Connect with us

Sports

മോഹന്‍ ബഗാന് സെമി പ്രതീക്ഷ

Published

|

Last Updated

കൊച്ചി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് സിയില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഷില്ലോംഗ് ലെജോംഗിനെ മറുപടിയില്ലാത്ത അര ഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്ത് മോഹന്‍ ബഗാന്‍ സെമി സാധ്യത വര്‍ധിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബഗാന് വേണ്ടി ചിസോബ ക്രിസ്റ്റഫറും ഒഡാഫ ഒകോലിയും രണ്ട് ഗോള്‍ വീതം നേടി.
മത്സരത്തിലുടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ മോഹന്‍ബഗാന്‍ 10ാം മിനുട്ടില്‍ തന്നെ ഗോളടിച്ച് ആധിപത്യം ഉറപ്പിച്ചു. ബഗാന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ് മത്സരത്തിലെ ആദ്യഗോള്‍ പിറന്നത്. ബോക്‌സിലേക്ക് പറന്നിറങ്ങിയ ബഗാന്റെ ജപ്പാന്‍ താരം കാത്‌സുമി യുസയുടെ കോര്‍ണര്‍ ഒഡാഫ ഒകോലി സുന്ദരമായൊരു ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. 14ാം മിനുട്ടില്‍ ഷില്ലോംഗിന് ഗോള്‍മടക്കാന്‍ അവസരം ലഭിച്ചെങ്കിലും ട്രിനിഡാഡിന്റെ ലോകകപ്പ് താരം കോര്‍ണല്‍ ഗ്ലെനിന്റെ ഹെഡ്ഡര്‍ പുറത്തുപോയി. 20ാം മിനുട്ടില്‍ ഗ്ലെന്‍ മറ്റൊരവസരം കൂടി പാഴാക്കി.
24ാം മിനുട്ടില്‍ ബഗാന്‍ ലീഡ് ഉയര്‍ത്തി. മൈതാന മധ്യത്തു നിന്ന് നീട്ടി നല്‍കിയ പന്ത് കാലിലൊതുക്കി ചിസോബ ക്രിസ്റ്റഫര്‍ മൂന്ന് ഷില്ലോംഗ് താരങ്ങളെ മറികടന്ന് കുതിച്ചപ്പോള്‍ പന്ത് കൈക്കലാക്കാന്‍ മുന്നോട്ട് കയറി ഗോളിയെയും മറികടന്ന് വല ലക്ഷ്യമാക്കി നിറയൊഴിച്ചു. 31ാം മിനുട്ടില്‍ ബഗാന്‍ മൂന്നാം ഗോളും നേടി. ക്രിസ്റ്റഫര്‍ ചിബോസ രണ്ട് ഷില്ലോംഗ് താരങ്ങളെ മറികടന്നശേഷം നല്‍കിയ പാസ് കത്‌സുമി യുസ വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലെജോംഗിന് മറ്റൊരവസരം തുറന്നുകിട്ടിയെങ്കിലും ലക്ഷ്യം കാണാതെ പോയി. 60ാം മിനുട്ടില്‍ ബഗാന്റെ മലയാളി താരം സക്കീറിന്റെ വെടിയുണ്ട കണക്കേയുള്ള അത്യുഗ്രന്‍ ഷോട്ട് ലെജൊംഗ് ഗോളിയെയും മറികടന്ന് ക്രോസ് ബാറില്‍ത്തട്ടി പുറത്തേക്ക് പോയി. തൊട്ടടുത്ത നിമിഷം ബാഗന്‍ വിണ്ടും വല ചലിപ്പിച്ചു. കത്‌സുമി യുസയാണ് ഈ ഗോളിന്റെയും ശില്‍പി. കത്‌സുമി നല്‍കിയ പാസില്‍ നിന്ന് ചിസോബ ക്രിസ്റ്റഫറാണ് ലെജോംഗ് വല കുലുക്കിയത്. മത്സരത്തില്‍ ചിസോബയുടെ രണ്ടാം ഗോളും ടൂര്‍ണമെന്റിലെ മൂന്നാം ഗോളുമായിരുന്നു ഇത്.
77ാം മിനുട്ടില്‍ ബഗാന്റെ അഞ്ചാം ഗോളും പിറന്നു. ലെജോംഗ് ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഒഡാഫ പുറംതിരിഞ്ഞ് നിന്ന് ഉതിര്‍ത്ത ഷോട്ട് വലയില്‍ പതിക്കുന്നത് ലജോംഗ് ഗോളിക്ക് നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ. പിന്നീട് 86ാം മിനുട്ടിലും ഇഞ്ച്വറി സമയത്തും ഗോള്‍ മടക്കാന്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ലെജോംഗിന് കഴിഞ്ഞില്ല. മത്സരം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ രാം മാലിക്കിന്റെ പാസില്‍ നിന്ന് ഉജ്ജ്വല്‍ ഹൗള്‍ദാറാണ് ബഗാന്റെ ഗോള്‍ പട്ടിക തികച്ചത്.
രണ്ട് കളികളും ജയിച്ച് ബഗാന്‍ ഇപ്പോള്‍ ആറ് പോയിന്റുമായി മുന്നിലാണ്. ആദ്യ മത്സരത്തില്‍ ബഗാനോടും തോറ്റ മുംബൈ എഫ് സി പോയിന്റൊന്നുമില്ലാതെ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. ഓരോ കളി ജയിച്ച ഷില്ലോംഗിനും സാല്‍ഗോക്കറിനും മൂന്ന് പോയിന്റ് വീതമുണ്ട്. 21ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബഗാന്‍ സാല്‍ഗോക്കറിനെ നേരിടും. ഈ മത്സരം സമനിലയായാലും ബഗാന് സെമിയില്‍ സ്ഥാനം ഉറപ്പിക്കാം.
കൊച്ചി: സാല്‍ഗോക്കര്‍ ഗോവയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടമുംബൈ എഫ് സി ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ഇന്നലെ നടന്ന ഗ്രൂപ്പ് സിയിലെ രണ്ടാം പോരാട്ടത്തിലെ വിജയത്തോടെ സാല്‍ഗോക്കറാകട്ടെ നേരിയ സെമി പ്രതീക്ഷ നിലനിര്‍ത്തി. സാല്‍ഗോക്കറിന് വേണ്ടി മാത്യു ഫോസ്‌ക്കിനിയും ഗില്‍ബര്‍ട്ട് ഒലിവേരയും ഗോള്‍ നേടിയപ്പോള്‍ മുംബൈക്ക് വേണ്ടി മലയാൡ താരം എന്‍ പി പ്രദീപാണ് ആശ്വാസ ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനോട് 1-0ന് പരാജയപ്പെട്ട മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
12ാം മിനുട്ടില്‍ ഒരു ഫ്രീകിക്കില്‍ നിന്നായിരുന്നു സാല്‍ഗോക്കറിന്റെ ആദ്യ ഗോള്‍. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനുട്ടില്‍ തന്നെ മുംബൈ എഫ് സി സമനില പിടിച്ചു. ഹെന്റി ഇസെ നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിന്റെ അരികില്‍ നിന്ന് മലയാളി താരം എന്‍ പി പ്രദീപ് തൊടുത്ത ഷോട്ട് സാല്‍ഗോക്കര്‍ ഗോളി കരണ്‍ജിത് സിംഗിനെ നിസ്സഹായനാക്കി വലയില്‍ പതിക്കുകയായിരുന്നു. 74ാം മിനുട്ടില്‍ സാല്‍ഗോക്കര്‍ ലീഡ് തിരിച്ചുപിടിച്ചു. പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ പിറന്നത്. പകരക്കാരനായി ഇറങ്ങിയ മുംബൈ എഫ് സിയുടെ റോഹിത് മിര്‍സ ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ട് തടുത്തതിനാണ് പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഗില്‍ബര്‍ട്ട് ഒലിവേരക്ക് ലക്ഷ്യം തെറ്റിയില്ല. മത്സരത്തിന്റെ അവസാന മിനുട്ടില്‍ മുംബൈയുടെ രോഹിത് മിര്‍സയും സാല്‍ഗോക്കറിന്റെ ക്ലിഫ്റ്റണ്‍ ഡയസും ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയി.

Latest