രാഷ്ട്രീയ പ്രവര്‍ത്തനം തെറ്റായി നീങ്ങുന്ന കാലം

Posted on: January 22, 2014 6:00 am | Last updated: January 22, 2014 at 7:47 am

ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് നിസ്വാര്‍ഥരായി ആത്മാര്‍ഥമായി രാജ്യത്തെ സേവിക്കലാണ് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം. എന്നാല്‍, ഇന്ന് നടക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എന്താണ് എന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചതി, വഞ്ചന, കൊലപാതകം, അധികാരക്കൊതി, കുതികാല്‍ വെട്ട്, പണമുണ്ടാക്കല്‍, സ്വജനപക്ഷപാതം, ഫഌക്‌സ് പ്രചാരണം, ജീപ്പ് ജാഥ, മാര്‍ച്ചുകള്‍, വഴി തടയല്‍ സമരങ്ങള്‍, ഹര്‍ത്താലുകള്‍, പഠിപ്പുമുടക്കുകള്‍, തൊഴില്‍ സ്തംഭനം, പിടിച്ചുപറി, ശിപാര്‍ശക്കത്ത് നല്‍കല്‍, അഴിമതിക്ക് കൂട്ട്‌നില്‍ക്കല്‍, നിയമലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്യല്‍, കച്ചവട സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കല്‍ ഇങ്ങനെ നീണ്ടുപോകുന്നു നിലവിലെ രാഷ്ട്രീ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍. ഇവിടെ വിട്ടുപോകുന്നത് ജനസേവനമാണ്. പാര്‍ട്ടികള്‍ നേതാക്കളെ സമൂഹത്തിലേക്ക് കെട്ടിയിറക്കുന്നത് ഫഌക്‌സ് ബോര്‍ഡുകളിലൂടെയാണ്. നിലവിലെ രാഷ്ട്രീയ ഭൂപടത്തില്‍ സാധാരണ ജനങ്ങള്‍ക്കുള്ള പങ്ക് വോട്ട് ചെയ്യല്‍ മാത്രമായി മാറുകയാണോ? വോട്ട് നേടിക്കഴിഞ്ഞാല്‍ പിന്നെ തന്നിഷ്ട ഭരണമാണ്. ഭരണപക്ഷം ചെയ്യുന്നതിനെയെല്ലാം എതിര്‍ക്കുക എന്ന ഒരൊറ്റ അജന്‍ഡ മാത്രമാണ് പ്രതിപക്ഷത്തിനുള്ളത്. കേരളത്തിലാണെങ്കില്‍ മുന്നണി ഭരണങ്ങള്‍ മാറിമാറി വരുന്നതിനാല്‍, എല്ലാ കാര്യങ്ങളിലും പരസ്പരസഹായസഹകരണമാണ്. കേസുകള്‍ നിര്‍ജീവമാക്കല്‍, നടപടികള്‍ നീട്ടിക്കൊണ്ടുപോകല്‍, സമരങ്ങള്‍ക്ക് പരസ്പര സഹായങ്ങള്‍, പോലീസിനെ നിര്‍ജീവമാക്കല്‍, ജയിലില്‍ സുഖസൗകര്യങ്ങളൊരുക്കല്‍, ഒത്തുതീര്‍പ്പ് സമരങ്ങള്‍ ഇങ്ങനെ പോകുന്നു രാഷ്ട്രീയ സേവനം.
ഒരു കൂട്ടര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അഴിമതികള്‍, ഭരണപ്പിഴവുകള്‍, നിഷേധാത്മക നിലാപാടുകള്‍, ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഭരണം മാറിയാലും തുടര്‍ന്നുകൊണ്ടുപോകുന്നു. തെറ്റുകള്‍, ഭരണവൈകല്യങ്ങള്‍, നിയമലംഘനങ്ങള്‍, തിരുത്താന്‍ കൂട്ടാക്കാത്ത ഭരണം. നിയമ ലംഘനങ്ങള്‍ എന്ത് നടത്തിയാലും ‘മുമ്പുള്ളവര്‍ ഇത് തന്നെയായിരുന്നില്ലേ നടത്തിയതെ’ന്ന വിശദീകരണത്തില്‍ എല്ലാം ഒതുക്കുന്നു. ജനങ്ങള്‍ എപ്പോഴും നിസ്സഹായരായി മാറുന്നു. എല്ലാ ദുഷ്പ്രവൃത്തികള്‍ക്കും രാഷ്ട്രീയമെന്ന ഓമനപ്പേര് നല്‍കുന്നു. സേവനമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെങ്കില്‍ സേവനത്തിന്റെ കണിക പോലുമില്ലാത്ത പ്രവര്‍ത്തനങ്ങള്‍. സര്‍ക്കാര്‍ ഖജനാവും സ്വത്തുക്കളും വീതിച്ചെടുക്കുകയും സര്‍ക്കാര്‍ ഭൂമി കമ്മീഷന്‍ വാങ്ങി മുതല്‍മുടക്കുകാരന് തീറെഴുതി നല്‍കുകയും ചെയ്യുന്നതിലുമായി വികസനത്തെ തളച്ചിടുന്ന, വന്‍ തിരിമറികളുടെ കൂത്തരങ്ങായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മാറിയിരിക്കുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സല്‍ഭരണത്തിന്റെ ലാഞ്ചനയെങ്കിലും ലഭിക്കുമെന്ന ആശ പോലും അവശേഷിപ്പിക്കാതെ നേതാക്കള്‍ അഴിമതിക്കാരായി മാറിയിരിക്കുന്നു.
ആദര്‍ശരാഷ്ട്രീയത്തിന്റെ വക്താക്കളെ നേതൃസ്ഥാനങ്ങളില്‍ നിന്ന് നിഷ്‌കാസനം ചെയ്യുന്ന കാഴ്ചയാണ് എല്ലാ പാര്‍ട്ടികളും സ്വീകരിച്ചുപോരുന്നത്. സത്യം, സമത്വം, നീതി, സത്യസന്ധത, സേവന മനോഭാവം തുടങ്ങിയ ഗുണങ്ങളുള്ള നേതാക്കളെ കെണിയൊരുക്കി തളച്ചിടുന്ന തലത്തിലേക്ക് രാഷ്ട്രീയ നേതൃത്വം മാറിയിരിക്കുന്നു. പാര്‍ട്ടി ഫണ്ട്, ഭൂമി, വരുമാനം, സ്ഥാനമാനങ്ങള്‍ എന്നിവക്കായി അധികാരവും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുക്കിയെടുക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതില്‍ സംസ്ഥാനത്തെ ഇരു മുന്നണികളും മത്സരിക്കുകയാണ്. ഇരു കൂട്ടരും അഴിമതി നടത്തുന്നതിനാല്‍ രണ്ടും നാട്ടുകാരറിയുന്നില്ല. ഒതുക്കിത്തീര്‍ക്കാന്‍ പ്രതിപക്ഷ സഹകരണം അനിവാര്യമാണ് എന്ന് പറയേണ്ടതില്ലല്ലോ.
ഒരു തൊഴിലും ചെയ്യാതെ ഖദര്‍ വസ്ത്രമോ വെള്ള വസ്ത്രമോ ധരിച്ച് പാര്‍ട്ടിക്കായി ജയ് വിളിച്ചും സമരം നടത്തിയും ജീവിതം നയിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജനനന്മ ലക്ഷ്യമാക്കി എന്തെങ്കിലും പ്രവര്‍ത്തനം ചെയ്യാനാകുമെന്ന് ചിന്തിക്കാമോ? പാര്‍ട്ടിയിലെ സ്ഥാനമാനങ്ങളും ജനപ്രതിനിധി സ്ഥാനവും മന്ത്രിപദവിയുമല്ലാതെ വ്യക്തിപരമായ താത്പര്യം വിട്ട് എന്തെങ്കിലും, ഇത്തരം രാഷ്ട്രീയ പ്രവര്‍ത്തകരുടെ മനസ്സില്‍ ഇടം പിടിക്കുമോ? പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്ന സ്ഥാനമാനത്തിന് പ്രത്യുപകാരമായി അഴിമതിയുടെ പാര്‍ട്ടിക്ക് ലാഭമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമേ അവര്‍ക്കുണ്ടാകൂ. സാധാരണക്കാരന്റെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ സേവനം ചെയ്യാനോ സ്ഥാനമോഹികളായ ഇത്തരക്കാര്‍ക്ക് സമയം കണ്ടെത്താനാകുമോ? വഴി വിട്ട് കാര്യം സാധിക്കാന്‍ വേണ്ടി നിയമലംഘനം നടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പോലീസിനെയും ദുര്‍വിനിയോഗം ചെയ്യുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയം മാറുന്നത് അധികാര മോഹത്തിന്റെ രാഷ്ട്രീയത്തില്‍ നിന്നാണ്.
ശരിയായ രാഷ്ട്രീയത്തില്‍ നേതൃത്വം വഴികാട്ടികളാണ്. വളര്‍ന്നുവരുന്ന ചെറുപ്പക്കാര്‍ക്ക് മാതൃകയാകേണ്ടത് തല മൂത്ത രാഷ്ട്രീയക്കാര്‍ കാണിക്കുന്ന മാന്യത കൈവിട്ട, സദാചാരപരമല്ലാത്ത, അനീതിപരമായ പ്രവര്‍ത്തനങ്ങളാണ് ഇന്ന് യുവത്വത്തിന് വഴികാട്ടികളാകുന്നത്. രാഷ്ട്രീയമെന്ന വാക്കിന് പോലും ഇത് മൂലം അര്‍ഥവ്യത്യാസം വന്നുകഴിഞ്ഞു. വഴി വിട്ട നിയമനങ്ങള്‍ക്കും നടപടികള്‍ക്കും ശിപാര്‍ശകള്‍ക്കും രാഷ്ട്രീയക്കാര്‍ തയ്യാറാകുമെന്ന ധാരണ പരത്തുന്നതില്‍ ഇന്നത്തെ രാഷ്ട്രീയം വിജയിച്ചു. ഇതു മൂലം ശരിയായ ദിശാബോധവും രാഷ്ട്ര സ്‌നേഹവും ഗുണപരമായ ശേഷിയും ചിന്താധാരയുമുള്ള ചെറുപ്പക്കാരെ മുഖ്യധാരാ രാഷ്ട്രീയ പ്രവൃത്തനങ്ങള്‍ക്ക് കിട്ടാതായി. കളവ്, ചതി, വഞ്ചന, തട്ടിപ്പ്, കൊലപാതകം, അടിപിടി, തിരിമറി, വ്യഭിചാരം, അഴിമതി, കള്ളക്കടത്ത് തുടങ്ങിയവയില്‍ പെടുന്നവരുടെ അത്താണിയായി ഇന്ന് രാഷ്ട്രീയ നേതാക്കള്‍ മാറിയിരിക്കുന്നു. ജനവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സഹായമെത്തിക്കുക എന്നതാണ് ജനസേവനമായി പല രാഷ്ട്രീയ നേതാക്കളും തെറ്റിദ്ധരിച്ചിട്ടുള്ളത്. സ്വന്തം താത്പര്യങ്ങള്‍ക്കും പാര്‍ട്ടി താത്പര്യമെന്ന വ്യാജേന സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യാന്‍ ഇക്കൂട്ടര്‍ക്ക് ഒരു മടിയുമില്ല. സ്വാര്‍ഥവും സങ്കുചിതവുമായ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി വോട്ട് ബേങ്ക് രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയക്കാര്‍ രാജ്യത്തിന്റെ മതേതര കാഴ്ചപ്പാട് തകര്‍ക്കുകയാണ് ചെയ്യുന്നത്. നമ്മുടെ നാടിനെ വേറിട്ട് നിര്‍ത്തുന്നത് നമ്മുടെ മതേതര സംവിധാനങ്ങളും കാഴ്ചപ്പാടുകളുമാണ്. എന്നാല്‍ വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതും പ്രീണന നിലപാടെടുക്കുന്നതുമായ സമീപനം വന്‍ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക.
താത്കാലിക ലാഭത്തിനായി രാജ്യതാത്പര്യത്തിനും വരും തലമുറയുടെ അവകാശങ്ങള്‍ക്കും വിരുദ്ധമായി പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്നതിന് കൂട്ട്‌നില്‍ക്കുന്ന രാഷ്ട്രീയ സമീപനം സങ്കുചിതമാണ്. നമ്മുടെ മണ്ണും മലകളും വനങ്ങളും പാടശേഖരങ്ങളും കാവുകളും കുളങ്ങളും നദികളും തണ്ണീര്‍ത്തടങ്ങളും കായലുകളും കടലും സര്‍ക്കാര്‍ ഭൂമികളും വരും തലമുറകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. എന്നാല്‍ ലാഭക്കൊതി പൂണ്ട കമ്മീഷന്‍ ദാഹികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ കക്ഷിഭേദമന്യേ നമ്മുടെ പ്രകൃതിക്ക് വില പേശുകയാണ്. പാറയും മണ്ണും വെള്ളവും കളിമണ്ണും മറ്റു പ്രകൃതിവിഭവങ്ങളും വില പറഞ്ഞ് കമ്മീഷന്‍ പറ്റുന്ന രാഷ്ട്രീയക്കാര്‍ സംസ്ഥാനത്ത് ഏറി വരികയാണ്. വികസനം പാവപ്പെട്ടവനും സാധാരണക്കാരനും കര്‍ഷകനും കച്ചവടക്കാരനും ഗുണം ചെയ്യണം. എന്നാല്‍, മുതല്‍മുടക്കുകാരനെ പ്രീണിപ്പിച്ച് ഖജനാവ് കൊള്ളയടിക്കാന്‍ കൂട്ട്‌നില്‍ക്കലാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് തെറ്റിദ്ധരിച്ച ഒരുപാട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ നമ്മുടെ ഇടയിലുണ്ട്.
വികസനം നൈമിഷികമാകരുതെന്നും സുസ്ഥിരമാകണമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്ക് ക്ഷതം സൃഷ്ടിക്കരുതെന്നുമുള്ള രാജ്യതാത്പര്യ നിലപാടെടുക്കാന്‍ ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് കഴിയുന്നില്ല. നേതൃത്വത്തിലെ പുഴുക്കുത്തുകളാണ് ഈ ചിന്താമാറ്റത്തിന് കാരണമെന്ന് വളരെ വ്യക്തമാണ്. ആത്യന്തികമായി ഭരണവും ഭരണസംവിധാനങ്ങളും ജനങ്ങള്‍ക്ക് ആശ്വാസം പകരണം. വികസന പ്രവര്‍ത്തനങ്ങള്‍ അതിനുള്ള മാര്‍ഗങ്ങളാണ്. അതുമൂലം ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കരുത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പണക്കാരന് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അവര്‍ക്ക് പണം ഉണ്ടാക്കാന്‍ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നതിനും കൂട്ട് നില്‍ക്കുന്ന സംവിധാനവുമായി മാറാന്‍ ഇട നല്‍കരുത്. ഇവിടെയാണ് ഒരു രാഷ്ട്രീയക്കാരന്റെ സത്യസന്ധമായ ഇടപെടലുകള്‍ അത്യന്താപേക്ഷിതമായിട്ടുള്ളത്. രാഷ്ട്രീയത്തില്‍ വ്യക്തിതാത്പര്യത്തിന് സ്ഥാനമില്ല. രാജ്യതാത്പര്യവും സാമൂഹിക താത്പര്യവുമാകണം രാഷ്ട്രീയ പ്രവര്‍ത്തകന്റെ അജന്‍ഡ. അവന്‍ ജനസേവകനാണ്. സമൂഹത്തിലെ നാവില്ലാത്തവന്റെ നാവാകാന്‍ അവന് കഴിയണം. ഉദ്ഘാടകന്റെ റോളില്‍ നിന്ന് സേവകന്റെ റോളിലേക്ക് രാഷ്ട്രീയ പ്രവൃത്തികള്‍ ഉയരണം. സംശുദ്ധമായ രാഷ്ട്രീയ സേവന ജീവിതം നയിച്ച് ചെറുപ്പക്കാര്‍ക്ക് മാതൃകയാകാന്‍ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കാകണം. രാഷ്ട്രീയ രംഗം മൂല്യച്യുതി വിധേയമായാല്‍ പാവപ്പെട്ട ജനങ്ങളായിരിക്കും കഷ്ടത അനുഭവിക്കേണ്ടിവരിക. ഇത് സംഭവിച്ചുകൂടാ.