Connect with us

International

ഇഅ്തിസാസിന് ധീരതക്കുള്ള പരമോന്നത പുരസ്കാരം

Published

|

Last Updated

ഇസ്‌ലാമാബാദ്: ഭീകരാക്രമണത്തിന് സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ചാവേറിനെ തടയുന്നതിനിടെ കൊല്ലപ്പെട്ട ഇഅ്തിസാസ് ഹസന് ധീരതക്കുള്ള പാക്കിസ്ഥാന്റെ പരമോന്നത പുരസ്‌കാരം. സ്വന്തം ജീവന്‍ അപകടത്തിലാണെന്നറിഞ്ഞിട്ടും നൂറുകണക്കിന് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താന്‍ ജീവിതം ബലിയര്‍പ്പിച്ച ഇഅ്തിസാസിന് മരണാനന്തര ബഹുമതി നല്‍കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യം ഉയര്‍ന്നിരുന്നു. പാക് മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും ഇഅ്തിസാസിന്റെ ധീരകൃത്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഖൈബര്‍ പക്ത്വുന്‍ഖ്വാ പ്രവിശ്യയിലെ ഹംഗുവില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
സ്‌കൂളില്‍ സ്‌ഫോടനം നടത്താനായി എത്തിയ ചാവേറിനെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഹസന്‍ മുഖ്യ കവാടത്തിന്റെ അടുത്ത് തടയുകയായിരുന്നു. സ്‌കൂളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച ചാവേറിനെ ആദ്യം കല്ലെടുത്തെറിയുകയും പിന്നീട് തടഞ്ഞു നിര്‍ത്തുകയുമായിരുന്നു. ഇഅ്തിസാസിന്റെ പിടിയിലായതോടെ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് ലശ്കറെ ജാംഗ്‌വി എന്ന സംഘടന ഏറ്റെടുത്തു.
പാക്കിസ്ഥാനില്‍ ധീരതക്ക് നല്‍കുന്ന പരമോന്നത പുരസ്‌കാരമായ സിതാരെ ശുജാത് (ധീരതയുടെ നക്ഷത്രം) ആണ് ഇഅ്തിസാസിന് മരണാനന്തര ബഹുമതിയായി നല്‍കുന്നത്. രക്തസാക്ഷി ഇഅ്തിസാസ് ഹസന് സിതാരെ ശുജാത് നല്‍കാന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ അനുമതി നല്‍കിയതായി പ്രധാനമന്ത്രി നവാസ് ശരീഫ് വ്യക്തമാക്കി.
ഇഅ്തിസാസിന്റെ ഖബറിടത്തില്‍ പാക് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതായും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഖബറിടം സന്ദര്‍ശിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മകന്റെ മരണത്തില്‍ ദുഃഖമല്ല മറിച്ച് അഭിമാനമാണ് തോന്നുന്നതെന്ന് ഇഅ്തിസാസിന്റെ പിതാവ് മുജാഹിദ് അലി ബങ്കേശ് പറഞ്ഞു. മകനെ രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇഅ്തിസാസിന്റെ ധീരത ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്ന് മലാല യൂസുഫ് സായി പറഞ്ഞു.

Latest