വാരാപ്പുഴ പെണ്‍വാണിഭം: കാഞ്ഞങ്ങാട്ടെ ഏഴ് കേസുകള്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് സ്‌ക്വാഡിന്

Posted on: January 10, 2014 12:30 am | Last updated: January 10, 2014 at 12:30 am

കാഞ്ഞങ്ങാട്: മധൂര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്തുവെന്ന പരാതിയില്‍ കാഞ്ഞങ്ങാട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളുടെ തുടര്‍ അന്വേഷണം കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡിന് കൈമാറി.
മധൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് അന്വേഷണം ക്രോഡീകരിക്കുന്നതിന്റെ ഭാഗമായി അന്വേഷണ ചുമതല ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം പ്രത്യേക സ്‌ക്വാഡിനെ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത മധൂര്‍ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട് സൗത്ത്, പടന്നക്കാട് എന്നിവിടങ്ങളില്‍ വീടുകളിലും ലോഡ്ജുകളിലും, ക്വാര്‍ട്ടേഴ്‌സുകളിലുമായി താമസിപ്പിച്ച് ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്തതിന് പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് ഹൊസ്ദുര്‍ഗ് പോലീസ് ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഈ കേസുകളില്‍ കോട്ടിക്കുളം സ്വദേശി മുഹമ്മദ് ഹനീഫയെന്ന ചിമ്മിനി ഹനീഫ, പെണ്‍കുട്ടിയുടെ സഹോദരി മധൂര്‍ പടഌയിലെ പുഷ്പാവതി, മൂസ, ഷംസു, പടന്നക്കാട്ടെ ലത്വീഫ് തുടങ്ങി 30ഓളം പേരാണ് പ്രതികള്‍. ഇവരില്‍ ഹനീഫയും പുഷ്പാവതിയുമാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളെല്ലാം ഒളിവിലാണ്. മധൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ്, കാസര്‍കോട്, കുമ്പള, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനുകളിലായി 15 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്.