Connect with us

National

പാചക വാതക വിതരണക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി: പാചക വാതക വിതരണക്കാര്‍ ഈ മാസം പത്തൊമ്പത് മുതല്‍ രാജ്യവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു. പുതിയ വിതരണക്കാരെ നിയമിക്കുന്നത് എണ്ണക്കമ്പനികള്‍ നിര്‍ത്തിവെക്കുക, സബ്‌സിഡി നേരിട്ട് നല്‍കാനുള്ള തീരുമാനം റദ്ദാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പാചക വാതക സിലിന്‍ഡറുകളുടെ വിതരണം ഈ മാസം പതിനഞ്ച് മുതല്‍ നിര്‍ത്തിവെച്ച് നിസ്സഹകരണ സമരം നടത്താന്‍ അംഗങ്ങളോട് വിതരണക്കാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് എല്‍ പി ജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നും ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ പത്തൊമ്പത് മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.
നിസ്സഹകരണ സമര സമയത്ത് ഉപഭോക്താക്കള്‍ക്ക് ഗോഡൗണുകളില്‍ നിന്ന് സിലിന്‍ഡറുകള്‍ കൈപ്പറ്റാം. പത്തൊമ്പത് മുതല്‍ ഗോഡൗണുകളും അടച്ചിടാനാണ് തീരുമാനം. സംഘടനയില്‍ അംഗങ്ങളായ 12,600 വിതരണക്കാര്‍ പണിമുടക്കുന്നതോടെ പാചക വാതക വിതരണം ഏകദേശം പൂര്‍ണമായി സ്തംഭിക്കും.
പുതിയ വിതരണക്കാരെ ക്ഷണിച്ചുകൊണ്ട് പൊതുമേഖലാ എണ്ണക്കമ്പനികള്‍ നല്‍കിയ പരസ്യം പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സബ്‌സിഡി തുക ബേങ്ക് വഴി നല്‍കുന്നത് പ്രായോഗികമാണെങ്കിലും നിര്‍ബന്ധമാക്കരുതെന്നും വിതരണക്കാരെ പീഡിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ നയങ്ങള്‍ അവസാനിപ്പിക്കണമെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Latest