Connect with us

Ongoing News

നെല്ലിന്റെ സംഭരണ വില ഉയര്‍ത്തുന്നു: കിലോക്ക് 20 രൂപയാക്കാന്‍ ആലോചന

Published

|

Last Updated

തിരുവനന്തപുരം: സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന് നല്‍കുന്ന തുക വര്‍ധിപ്പിക്കുന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇപ്പോള്‍ കിലോക്ക് 18 രൂപ നിരക്കിലാണ് നെല്ല് സംഭരിക്കുന്നത്. ഇത് 20 ആക്കി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിപണി വില 20 രൂപ ആയതിനാല്‍ 18 രൂപ നിരക്കിലുള്ള നെല്ല് സംഭരണം കര്‍ഷകര്‍ക്കു നഷ്ടമുണ്ടാക്കുന്നതിനാലാണ് സര്‍ക്കാര്‍ വില വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാലോചിക്കുന്നത്. 2013-14 ഒന്നാം സീസണില്‍ സപ്ലൈകോയുടെ നെല്ല് സംഭരണത്തില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബും അറിയിച്ചു.
സപ്ലൈകോ കര്‍ഷകരില്‍ നിന്ന് താങ്ങുവില നല്‍കി നെല്ല് സംഭരിക്കാനാരംഭിച്ച ശേഷം ഏറ്റവുമധികം നെല്ല് സംഭരിച്ചത് 2011-12 വര്‍ഷത്തിലാണ്. എന്നാല്‍ 2012-13 രണ്ടാം സീസണില്‍ വരള്‍ച്ച കാരണം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ 5,000 ഹെക്ടറിലെയും, ഓരുവെള്ളം കയറിയതിനാല്‍ കോട്ടയം ജില്ലയില്‍ 4,000 ഹെക്ടറിലെയും കൃഷി നശിച്ചിരുന്നു. ഇത് നെല്ലുത്പാദനത്തില്‍ കുറവുണ്ടാക്കിയതിനു പുറമെ നെല്ലിന്റെ ഗുണനിലവാരത്തെയും ബാധിച്ചു. ആലപ്പുഴയിലും പാലക്കാടും പൊതുമേഖലയില്‍ പുതിയ റൈസ് മില്ലുകള്‍ കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ആലത്തൂര്‍ റൈസ് മില്‍ അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സംഭരണത്തുക കാലതാമസില്ലാതെ നല്‍കാന്‍ ബേങ്കുകളോട് ആവശ്യപ്പെടും. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നതിനെതിരെ ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിന് ഉപഭോക്തൃ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും സാജു പോള്‍, ടി എം തോമസ് ഐസക്, എം ചന്ദ്രന്‍, എ എം ആരിഫ്, വി ചെന്താമരാക്ഷന്‍, സി മമ്മൂട്ടി, കെ അച്യുതന്‍, എ കെ ബാലന്‍, തോമസ് ചാണ്ടി, പി ഉബൈദുല്ല, എന്‍ ഷംസുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് എന്നിവരെ മന്ത്രി അറിയിച്ചു.
റേഷന്‍ കടകളില്‍ നേരിട്ട് അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കുന്ന സംവിധാനമായ ഡോര്‍ ടു ഡോര്‍ ഡെലിവറി സപ്ലൈകോ വഴി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. സംസ്ഥാനത്ത് നിലവില്‍ 82,25,612 റേഷന്‍ കാര്‍ഡുകളുണ്ട്. ഇവയില്‍ 61,54,269 എ പി എല്‍ കാര്‍ഡുകളും 14,79,553 ബി പി എല്‍ കാര്‍ഡുകളുമാണുള്ളത്. 5,91,690 എ എ വൈ കാര്‍ഡുകളുമുണ്ട്. സംസ്ഥാനത്ത് 184.8 ലക്ഷം പേരാണ് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍ വരുന്നതെന്നും ഗുണഭോക്താക്കളെ നിശ്ചയിക്കാന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും പാലോട് രവി, ഐ സി ബാലകൃഷ്ണന്‍, എം എ വാഹിദ്, കെ മുരളീധര്‍ എന്നിവരെ മന്ത്രി അറിയിച്ചു.
പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെതിരെ ലഭിച്ചിട്ടുള്ള പരാതികള്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest