Connect with us

National

സ്ത്രീ സുരക്ഷക്ക് നിര്‍ഭീക് തോക്കുകള്‍ വരുന്നു

Published

|

Last Updated

കാണ്‍പൂര്‍: വനിതകളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ നിന്ന് പുതിയ ഇനം ഭാരം കുറഞ്ഞ തോക്ക് പുറത്തിറങ്ങുന്നു. ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം കടന്നുപോകുമ്പോഴാണ് നിര്‍ഭീക് എന്ന് പേരിട്ടിരിക്കുന്ന തോക്ക് യാഥാര്‍ഥ്യമാകുന്നത്.
വെറും 500 ഗ്രാം മാത്രം ഭാരമുള്ള ഈ തോക്ക് സ്ത്രീകള്‍ക്ക് അവരുടെ പേഴ്‌സുകളില്‍ കൊണ്ടുനടക്കാം. 1,22,360 രൂപ വിലവരുന്ന തോക്ക് അടുത്തമാസം അവസാനത്തോടെ വിപണിയിലെത്തിക്കാന്‍ കഴിയുമെന്ന് തോക്ക് നിര്‍മാണശാലാ ജനറല്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് അറിയിച്ചു.
ഡല്‍ഹിയിലെ കൂട്ടമാനഭംഗത്തിനു ശേഷം ഇത്തരം ഒരു തോക്ക് നിര്‍മിക്കുന്നതിനുള്ള പരീക്ഷണങ്ങളിലായിരുന്നു ഫാക്ടറി. സാധാരണഗതിയില്‍ ഇതേ വിഭാഗത്തില്‍ വരുന്ന തോക്കിന് 750ഗ്രാം തൂക്കമാണുണ്ടാവുക. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേരില്‍ (നിര്‍ഭയ) നിന്നാണ് തോക്കിനും നാമകരണം ചെയ്തിരിക്കുന്നത്.
തോക്കിന്റെ പുറത്തിറക്കല്‍ ചടങ്ങില്‍ സ്ത്രീ സാമൂഹിക പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കള്‍. ഇതിനകം പത്ത് പേര്‍ തോക്കിന്റെ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. ദിവസവും നിരവധിപേരില്‍ നിന്ന് അന്വേഷണങ്ങളും ഉണ്ടാവുന്നുണ്ട്. സ്ത്രീകള്‍ തന്നെയാണ് തോക്കിനെ കുറിച്ച് അന്വേഷിച്ച് വിളിക്കുന്നവരില്‍ ഏറെയും. എന്നാല്‍ പുരുഷന്‍മാര്‍ക്കും തോക്ക് നല്‍കുമെന്ന് അബ്ദുല്‍ ഹമീദ് പറഞ്ഞു.

Latest