Connect with us

Gulf

ഖത്തറില്‍ വാഹനങ്ങളില്‍ നിന്ന് മോഷണം നടത്തുന്നവരെ പിടികൂടി

Published

|

Last Updated

ദോഹ: നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നതിനിടെ അറബ് വംശജരായ രണ്ടു പേരെ ഖത്തര്‍ സി.ഐ.ഡി വിഭാഗം പിടികൂടി. വാഹങ്ങളില്‍ മോഷണം നടത്തുന്നതില്‍ പ്രത്യേകപരിശീലനം നേടിയവരാണിവരെന്നു അധികൃതര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി ഒട്ടേറെ വാഹനങ്ങളില്‍ നിന്നും ഇവര്‍ വസ്തു വകകള്‍ മോഷ്ടിച്ചിട്ടുണ്ട്.

നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് ഗ്ലാസ്സുകള്‍ തകര്‍ത്ത് പണവും മറ്റു വില കൂടിയ വസ്തുക്കളും അപഹരിക്കുന്ന സംഘത്തെ കുറിച്ച് സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. അതനുസരിച്ച് അന്വേഷണവിഭാഗം നടത്തിയ ശ്രമത്തിനിടെയാണ് പ്രതികള്‍ വലയിലായത്. പിടികൂടിയ തൊണ്ടിമുതലുകള്‍ സഹിതം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് മുമ്പില്‍ ഹാജരാക്കി.

പൊതു സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും വെച്ചു പോകുന്നത് ഇങ്ങനെയുള്ള സംഭവങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ ശ്രദ്ധിക്കണമെന്ന് പോലിസ് ജനങ്ങളെ അറിയിച്ചു.

Latest