എറണാകുളം കേന്ദ്രമായി ദുരന്തനിവാരണ സേന

Posted on: January 16, 2014 12:04 am | Last updated: January 15, 2014 at 11:05 pm

തിരുവനന്തപുരം: എറണാകുളം കേന്ദ്രമായി സംസ്ഥാനത്ത് സര്‍വസജ്ജമായ ദുരന്ത നിവാരണ സേനക്ക് രൂപം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കണ്ണൂര്‍ ചാലയിലുണ്ടായ ടാങ്കര്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ ദുരന്തം ഒഴിവാക്കാന്‍ പ്രയത്‌നിച്ച ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി കെ സി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇത്തരം ദുരന്തങ്ങള്‍ നേരിടുന്നതിന് ദുരന്തനിവാരണ സേനയെ സജ്ജമാക്കും. നേരത്തെ കണ്ണൂര്‍ ചാലയിലുണ്ടായ ദുരന്തത്തെക്കുറിച്ച് പഠിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പാക്കും. അഗ്നിശമന സേന. പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. 1.8 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിച്ച് പതിനെട്ട് മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്. പതിനെട്ട് മെട്രിക് ടണ്‍ പാചക വാതകമാണ് അപകടത്തില്‍പ്പെട്ട ടാങ്കറിലുണ്ടായിരുന്നത്. ചാല അപകടത്തെക്കുറിച്ച് പഠിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കും. ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് എല്ലാവരുടെയും സഹകരണം വേണം. പാചക വാതകം ജലമാര്‍ഗം കൊണ്ടുവരുന്നതിന് മുന്‍തൂക്കം നല്‍കുമെന്നും മന്ത്രി പറഞ്ഞു.