മര്‍കസ് മീലാദ് മിലന്‍ ഇന്ന് കോഴിക്കോട്ട്; സെമിനാര്‍ ഡോ. രജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും

Posted on: January 17, 2014 12:02 pm | Last updated: January 17, 2014 at 12:41 pm

Dr. Rajith kumarകോഴിക്കോട്: മര്‍കസ് മീലാദ് മിലന്‍ ഇന്ന് കോഴിക്കോട്ട്. വൈകീട്ട് മൂന്ന് മണിക്ക് കാലിക്കറ്റ് ടവര്‍ മെയിന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ പ്രമുഖ ചിന്തകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ.രജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്യും.

അറിവിന്റെ, ജീവിതമൂല്യങ്ങളുടെ വഴികളിലേക്ക് വെളിച്ചം വീശിയ ആയിരക്കണക്കിന് ബോധവത്കരണ ക്ലാസ്സുകളിലൂടെ ശ്രദ്ധേയനാണ് എന്‍ സി ഇ ആര്‍ ടി അംഗീകാരമുള്ള എജ്യുക്കേഷനല്‍ കൗണ്‍സിലറായ ഡോ. രജിത്കുമാര്‍. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം നടത്തിയ പ്രവേശന പരീക്ഷാ പരിശീലനത്തിലൂടെ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് മെഡിക്കല്‍ പ്രവേശനം ലഭിച്ചത്. മദ്യത്തിനും ലഹരി മരുന്നുകള്‍ക്കുമെതിരെ ഡോ. രജിത്കുമാര്‍ നടത്തുന്ന ബോധവത്കരണ ക്ലാസ്സുകള്‍ കേരളത്തിലെ കൗമാര, യൗവ്വനങ്ങള്‍ക്കു വിലയേറിയ ജീവിതപാഠങ്ങളാണ് സമ്മാനിച്ചത്. കാലടി ശ്രീശങ്കര കോളജിലെ ബോട്ടണി ലക്ചററായ അദ്ധേഹം ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ തികച്ചും സൗജന്യമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സുകളെല്ലാം.

ഇന്ന് നടക്കുന്ന സെമിനാര്‍ മാനവികതയുടേയും സമാധാനത്തിന്റേയും പ്രവാചകന്‍ മുഹമ്മദ് നബിയുടെ ശാന്തിദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി ചര്‍ച്ച ചെയ്യും. സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി, ഫാദര്‍ ആന്റണി, അജയ് പി മങ്ങാട്, എന്‍ അലി അബ്ദുല്ല, ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി, ഇ വി അബ്ദു റഹ്മാന്‍ പ്രസംഗിക്കും.
ഏഴു മണിക്ക് മര്‍കസ് കോംപ്ലക്‌സ് പരിസരത്ത് ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഡല്ലൂര്‍ ബുര്‍ദ മജ്‌ലിസിന് നേതൃത്വം നല്‍കും. തുടര്‍ന്ന് ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ പ്രകീര്‍ത്തന പ്രഭാഷണം നടത്തും. സ്റ്റേറ്റ് കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന സര്‍ഗമേള നിയാസ് ചോല നയിക്കും. പ്രാര്‍ത്ഥനാ സദസ്സിന് എസ് എസ് എഫ് ദേശീയ ട്രഷറര്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി നേതൃത്വം നല്‍കും.