Connect with us

Kozhikode

നബിദിനാഘോഷത്തിലലിഞ്ഞ് നഗരം

Published

|

Last Updated

കോഴിക്കോട്: നഗരമധ്യത്തില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മിനാരം, ഇവിടെ നിന്നും മുഴങ്ങി കേള്‍ക്കുന്ന തിരുനബി പ്രകീര്‍ത്തന വചനങ്ങള്‍, റോഡിനോട് തൊട്ടുരുമ്മിയാടുന്ന ഈന്തപനയോലകളില്‍ മിന്നി കത്തുന്ന അലങ്കാര ബള്‍ബുകള്‍, നഗരത്തിലെ തിരക്കേറിയ റോഡിനിരുവശവും അലങ്കാരങ്ങള്‍, തോരണങ്ങള്‍…. ജനുവരിയുടെ നേര്‍ത്ത തണുപ്പിനൊപ്പം കോഴിക്കോട് നഗരം സ്‌നേഹപ്രവാചകന്റെ ജന്മദിന ലഹരിയിലാണ്.

തിരുനബിയുടെ മദ്ഹ് ഗീതങ്ങളുയരുന്ന മര്‍കസ് മസ്ജിദിന് സമീപം രാവേറെ ചെന്നും നബിദിനാഘോഷത്തിന്റെ തിരക്കിലമര്‍ന്ന ദഫ്, തൊപ്പി, കൊടി തോരണ വില്‍പന കേന്ദ്രങ്ങള്‍ സ്‌നേഹോത്സവത്തില്‍ നാടു മുഴുകുന്നതിന്റെ സൂചനയായി.
ആറാം നൂറ്റാണ്ടില്‍ ജനിച്ച് ലോകത്ത് സനേഹവിപ്ലവത്തിന്റെ വസന്തം തീര്‍ത്ത പുണ്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ലോകമെങ്ങും ആദരവോടെ ആഘോഷിക്കുമ്പോള്‍ കോഴിക്കോട് നഗരം മര്‍കസിനൊപ്പമാണ് നബിജന്മദിനം ആഘോഷിക്കുന്നത്.
റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ മര്‍കസ് കോംപ്ലകസ് മസ്ജിദില്‍ നടന്നു വരുന്ന മൗലിദ് സദസ്സിനും പ്രകീര്‍ത്തന പ്രഭാഷണത്തിനും പ്രമുഖ പണ്ഡിതരാണ് നേതൃത്വം നല്‍കുന്നത്. മീലാദ് മിലന്‍ ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ കോംപ്ലക്‌സ് പരിസരത്ത് പതാക ഉയര്‍ത്തി.
ശേഷം കോഴിക്കോടിന്റെ സ്‌നേഹബന്ധങ്ങളില്‍ മൈത്രിയുടെ രുചിക്കൂട്ടുമായി മര്‍കസ് പ്രവര്‍ത്തകര്‍ ടൗണില്‍ മിഠായി വിതരണം നടത്തി. ഒരുമയുടേയും സ്‌നേഹത്തിന്റെയും സന്ദേശമായി നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, ഹോസ്പിറ്റലുകള്‍, ഓഫീസുകള്‍, കച്ചവട സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് പൊതുജനത്തിന് സ്‌നേഹാശംസകള്‍ നേര്‍ന്ന് മിഠായികള്‍ വിതരണം ചെയ്തത്.
മര്‍കസ് കോംപ്ലക്‌സിലെ വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നഗരത്തിന്റെ സ്‌നേഹോത്സവമായി നബിദിനം ആഘോഷിക്കുന്നത്.
മര്‍കസ് കാലിക്കറ്റ് സിറ്റി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 17 ന് “മീലാദ് മിലന്‍” എന്ന ശീര്‍ഷകത്തില്‍ സെമിനാര്‍, പ്രകീര്‍ത്തന പ്രഭാഷണം, സര്‍ഗമേള, മൗലിദ് ജല്‍സ, സ്‌നേഹോപഹാരം, ബുര്‍ദ മജ്‌ലിസ് തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന പരിപാടികള്‍ നടക്കും.

 

Latest