കോണ്‍ഗ്രസിന് വീണ്ടുവിചാരം

Posted on: January 18, 2014 6:00 am | Last updated: January 17, 2014 at 11:33 pm

SIRAJ.......ശതകോടികള്‍ മുടക്കി പരസ്യക്കമ്പനികളുടെ സഹായത്തോടെ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയതു കൊണ്ട് ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രക്ഷപ്പെടാനാകില്ലെന്ന് കോണ്‍ഗ്രസിന് ബോധ്യം വന്നിട്ടുണ്ടെന്നാണ് ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിലെ ചില തീരുമാനങ്ങള്‍ വിളിച്ചോതുന്നത്. പാചക വാതകത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതും സിലിന്‍ഡറുകളുടെ എണ്ണം വെട്ടിക്കുറച്ചതുമായ നടപടികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിന് പുറമെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. സിലിന്‍ഡറുകളുടെ എണ്ണം കൂട്ടുമ്പോള്‍ വില 70 മുതല്‍ 100 രൂപ വരെ വര്‍ധിപ്പിക്കണമെന്ന പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം പാര്‍ട്ടി നിരാകരിക്കുകയുമുണ്ടായി.
2009-നെ അപേക്ഷിച്ചു കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് ബഹുദൂരം അകന്നുവെന്നാണ് നാല് സംസ്ഥാനങ്ങളിലേക്ക് ഈയിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വ്യക്തമായ മുന്നറിയിപ്പ്. കഴിഞ്ഞ മാസം ചേര്‍ന്ന പര്‍ട്ടി എം പിമാരുടെ യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇക്കാര്യം തുറന്നു സമ്മതിച്ചതുമാണ്. പാചക വാതകമുള്‍പ്പെടെ പെട്രോള്‍ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങളാണ് മുഖ്യമായും പാര്‍ട്ടിക്കെതിരെ ജനരോഷമുയര്‍ത്തിയത്. പാചക വാതക സബ്‌സിഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച നടപടി ജനങ്ങളെ തെല്ലൊന്നുമല്ല വട്ടം കറക്കിയതും രോഷാകുലരാക്കിയതും. പല തവണ അവധി നീട്ടി നല്‍കിയിട്ടും ജനസംഖ്യയില്‍ ഗണ്യമായൊരു വിഭാഗത്തിന് ഇപ്പോഴും ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനായിട്ടില്ല. അതെടുത്തവരില്‍ തന്നെ പലര്‍ക്കും ബേങ്കില്‍ സബ്‌സിഡി എത്തുന്നുമില്ല. ജനരോഷം ഭയന്നു ഈ തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോകാന്‍ മുമ്പൊരിക്കല്‍ പാര്‍ട്ടി തീരുമാനിച്ചതാണെങ്കിലും പെട്രോള്‍ കമ്പനികളുടെ താത്പര്യത്തിന് വഴങ്ങി വീണ്ടും അടിച്ചേല്‍പ്പിക്കുകയായിരുന്നു.
ജനങ്ങള്‍ക്ക് വേണ്ടിയല്ല, കോര്‍പ്പറേറ്റുകള്‍ക്കും അമേരിക്കക്കും വേണ്ടിയാണ് കഴിഞ്ഞ പത്തു വര്‍ഷത്തോളമായി മന്‍മോഹന്‍ സിംഗ് ഭരണചക്രം തിരിക്കുന്നത്. പെട്രോളിന്റെ വില നിര്‍ണയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുത്തതും, ചട്ടങ്ങള്‍ ലംഘിച്ചു കല്‍ക്കരിപ്പാടങ്ങള്‍ ടാറ്റ, റിലയന്‍സാദി കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്തതും സബ്‌സിഡികള്‍ പടിപടിയായി വെട്ടിക്കുറച്ചതുമുള്‍പ്പെടെയുള്ള മന്‍മോഹന്‍ സിംഗിന്റെ നടപടികളില്‍ നിന്ന് അത് വ്യക്തമാണ്. അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരാനിടയാക്കിയത് കേന്ദ്ര്രത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളാണ്. ജനവിരുദ്ധ നയങ്ങളെമ്പാടും നടപ്പാക്കിയ ശേഷം ഭക്ഷ്യസുരക്ഷാ പദ്ധതി പോലുള്ള ഏതെങ്കിലുമൊരു ജനപക്ഷ നടപടി ആവിഷ്‌കരിച്ചതുകൊണ്ട് ജനം കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. പാര്‍ട്ടിയുടെ നയങ്ങളല്ല സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലക്ക് ദേശീയ നേതൃതത്തിന് മുമ്പാകെ വെട്ടിത്തുറന്നു പറയേണ്ടിവന്നത് ഇതിന്റെ ഭവിഷ്യത്ത് മണത്തറിഞ്ഞതു കൊണ്ടായിരിക്കണം.
ആസന്നമായ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് സങ്കീര്‍ണമാണ്. നേരത്തെ ബി ജെ പിയെന്ന ഏക കടമ്പയായിരുന്നു പാര്‍ട്ടിക്ക് മുമ്പിലുണ്ടായിരുന്നതെങ്കില്‍, ആം ആദ്മി എന്ന മറ്റൊരു ഭീഷണിയെ കൂടി അഭിമുഖീകരിക്കേണ്ടതുണ്ടിപ്പോള്‍. സര്‍വേകള്‍ കാണിക്കുന്നത് ഡല്‍ഹി തിരഞ്ഞെടുപ്പിലേത് പോലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്ക് വെല്ലുവിളിയായിരിക്കുമെന്നാണ്. ഈ സാഹചര്യത്തില്‍ തെറ്റുകള്‍ തിരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കുകയാണ് പാര്‍ട്ടിയുടെ മുമ്പിലുള്ള മാര്‍ഗം. ദാരിദ്ര്യം, അഴിമതി, വിലക്കയറ്റം, വര്‍ഗീയ ധ്രുവീകരണം, ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥ തുടങ്ങിയവയാണ് രാജ്യം നേരിടുന്ന മുഖ്യ പ്രശ്‌നങ്ങള്‍. സമ്പന്ന രാഷ്ട്രങ്ങള്‍ അവയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ആവിഷ്‌കരിച്ച ആഗോളീകരണ നയങ്ങള്‍ കണ്ണടച്ചു നടപ്പാക്കിയതുകൊണ്ട് ഇവ പരിഹരിക്കാനാകില്ല. സമ്പന്നരുടെയും കുത്തകകളുടെയും ഇഷ്ടാനിഷ്ടങ്ങള്‍ക്കാണ് ആഗോളീകരണ നയങ്ങളില്‍ മുന്‍തൂക്കം. മന്‍മോഹന്‍ സിംഗിന്റെ ഭരണം അതിന് നേര്‍സാക്ഷ്യവുമാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും എക്കാലത്തും തുടര്‍ച്ചയായി അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്ന നയങ്ങളാണ് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്കാവശ്യം. കോണ്‍ഗ്രസ് ഉന്നതതലയോഗത്തിലെ ചര്‍ച്ചകളും കുറ്റസമ്മതങ്ങളും തിരുത്തലുകളും ഈയൊരു തിരിച്ചറിവിന്റെ പരിണതിയാണെങ്കില്‍ അത് പാര്‍ട്ടിക്കും ജനങ്ങള്‍ക്കും നാടിനും നല്ലത്.