാണ് നികുതി വര്‍ധന. ഭൂമിയുടെ വില വര്‍ധിപ്പിക്കുന്നതിന് നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ചരക്ക് വാഹനങ്ങളുടെത് ഉള്‍പ്പെടെ വാഹന നികുതിയില്‍ ഏഴ് മുതല്‍ 33 ശതമാനം വരെയാണ് വര്‍ധന. കടത്തുകൂലി വര്‍ധനവിന് ഇടയാക്കുന്ന ഈ നിര്‍ദേശത്തിന്റെ പരിണതി നിത്യോപയോഗ സാധന വിലയിലെ കുതിച്ചു കയറ്റമാണ്. മെറ്റല്‍- ക്രഷര്‍ യൂനിറ്റുകളുടെ നികുതി വര്‍ധന നിര്‍മാണ രംഗത്തെ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കും. സംസ്ഥാനം അഭിമുഖീകരിക്കുന്ന രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിന്റെ ലഘൂകരണമാണ് നികുതി വര്‍ധനവിന് സര്‍ക്കാര്‍ പറയുന്ന ന്യായീകരണമെങ്കിലും, സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തോടെ വന്നുചേരുന്ന അധിക ബാധ്യത പരിഹരിക്കാനല്ലാതെ സാമ്പത്തിക മാന്ദ്യം ലഘൂകരിക്കാന്‍ ഇത് സഹായമാകില്ല.
മോശമായ സാമ്പത്തിക കാലാവസ്ഥ കാരണമായിരിക്കാം, ആനുകൂല്യങ്ങളെന്ന പേരില്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചതല്ലാതെ, പറയത്തക്ക പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ലെന്നത് ഒരു തരത്തില്‍ ആശ്വാസകരമാണ്. നടപ്പാക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങള്‍ ഉപേക്ഷിക്കുന്നത് തന്നെയാണ് ഉചിതം. കഴിഞ്ഞ ബജറ്റിലെ പദ്ധതികള്‍ തന്നെ ഇപ്പോഴും പ്രാരംഭ നടപടികളിലേക്ക് പോലും കടന്നിട്ടില്ല. നടപ്പു സാമ്പത്തിക വര്‍ഷത്തെ കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ പദ്ധതി വിഹിതത്തിന്റെ 40 ശതമാനം മാത്രമാണ് വിനിയോഗിച്ചതെന്നാണ് കണക്ക്. നികുതി വരുമാനത്തിലെ പ്രതീക്ഷിത ലക്ഷ്യം കൈവരിക്കുന്നതിലും ധനവിനിയോഗ ഏകീകരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും വന്ന അനാസ്ഥയും ഉയര്‍ന്ന നാണ്യപ്പെരുപ്പം സഷ്ടിച്ച സാമൂഹിക ക്ഷേമ പദ്ധതി ചെലവുകളിലെ വര്‍ധനയുമാണ് സമ്പദ്ഘടനയുടെ തകര്‍ച്ച രൂക്ഷമാക്കിയതെന്ന് വ്യാഴാഴ്ച സഭയില്‍ അവതരിപ്പിച്ച സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ ധനമന്ത്രി പറയുകയുണ്ടായി. ഭരണച്ചെലവ് നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതിലും വന്‍വീഴ്ചയാണ് സംഭവിച്ചത്. സാമ്പത്തിക പ്രതിസന്ധി മുലം ട്രഷറി അടച്ചിടേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ പോലും ഭരണരംഗത്ത് അച്ചടക്കം പാലിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ദുഃഖസത്യം. ഭരണ, ഉദ്യോഗസ്ഥ തലങ്ങളില്‍ പുനരാലേചനയും വീണ്ടുവിചാരവുമുണ്ടായില്ലെങ്കില്‍ കമ്മി കുത്തനെ ഉയരുകയും വികസന പദ്ധതികള്‍ പ്രഖ്യാപനത്തിലൊതുങ്ങുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തില്‍ നിന്ന് സംസ്ഥാനത്തിന് അടുത്തൊന്നും കരകയറാനാകില്ല.