ചെറുകിട മാതൃകാ കൃഷിത്തോട്ടങ്ങള്‍ സജ്ജീകരിക്കുന്നു

Posted on: January 12, 2014 8:06 am | Last updated: January 12, 2014 at 8:06 am

കല്‍പറ്റ: ഒരേക്കറെങ്കിലുമുള്ള കൃഷിയിടത്തില്‍ വിവിധതരം കാര്‍ഷികഫല പുഷ്പ വിളകളോടൊപ്പം മൂന്നോ അതിലധികമോ കാര്‍ഷികേതര മേഖലകള്‍ സംയോജിപ്പിച്ചുകൊണ്ട് പുതിയ ചെറുകിട മാതൃകാ കൃഷിത്തോട്ടങ്ങള്‍ സജ്ജീകരിക്കുന്നു. ഓരോ കൃഷിഭവനിലും ഇത്തരം പത്ത് കൃഷിത്തോട്ടങ്ങള്‍ സജ്ജീകരിക്കും.
കോഴി, താറാവ്, ടര്‍ക്കി, കാട, മുയല്‍, മത്സ്യകൃഷി, തേനീച്ചകൃഷി, കൂണ്‍കൃഷി, പുഷ്പകൃഷി തുടങ്ങിയ ഘടകങ്ങളാണ് കാര്‍ഷികഫല പുഷ്പങ്ങളോടൊപ്പം ഉള്‍പ്പെടുത്തുന്നതാണ്. വിവിധതരം കാര്‍ഷിക ഫല പുഷ്പവിളകളോടൊപ്പം മേല്‍പ്പറഞ്ഞവയില്‍ മൂന്നോ, അതിലധികമോ ഘടകങ്ങളുള്‍പ്പെടുത്തി കൃഷി മാതൃകാപരവും ആദായകരവുമാക്കുന്നതിനാണ് പദ്ധതി.
കൃഷി വകുപ്പ്, സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍, ഡയറി ഡവലപ്പ്‌മെന്റ് വകുപ്പ്, പൗള്‍ട്രി ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പ്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ഡയറി ഡെവലപ്പ്‌മെന്റ് വകുപ്പ്, പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരം മാതൃകാ കൃഷിത്തോട്ടങ്ങള്‍ സജ്ജീകരിക്കുന്ന സംരംഭകര്‍ക്ക് പ്രോത്സാഹനമെന്ന നിലക്ക് 10000 രൂപ ധനസഹായം കൃഷി വകുപ്പ് നല്‍കും. പ്രോത്സാഹന തുകക്ക് പുറമെ ബന്ധപ്പെട്ട വകുപ്പുകളുടെ സാമ്പത്തിക, സാങ്കേതിക സഹായവും ലഭ്യമാകും.
പദ്ധതിയുടെ നിര്‍വഹണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറുമായിട്ടുള്ള ഒരു ജില്ലാതല കമ്മിറ്റിക്കാണ്.
സംരഭകര്‍ ബന്ധപ്പെട്ട കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കുകയും അപേക്ഷകള്‍ കൃഷി ഭവന്‍ തലത്തില്‍ വേണ്ടുന്ന പരിശോധന നടത്തി അംഗീകാരത്തിനായി ജില്ലാ കമ്മിറ്റിയില്‍ സമര്‍പ്പിക്കേണ്ടതുമാണ്. പ്രോത്സാഹന തുകയിനത്തില്‍ നല്‍കുന്നതിനായി മാത്രം നടപ്പുസാമ്പത്തിക വര്‍ഷം ജില്ലക്ക് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൃഷി വകുപ്പില്‍ നിന്നുകൂടാതെ മറ്റുവകുപ്പ്, ഏജന്‍സികളില്‍ നിന്നും അര്‍ഹമായ ആനുകൂല്യം ലഭിക്കുന്നതിന് ജില്ലാതല കമ്മിറ്റി നടപടിയെടുക്കുന്നതാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.