യു എസില്‍ അഞ്ചില്‍ ഒരു വനിത ലൈംഗിക അതിക്രമത്തിന് ഇരയാകുന്നു: റിപ്പോര്‍ട്ട്

Posted on: January 23, 2014 10:43 pm | Last updated: January 23, 2014 at 10:43 pm

rapeവാഷിംഗ്ടണ്‍: അമേരിക്കയില്‍ അഞ്ചില്‍ ഒരു വനിത ജീവിതത്തില്‍ ഒരിക്കലെങ്കിലും ബലാത്സംഗം ചെയ്യപ്പെടുന്നുവെന്ന് വൈറ്റ്ഹൗസ് റിപ്പോര്‍ട്ട്. ബലാത്സംഗം ചെയ്യപ്പെടുന്നവരുടെ എണ്ണം 22 ദശലക്ഷത്തോളം വരുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ പകുതിയും 18 വയസ്സിന് മുമ്പായി ലൈംഗിക അതിക്രമത്തിന് ഇരയായവരാണ്.
സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രസിഡന്റ് ബരാക് ഒബാമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കാബിനറ്റ് യോഗത്തിലാണ് ഭീകരമായ സാമൂഹിക അരക്ഷിതാവസ്ഥയിലേക്ക് വെളിച്ചം വീശുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. യോഗത്തില്‍ വിവിധ ഏജന്‍സികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ബലാത്സംഗം ചെയ്യപ്പെടുന്നവരില്‍ 33.5 ശതമാനം പേര്‍ ബഹുവംശത്തില്‍ പെട്ടവരാണ്. 27 ശതമാനം പേര്‍ അമേരിക്കന്‍ ഇന്ത്യനും അലാസ്‌കാ തദ്ദേശീയ സ്ത്രീകളുമാണ്.
15 ശതമാനം ഹിസ്പാനിക് വംശജര്‍, 22 ശതമാനം കറുത്ത വര്‍ഗക്കാര്‍, 19 ശതമാനം വെള്ളവര്‍ഗക്കാരായ സ്ത്രീകള്‍ എന്ന രീതിയിലാണ് ഇരയാക്കപ്പെടുന്നവരുടെ കണക്കുകള്‍.
വിദ്യാര്‍ഥികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കരകയറ്റാനും ക്രമിനലുകളുടെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും നടപടികള്‍ മെച്ചപ്പെടുത്താനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
കുട്ടികളെ ഇത്തരം അതിക്രമത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രത്യേക സേന രൂപവത്കരിക്കാനുള്ള മെമ്മോറാണ്ടത്തില്‍ ഒബാമ ഒപ്പ് വെക്കുകയും ചെയ്തു. പത്ത് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും സര്‍വസാധാരണായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.