മുന്‍ തീരുമാനങ്ങളെല്ലാം കടലാസിലൊതുങ്ങി

Posted on: January 8, 2014 10:59 am | Last updated: January 8, 2014 at 10:59 am

ചാലക്കുടി: മുന്‍ തീരുമാനങ്ങളെല്ലാം കടലാസിലൊതുക്കി നാളെ വീണ്ടും ട്രാഫിക് കമ്മിറ്റി യോഗം ചേരും. മുന്‍ തീരുമാനങ്ങളൊന്നും നടപ്പിലാക്കാതെ നാളെ ചേരുന്ന ട്രാഫിക് കമ്മിറ്റി യോഗം പ്രഹസനമാകും.നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാനായി കഴിഞ്ഞ വര്‍ഷം രണ്ട് ട്രാഫിക് കമ്മിറ്റികളാണ് നഗരസഭ ചെയര്‍മാന്‍ വിളിച്ചു കൂട്ടിയത്.
രാഷ്ട്രീയ സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, സന്നദ്ധ സംഘടനകള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരടങ്ങിയ ട്രാഫിക് കമ്മിറ്റിയാണ് രണ്ട്‌വട്ടം ചേര്‍ന്നത്. ഗതാഗത കുരുക്കൊഴിവാക്കാനായി നിരവധി ക്രിയാത്മകമായ നിര്‍ദേശങ്ങളും കമ്മിറ്റിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളൊന്നും ഇതുവരേയും പാലിക്കപ്പെട്ടില്ല. നഗരത്തില്‍ പ്രതിദിനം ഗതാഗതകുരുക്ക് രൂക്ഷമാകുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയൊന്നുമുണ്ടാകുന്നില്ല.നിരവധി അപകടങ്ങള്‍ക്കും അപകട മരണങ്ങള്‍ക്കും നഗരത്തിന്റെ പാതയോരങ്ങള്‍ വേദിയാകുമ്പോഴും ബന്ധപ്പെട്ടവര്‍ക്ക് കുലുക്കമില്ല.
സൗത്ത് ജംഗ്ഷനില്‍ പള്ളി സ്റ്റോപ്പിന്റെ ഇരുവശത്തും പാര്‍ക്കിംഗ് നിരോധിച്ചിരുന്നു. സൗത്ത് ജംഗ്ഷനില്‍ പോലീസ് സ്റ്റേഷന്‍ റോഡിന്റെ ഇടതു ഭാഗത്തും, ട്രങ്ക് റോഡ് മുതല്‍ കോ-ഓപ്ടക്‌സ് വരെയുളള ഭാഗത്തും പാര്‍ക്കിംഗ് നിരോധിച്ചിരുന്നു. എന്നാല്‍ ഇവിടെ ഇപ്പോഴും വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രമാണ്. അനധികൃത പാര്‍ക്കിംഗ് തടയാന്‍ പോലീസോ നഗരസഭ അധികൃതരോ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രധാന റോഡുകളിലെല്ലാം വാഹനകുരുക്ക് രൂക്ഷമായി. കെ എസ് ആര്‍ ടി സി റോഡിലെ ബസ്സ് സ്റ്റോപ്പ് സുരാഗ് ബില്‍ഡിംഗ് പരിസരത്തേക്ക് മാറ്റാനും ട്രാഫിക് കമ്മിറ്റിയില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിനും നടപടിയായില്ല. ഇതുമൂലം ഇവിടെ നിരവധി അപകടങ്ങളാണ് പ്രതിദിനം ഉണ്ടാകുന്നത്.
മേല്‍പ്പാലത്തിന്റെ അടിഭാഗം ഓട്ടോറിക്ഷകളും, പെട്ടി ഓട്ടോറിക്ഷകളും, ടാക്‌സി കാറുകളും കൈയേറിയതോടെ സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനുള്ള സൗകര്യമില്ലാതായി. റോഡരികിലാണ് ഇപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് ഗതാഗതത്തിന് തടസ്സമാവുകയാണ്. പാലത്തിനടിഭാഗം വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ അധികൃതരും തയ്യാറാകുന്നില്ല. നഗരസഭ ബസ് സ്റ്റാന്‍ഡിന്റെ ഇരു കവാടത്തിനരികിലും ഓട്ടോറിക്ഷകള്‍ കയ്യടക്കിയതോടെ ഇവിടേയും ഗതാഗത കുരുക്ക് രൂക്ഷമായി മാറി. മാര്‍ക്കറ്റ് റോഡില്‍ വണ്‍വേ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവിടെ ഇരുഭാഗത്തേക്കും വാഹനങ്ങള്‍ ഓടുന്നതിനാല്‍ വാഹന കുരുക്ക് ദുരിതമായി മാറി.
വെട്ടുകടവ് പാലം തുറന്ന് കൊടുത്തതോടെ മാര്‍ക്കറ്റ് റോഡില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.ഇതും വാഹനയാത്രക്ക് തടസ്സം സൃഷ്ടിക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളൊന്നും പാലിക്കാതെയാണ് വീണ്ടും നാളെ ട്രാഫിക് കമ്മിറ്റി ചേരുന്നത്.