വിലക്കയറ്റവും അശാസ്ത്രീയ നിയമങ്ങളും: മൂന്നു ദിവസം സംസ്ഥാനത്ത് നിര്‍മ്മാണ ബന്ദ്

Posted on: January 19, 2014 5:59 am | Last updated: January 19, 2014 at 1:42 am

constructionതൊടുപുഴ: കെട്ടിടം രൂപകല്‍പ്പന മുതല്‍ മിനുക്കുപണിവരെയുളള നിര്‍മ്മാണ മേഖലയിലെ സമഗ്രവിഭാഗത്തിന്റെയും കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ 20, 21, 22 തിയതികളില്‍ സംസ്ഥാനത്ത് നിര്‍മ്മാണ ബന്ദ് നടത്തും. സാധാരണക്കാരന്റെ വീട് മുതല്‍ വന്‍കിട ഫഌറ്റുകള്‍ വരെ പണിയുന്നതിന് നേരിടുന്ന വെല്ലുവിളികള്‍ മൂലം നിര്‍മ്മാണ രംഗം നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് നിര്‍മ്മാണ മേഖല സ്തംഭിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിലക്കയറ്റം മുതല്‍ അശാസ്ത്രീയ നിയമങ്ങളുടെ പേരിലുളള അധികൃതരുടെ പീഡനങ്ങള്‍ വരെ നിര്‍മ്മാണ രംഗത്തിന് വിനയാകുന്നു.
50000 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളും 25 ലക്ഷത്തോളം തൊഴിലാളികളുമാണ് സംസ്ഥാനത്തെ മുഖ്യതൊഴില്‍ മേഖലകളിലൊന്നായ നിര്‍മ്മാണ രംഗത്തുളളത്. ആറു മാസത്തിനിടെ 40 ശതമാനമാണ് നിര്‍മ്മാണ രംഗത്തുണ്ടായ വിലവര്‍ധനവ്. അന്യസംസ്ഥാന കുത്തകകളില്‍ നിന്നും ലഭ്യമാകുന്ന സിമന്റ്, സ്റ്റീല്‍ എന്നിവയുടെ വില യാതൊരു മാനദണ്ഡവുമില്ലാതെയാണ് കമ്പനികള്‍ വര്‍ധിപ്പിക്കുന്നത്. കേരളത്തില്‍ ലഭ്യമാകുന്ന മണ്ണ്, ചരല്‍, ചെങ്കല്‍, കരിങ്കല്‍. എംസാന്റ് തുടങ്ങിയവയുടെ വില ഉല്‍പ്പാദനത്തിലുളള അന്യായ നിയന്ത്രണങ്ങള്‍ മൂലം കുതിച്ചുയരുന്നു. പെയിന്റ് വിലവര്‍ധനവിന് കാരണമാകുന്ന പെട്രോളിയം വിലക്കയറ്റം മുതല്‍ ഭവനവായ്പ പലിശ നിരക്കിലെ കുതിച്ചുകയറ്റം വരെ നിര്‍മ്മാണ രംഗത്തിന് മാന്ദ്യം സമ്മാനിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കേണ്ടി വരുന്നതിലുളള ബുദ്ധിമുട്ടും നോക്കുകൂലി പോലുളള കാടത്തങ്ങളും കൂടി വരുന്നു. മുതല്‍ മുടക്കിന്റെ 40 ശതമാനമാണ് വേതനവും നോക്കുകൂലിയും ഗത്യന്തരമില്ലാതെ നല്‍കുന്ന കൈക്കൂലിയും മറ്റുമായി പോകുന്നത്.
ഡാമുകളില്‍ നിന്നും വാരിയും കടല്‍ മണല്‍ ശുദ്ധീകരിച്ചും മണല്‍ ക്ഷാമം പരിഹരിക്കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ അവഗണിക്കുന്നു. നിര്‍മ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക, 2013ലെ റിയല്‍ എസ്റ്റേറ്റ് ബില്‍ പിന്‍വലിക്കുക, നിര്‍മ്മാണ തര്‍ക്കപരിഹാര കമ്മീഷന്‍ നടപ്പില്‍ വരുത്തുക, ലേബര്‍ അക്കാദമി സ്ഥാപിക്കുക, അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ വ്യക്തമായ നിയമം ഉണ്ടാക്കുക, ഖനന നിരോധനം നീക്കുക, കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കുക, അന്യായ പരിസ്ഥിതി വാദങ്ങള്‍ക്ക് തടയിടുക എന്നിവയാണ് സംഘടന മുന്നോട്ടു വെക്കുന്ന പ്രധാന ആവശ്യങ്ങള്‍, ഫഌറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്ന ചില ഏജന്‍സികളെ സംഘടന സംരക്ഷിക്കില്ലെന്നും അവക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ബിജു ജോസഫ്,
വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ജി സുരേഷ്‌കുമാര്‍, പി.ഡി പ്രകാശ്, സാബു മാത്യു, ചന്ദ്രന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.