സി പി എം കോര്‍പറേറ്റുകളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നില്ല: യെച്ചൂരി

Posted on: January 10, 2014 12:30 am | Last updated: January 10, 2014 at 12:30 am

കോഴിക്കോട്: സി പി എം കോര്‍പറേറ്റുകളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ജനങ്ങളില്‍ നിന്ന് പിരിക്കുന്നതും ലെവിയുമാണ് പാര്‍ട്ടിയുടെ മൂലധനം. ചിന്ത സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാര്‍ക്‌സിസം 21-ാം നൂറ്റാണ്ടില്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലാളിത്തത്തിന് മനുഷ്യമോചനം ഒരിക്കലും സാധ്യമാകുകയില്ല. കാലഘട്ടത്തിന്റെ മാറ്റങ്ങളില്‍ മാര്‍ക്‌സിസം നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ഇന്ന് വ്യത്യാസമുള്ളത്. മാര്‍ക്‌സിസമെന്നത് പ്രമാണപദമല്ല. സര്‍ഗാത്മകമായ വാദഗതിയാണെന്നും യെച്ചൂരി പറഞ്ഞു. തൊഴിലാളികളുടെ അവസ്ഥ ഇന്ന് ഏറെ മാറിയിരിക്കുകയാണെങ്കിലും മാര്‍ക്‌സിസ്റ്റ് ആശയ സംഹിതകള്‍ക്കെതിരെയുള്ള കടന്നാക്രമണങ്ങള്‍ ഇന്നും മാറ്റമില്ലാതെ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ടി എം തോമസ് ഐസക് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി പി നാരായണന്‍ എം പി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, കെ ടി കുഞ്ഞിക്കണ്ണന്‍ പങ്കെടുത്തു.