ക്രിസ്റ്റ്യാനോ ഗോളടി തുടരുന്നു റയല്‍ ക്വാര്‍ട്ടറില്‍

Posted on: January 17, 2014 12:16 am | Last updated: January 17, 2014 at 12:17 am

christiano ronaldoമാഡ്രിഡ്: ലോകഫുട്‌ബോളര്‍ പുരസ്‌കാരം നേടിയതിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ റയല്‍മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. ഒസാസുനയുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച റയല്‍ ഇരുപാദത്തിലുമായി 4-0ന് കരുത്തറിയിച്ചു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിന് ലീഡ് ഗോള്‍ നേടിയത്. അര്‍ജന്റൈന്‍ വിംഗര്‍ ഏഞ്ചല്‍ ഡി മാരിയ രണ്ടാം ഗോള്‍ നേടി.
ക്രിസ്റ്റ്യാനോ നന്ദി പറയേണ്ടത് ഒസാസുന ഗോളി ആന്ദ്രെ ഫെര്‍നാണ്ടസിനോടാണ്. പോര്‍ച്ചുഗീസ് താരം തൊടുത്ത ലോംഗ് റേഞ്ച് ഫ്രീകിക്ക് ഫെര്‍നാണ്ടസ് തടുത്തിട്ടെങ്കിലും കാലുകള്‍ക്കിടയിലൂടെ വലയില്‍ കയറുകയായിരുന്നു.
റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സലോട്ടി ലാ ലിഗയില്‍ എസ്പാനിയോളിനെതിരെ ജയം നേടിയ ടീമില്‍ ആറ് മാറ്റങ്ങള്‍ വരുത്തിയാണ് കിംഗ്‌സ് കപ്പിന് ഇറക്കിയത്. വെയില്‍സ് താരം ഗാരെത്‌ബെയ്‌ലിനെ ബെഞ്ചിലിരുത്തി ഡി മാരിയക്ക് അവസരം നല്‍കുകയായിരുന്നു. ഇരുപത്തൊന്നാം മിനുട്ടില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ പിറന്നതോടെ റയല്‍ ആധിപത്യം സ്ഥാപിച്ചു. എന്നാല്‍, ആദ്യ പകുതിയില്‍ തന്നെ സമനില നേടാനുള്ള അവസരം ഒസാസുനയുടെ അല്‍വാരോ സെജുഡോ പാഴാക്കി. ഇടങ്കാലനടി പോസ്റ്റില്‍ തട്ടിത്തെറിച്ചു. മിനുട്ടുകള്‍ക്കുള്ളില്‍ മറ്റൊരു ഷോട്ട് ഗോളി ഐകര്‍ കസിയസ് തട്ടിമാറ്റുകയും ചെയ്തു.
രണ്ടാം പകുതിയില്‍ മുഴുവന്‍ നിയന്ത്രണം റയല്‍ ഏറ്റെടുത്തു. വലതു വിംഗിലൂടെ ജെസി റോഡ്രിഗസ് കുതിപ്പിനിടെ നല്‍കിയ ക്രോസ് ഗോളാക്കി ഡി മാരിയ അവസരത്തിനൊത്തുയര്‍ന്നു. ക്രിസ്റ്റ്യാനോയുടെ പകരക്കാരനായി ഗാരെത് ബെയ്ല്‍ ഇറങ്ങിയത് ഫൈനല്‍ വിസിലിന് അരമണിക്കൂര്‍ ശേഷിക്കുമ്പോള്‍. എന്നാല്‍, വെല്‍സ് താരം ഫോമിലേക്കുയര്‍ന്നില്ല. ഗോളവസരങ്ങള്‍ ഒരുക്കുന്നതില്‍ ബെയിലിന് തുടരെ പിഴച്ചു. റെക്കോര്‍ഡ് ട്രാന്‍സ്ഫറിലെത്തിയ താരം റയല്‍ ആരാധകരെ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. മത്സരം അവസാനിക്കാന്‍ ആറ് മിനുട്ട് ശേഷിക്കെ പോര്‍ച്ചുഗല്‍ താരം ഫാബിയോ കോയിന്‍ട്രാവോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജനുവരി ട്രാന്‍സ്ഫറില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് കോയിന്‍ട്രാവോ.
എസ്പാനിയോള്‍ ഇരുപാദത്തിലുമായി 4-3ന് രണ്ടാം ഡിവിഷന്‍ ക്ലബ്ബ് അല്‍കൊറോനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി. അവസാന പത്ത് മിനുട്ടില്‍ രണ്ട് ഗോളുകള്‍ നേടി 4-2ന് ജയിച്ചാണ് എസ്പാനിയോള്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. റയല്‍ ബെറ്റിസിനെ 1-2ന് തോല്‍പ്പിച്ച് അത്‌ലറ്റിക് ബില്‍ബാവോയും ക്വാര്‍ട്ടറിലെത്തി. നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിനെയാണ് ബില്‍ബാവോ നേരിടേണ്ടത്.
റയോ വാല്‍കാനോയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന ലെവന്റെ ആയിരിക്കും അടുത്ത റൗണ്ടില്‍ ബാഴ്‌സലോണയുടെ എതിരാളി.

എഫ് എ കപ്പ്: സിറ്റി കുതിച്ചു
ലണ്ടന്‍: എഫ് എ കപ്പില്‍ ബ്ലാക്‌ബേണ്‍ റോവേഴ്‌സിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി നാലാം റൗണ്ടില്‍. ആദ്യ അവസരത്തില്‍ ബ്ലാക്‌ബേണിന്റെ തട്ടകത്തില്‍ 1-1ന് കുരുങ്ങിയ സിറ്റി, സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ കരുത്തറിയിക്കുകയായിരുന്നു. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യെറോ ഒരിടവേളക്ക് ശേഷം ടീമിലേക്കുള്ള വരവ് ഗോള്‍ നേടിക്കൊണ്ട് ആഘോഷമാക്കിയപ്പോള്‍ അല്‍വാരോ നെഗ്രെഡോ ഇരട്ടഗോളുകളോടെ ഫോം തുടര്‍ന്നു. എഡിന്‍ സെകോയും മോശമാക്കിയില്ല – ഡബിളടിച്ചു. ബ്രിസ്റ്റള്‍ സിറ്റിയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തറപറ്റിച്ച വാട്‌ഫോര്‍ഡാണ് നാലാം റൗണ്ടില്‍ സിറ്റിയുടെ പ്രതിയോഗി.
ആദ്യ പകുതിയില്‍ 1-0 ആയിരുന്നു സ്‌കോര്‍. നെഗ്രെഡോയാണ് ലീഡ് സമ്മാനിച്ചത്. ജീസസ് നവാസ് നല്‍കിയ പാസ് ബ്രസീലിയന്‍ താരം ഫെര്‍നാണ്ടീഞ്ഞോയിലേക്ക്. അവിടെ നിന്നുള്ള ക്രോസ് ബോള്‍ സീസണിലെ ഇരുപതാം ഗോളിന് ദാഹിച്ചു നിന്ന നെഗ്രെഡോയിലേക്ക്. ഹെഡറിലൂടെ വലിയിളകി (1-0).
രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് മാനുവല്‍ പെല്ലെഗ്രിനി ഫെര്‍നാണ്ടീഞ്ഞോയെ ഇറക്കിയില്ല. അലക്‌സാണ്ടര്‍ കൊളറോവ് പകരമെത്തി. സെര്‍ബിയന്‍ താരം കോച്ചിനോട് നന്ദിയറിയിച്ചത് മിനുട്ടുകള്‍ക്കുള്ളില്‍ രണ്ടാം ഗോളിന് അവസരം തുറന്നുകൊണ്ട്. മധ്യഭാഗത്ത് നിന്ന് കൊളറോവ് നല്‍കിയ പാസ് നെഗ്രെഡോക്ക് ഒന്ന് ലിഫ്റ്റ് ചെയ്യുകയേ വേണ്ടിവന്നുള്ളൂ. ഗോളി റോബിന്‍സന്റെ മുകളിലൂടെ പന്ത് വലയില്‍ (2-0). രണ്ട് ഗോളുകള്‍ക്ക് പിറകിലായതിന് ശേഷമാണ് ബ്ലാക്‌ബേണ്‍ സിറ്റിയുടെ പ്രതിരോധ കാവലാളുകളെ കാര്യമായ് പരീക്ഷിച്ചത്. ജോഷ്വ കിംഗിന്റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെയും ജാസന്‍ ലോവിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്കും പോയി. ബ്ലാക്‌ബേണിന്റെ അവസരങ്ങള്‍ അവിടെ തീര്‍ന്നു. അറുപത്തേഴാം മിനുട്ടില്‍ ജീസസ് നവാസിന്റെ താഴ്ന്നുള്ള ക്രോസില്‍ സെകോയുടെ ഗോള്‍ (3-0), സിറ്റി ആധിപത്യം വര്‍ധിപ്പിച്ചു. നെഗ്രെഡോക്ക് പകരം അഗ്യെറോയെത്തി. രണ്ട് ടച്ചുകളെ മറഡോണയുടെ മുന്‍ മരുമകന് ഗോളിലേക്ക് വേണ്ടി വന്നുള്ളൂ. സെകോ നല്‍കിയ പന്ത് ഇടങ്കാല്‍ കൊണ്ട് വലയുടെ മൂലയില്‍ തുളച്ചു കയറുമ്പോള്‍ സമയം 73 മിനുട്ട്. പതിനൊന്ന് മിനുട്ട് ശേഷിക്കെ സെകോ അഞ്ചാം ഗോളടിച്ചു. ജീസസ് നവാസിന്റെ മറ്റൊരു തകര്‍പ്പന്‍ ക്രോസ് പാസ്. അളന്നു മുറിച്ചുള്ള പാസുകളുമായി കളം വാണ നവാസായിരുന്നു സിറ്റിയുടെ ഹീറോ.
ബിര്‍മിംഗ്ഹാം, ബോണ്‍മൗത്, ഫുള്‍ഹാം, വിഗാന്‍, കിഡര്‍മിന്‍സ്റ്റെര്‍, പോര്‍ട്‌വേല്‍, പ്രെസ്റ്റന്‍, ഷെഫ്‌വെഡ്, വാട്‌ഫോഡ് എന്നിവരും നാലാം റൗണ്ടിലെത്തി.
ഫുള്‍ഹാം 3-0ന് നോര്‍വിചിനെ തോല്‍പ്പിച്ചു. ഡാരന്‍ ബെന്റ്, അഷ്‌കാന്‍, സ്റ്റീവ് സിഡ്‌വെല്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ജയമില്ലാതെ നോര്‍വിച് തുടരെ എട്ടാം മത്സരം പൂര്‍ത്തിയാക്കേണ്ടി വന്നു.