Connect with us

National

സ്വത്ത് തര്‍ക്കം: താക്കറെയുടെ മക്കള്‍ കോടതിയില്‍

Published

|

Last Updated

മുംബൈ: കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുടെ പേരില്‍ ബാല്‍ താക്കറെയുടെ മക്കളായ ഉദ്ധവും ജയദേവും നിയമ തര്‍ക്കത്തില്‍. ബാല്‍ താക്കറെയുടെ വില്‍പ്പത്രത്തിന്റെ പേരില്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഉദ്ധവ്. സ്വത്തില്‍ ഒരു ഓഹരിയും ലഭിക്കാത്തതിനാല്‍ ജയദേവും കോടതിയെ സമീപിച്ചിട്ടുണ്ട്.
അടുത്ത തിങ്കളാഴ്ച ഹൈക്കോടതി ഈ വിഷയം പരിഗണിക്കും. വീടും സ്വത്തുക്കളും 14.85 കോടി രൂപയുടെ ബേങ്ക് നിക്ഷേപവുമാണ് ബാല്‍ താക്കറെയുടെ വില്‍പ്പത്രത്തില്‍ പരാമര്‍ശിക്കുന്നത്. ഇതിന്റെ കോപ്പി ഉദ്ധവ് ഹരജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. രേഖയിലുള്ളതിനേക്കാള്‍ വിലമതിക്കുന്നതാണ് സ്വത്തെന്ന് താക്കറെയുമായി അകന്ന് കഴിഞ്ഞിരുന്ന ജയദേവ് വാദിക്കുന്നു. മാതോശ്രീയെന്ന ബംഗ്ലാവിന് മാത്രം 40 കോടി രൂപ വിലയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അകന്ന് താമസിച്ചെങ്കിലും പിതാവുമായി സൗഹാര്‍ദപരമായാണ് പെരുമാറിയതെന്നും ഒരു അവകാശവും നല്‍കാത്ത ഇത്തരമൊരു വില്‍പ്പത്രം താക്കറെ ഒപ്പിടാന്‍ വഴിയില്ലെന്നും ജയദേവ് പറയുന്നു. മൂന്ന് തവണ വിവാഹം കഴിച്ച ജയദേവ് ഇപ്പോള്‍ ഭാര്യ സ്മിതയുമായി അകന്നാണ് കഴിയുന്നത്.
വില്‍പ്പത്ര പ്രകാരം ബംഗ്ലാവിന്റെ ആദ്യ നില ജയദേവിന്റെ മകന്‍ ഐശ്വര്യക്കും സ്മിതക്കും രണ്ടാം നില ഉദ്ധവിനും മക്കളായ ആദിത്യക്കും തേജസിനും താഴത്തെ നിലയും മൂന്നാം നിലയും ഉദ്ധവിന് മാത്രമായും നല്‍കിയിരിക്കുന്നു. ജയദേവിനും താക്കറെയുടെ മൂത്ത മകന്‍ ബിന്ദുമാധവിന്റെ വിധവ മാധവിക്കും ഒന്നുമില്ല. എന്നാല്‍ മാധവി പരാതി നല്‍കിയിട്ടില്ല. ബിന്ദുമാധവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡപകടത്തില്‍ മരിച്ചതാണ്.