എന്‍ എസ് എസിന്റെയും ആര്‍ എസ് എസിന്റെയും ഹൈന്ദവ സമുദായ പ്രവര്‍ത്തനം

Posted on: January 5, 2014 5:59 am | Last updated: January 5, 2014 at 12:14 am

suku and rssഎന്‍ എസ് എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നായര്‍ സര്‍വീസ് സൊസൈറ്റിക്ക് നൂറ് വയസ്സായി. ഇത് എന്‍ എസ് എസിനെ വിലയിരുത്താന്‍ വേണ്ടുന്ന മതിയായ കാലയളവാണ്. കാലം, 2025 ല്‍ എത്തിയാല്‍ മാത്രമേ ആര്‍ എസ് എസ് എന്നറിയപ്പെട്ടു വരുന്ന ഹൈന്ദവ ഫാസിസ്റ്റ് പ്രസ്ഥാനത്തിന് നൂറ് വയസ്സാകൂ. എങ്കിലും 11 വര്‍ഷത്തെ പ്രായക്കുറവേയുള്ളൂ ആര്‍ എസ് എസിന്, എന്‍ എസ് എസ്സുമായിട്ട് എന്ന കാര്യം ഓര്‍മിക്കണം. എന്നിട്ടും കേരളത്തില്‍ നിന്നൊരു എം പിയോ എം എല്‍ എയോ സംഘ്പരിവാര രാഷ്ട്രീയത്തിന് ഉണ്ടായിട്ടില്ല. അടുത്തെങ്ങും അതുണ്ടാകുമെന്നും തോന്നുന്നില്ല. ഒരു എം എല്‍ എയോ എം പിയോ ഉണ്ടാകുന്നതിന് ആവശ്യമായ വിധത്തിലുള്ള വേരോട്ടം സംഘ് പരിവാരത്തിന് കേരളത്തില്‍ ഉണ്ടാകാതെ പോയതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒട്ടും അവഗണിക്കാനാകാത്ത ഒരു കാരണം എന്‍ എസ് എസിന്റെ സാന്നിധ്യമാണ്. ആര്‍ എസ് എസ് ആകാവുന്ന മാനസികാവസ്ഥയുള്ളവര്‍ക്കു ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കാവുന്ന തദ്ദേശീയവും സുസജ്ജവുമായൊരു സംഘടനാ സംവിധാനമായി രാഷ്ട്രീയവും സാമൂഹികവുമായി വേരുകള്‍ വ്യാപിച്ച് എന്‍ എസ് എസ് ഇവിടെ നിലകൊള്ളുന്നു എന്നത് സംഘ്പരിവാരത്തിന്റെ ആള്‍ബലത്തിനു ഗണ്യമായ കുറവ് കേരളത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. കോട്ടയവും ചങ്ങനാശ്ശേരിയും ക്രൈസ്തവര്‍ക്കും അതിന്റെ വിവിധ വിഭാഗങ്ങള്‍ക്കും ഗണ്യമായ സ്വാധീനശേഷിയുള്ള സ്ഥലങ്ങളാണ്. അവിടെയാണ് എന്‍ എസ് എസ് എന്ന ഹൈന്ദവ സമുദായ പ്രസ്ഥാനത്തിന്റെ ആസ്ഥാനം. അതുകൊണ്ടുതന്നെ ഹൈന്ദവേതര മതങ്ങളോട് അയല്‍പക്കം എന്ന നിലയില്‍ സ്വാഭാവികമായ മൈത്രീബന്ധം, നിലനില്‍പ്പിന് എന്‍ എസ് എസിനും കൂടിയേ തീരൂ. അതുകൊണ്ട് എന്‍ എസ് എസിന്റെ സാമുദായിക പ്രവര്‍ത്തനം പരമത വിദ്വേഷം കുത്തിവെക്കുന്ന ആര്‍ എസ് എസിന്റെ പ്രവര്‍ത്തനം പോലെ ആകുക എന്നതു അസാധ്യമായിരുന്നു. പരമത വിദ്വേഷം വളര്‍ത്താതെ ആര്‍ എസ് എസിനു വേര് പിടിക്കാനാകില്ല. പരമത വിദ്വേഷം വളര്‍ത്തിക്കൊണ്ട് എന്‍ എസ് എസിനു പ്രവര്‍ത്തിക്കാനുമാകില്ല. അതിനാല്‍, എന്‍ എസ് എസ് എന്ന സവര്‍ണ ഹൈന്ദവ സമുദായ പ്രസ്ഥാനം മതമൈത്രിയെ മാനിക്കുന്ന ഹൈന്ദവ പ്രസ്ഥാനമായി കേരളത്തില്‍ നിലകൊള്ളാന്‍ സദാ ജാഗ്രത കാണിച്ചു. ഇങ്ങനെയൊരു ജാഗ്രത കാണിക്കുന്ന ഹൈന്ദവ പ്രസ്ഥാനത്തിന് മതമൈത്രിയെ മാനിക്കുന്ന രാഷ്ട്രീയങ്ങളോടേ അനുഭാവം കാണിക്കാനാകൂ. ഗാന്ധിജിയും നെഹ്‌റുവുമെല്ലാം നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനെ എന്‍ എസ് എസ് സമരവീര്യത്തോടെ പോലും പിന്താങ്ങി. ‘വിമോചന സമരം’ അതിന്റെ തെളിവായിരുന്നു. പക്ഷേ, എന്‍ എസ് എസ് ഒരിക്കലും പരമത വിദ്വേഷത്തിലൂന്നിയ ഹിന്ദു രാഷ്ട്ര വാദം ഉയര്‍ത്തിപ്പിടിച്ച ഗാന്ധിഘാതകനായ ഗോഡ്‌സേയെ മനസ്സില്‍ പൂജിക്കുന്ന സംഘ്പരിവാര രാഷ്ട്രീയത്തിന് പിന്തുണയേകിയില്ല. സമുദായ താത്പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും കോണ്‍ഗ്രസില്‍ നിന്നു പോറലേല്‍ക്കുന്നതായോ പരിഗണന ലഭിക്കാതിരിക്കുന്നതായോ തോന്നിയ ചില അവസരങ്ങളില്‍ എന്‍ എസ് എസ് പരോക്ഷമായെങ്കിലും ഇടതുപക്ഷത്തെയും പിന്തുണച്ചിട്ടുണ്ട്. പക്ഷേ, എന്‍ എസ് എസിന്റെ ‘സമദൂര രാഷ്ട്രീയ’ നിലപാട് ഒരിക്കല്‍ പോലും സംഘ്പരിവാര രാഷ്ട്രീയത്തിന് സഹായകമായിരുന്നിട്ടില്ല. കാരണം, മതമൈത്രിയെ തകര്‍ക്കും വിധം ഹൈന്ദവതയും രാഷ്ട്രീയവും പ്രോത്സാഹിപ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നു തിരിച്ചറിയാനുള്ള പ്രായോഗിക വിവേകം അങ്ങേയറ്റത്ത് മന്നം മുതല്‍ ഇങ്ങേയറ്റത്ത് ജി സുകുമാരന്‍ നായര്‍ വരെയുള്ള എന്‍ എസ് എസ് നേതൃത്വം എല്ലായ്‌പ്പോഴും സമുദായ പ്രവര്‍ത്തനത്തിന്റെ തീക്ഷ്ണ വൈകാരികതയോടൊപ്പം തന്നെ കാത്തു സൂക്ഷിച്ചിരുന്നു. എന്‍ എസ് എസിന്റെ നൂറാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്രൈസ്തവ മത മേലധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി പിതാവിനെ ക്ഷണിച്ച എന്‍ എസ് എസിന്റെ നടപടി, ശിവഗിരിയിലേക്ക് നരേന്ദ്ര മോദിയെ ആനയിച്ച നടപടിയേക്കാള്‍ മതനിരപേക്ഷതക്കും മതസൗഹാര്‍ദത്തിനും കരുത്ത് പകരുന്നതും അതുവഴി ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ആത്മാവിനോട് നീതി ചെയ്യുന്നതുമായ നടപടി തന്നെയാണ്. മതസൗഹാര്‍ദത്തിന് മുറിവേല്‍പ്പിക്കാതെ സ്വമത കാര്യങ്ങള്‍ എങ്ങനെ നിര്‍വഹിക്കാമെന്നു കേരളത്തിലെ സവര്‍ണ യാഥാസ്ഥിതിക ഹിന്ദുക്കള്‍ക്ക് വഴികാട്ടിയ പ്രസ്ഥാനം എന്ന മഹത്വം തീര്‍ച്ചയായും എന്‍ എസ് എസിനുണ്ട്. മത നിരപേക്ഷതയെ പിന്തുണക്കുന്നതും മതസൗഹാര്‍ദത്തെ തകര്‍ക്കാത്തതുമായ ഒരു ഹൈന്ദവ സാമുദായിക പ്രസ്ഥാനത്തിന്റെ നിറഞ്ഞ സാന്നിധ്യം എന്‍ എസ് എസിലൂടെ കേരളത്തില്‍ നിലനിന്നുവരുന്നത് ആര്‍ എസ് എസിന്റെ ഹൈന്ദവ ഫാസിസത്തെയും മതനിരപേക്ഷവിരുദ്ധ രാഷ്ട്രീയത്തേയും പ്രതിരോധിക്കുന്നതിനു നല്‍കി വരുന്ന സംഭാവനയും ചെറുതല്ല.
നൂറാം വാര്‍ഷികം ആഘോഷിക്കുന്ന എന്‍ എസ് എസിന്റെ ചരിത്രപരവും സമകാലികവുമായ പ്രസക്തി മേല്‍പ്പറഞ്ഞതാണെന്ന് ചുരുക്കത്തില്‍ ചൂണ്ടിക്കാണിക്കട്ടെ. കൂട്ടത്തില്‍ ഇത്തരമൊരു ഹൈന്ദവ ഫാസിസ്റ്റ് പ്രതിരോധം ഉണ്ടാക്കുന്ന കാര്യത്തില്‍ എസ് എന്‍ ഡി പിയും കെ പി എം എസും നമ്പൂതിരി യോഗ ക്ഷേമസഭയും ചൗളര്‍ മഹാ സൊസൈറ്റിയും ഒക്കെ വഹിക്കുന്ന പങ്കുകളേയും കുറച്ചു കാണേണ്ടതില്ല. ഉത്തരേന്ത്യയിലെ ജാതിരാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിമര്‍ശിക്കുമ്പോള്‍ തന്നെ മായാവതിയും മുലായവും ലാലു പ്രസാദും പാസ്വാനുമെല്ലാം ഹൈന്ദവ ഫാസിസത്തിന്റെ രാഷ്ട്രീയ മേല്‍ക്കൈ തടയുന്നതില്‍ വഹിക്കുന്ന പങ്കിനെ അനുമോദിക്കാനുള്ള വിവേകം കൂടി മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുണ്ടാകേണ്ടതുണ്ടെന്നും സൂചിപ്പിക്കട്ടെ. നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് എന്‍ എസ് എസ് കൈക്കൊണ്ടിരിക്കുന്ന ഒരു പ്രധാന തീരുമാനം കരയോഗങ്ങള്‍ തോറും ആധ്യാത്മിക പഠന ക്ലാസുകള്‍ ആരംഭിക്കും എന്നതാണ്. ഭഗവത്ഗീതാ പഠനവും രാമഭക്തിയും ഒക്കെ ഗാന്ധിജിയെപ്പോലുള്ള ഹിന്ദുക്കളാകാന്‍ നാരായണ ഗുരുവിനെപ്പോലുള്ള ഹിന്ദുക്കളാകാന്‍, നായര്‍ സമുദായാംഗങ്ങളെ പ്രേരിപ്പിക്കുന്ന വിധത്തില്‍ നടത്തപ്പെട്ടാല്‍ അത് നന്നാകും. മതമൈത്രിയെ മാനിക്കുന്ന എന്‍ എസ് എസിന്റെ ആധ്യാത്മിക പഠന ക്ലാസുകളിലൂടെ ഗാന്ധിജിയെ ആദരിക്കുന്ന നായന്മാരല്ലാതെ ഗാന്ധിഘാതകനായ ഗോഡ്‌സേയെ ആദരിക്കുന്ന നായന്മാര്‍ ഉണ്ടാകില്ലെന്നു തന്നെ വേണം പ്രതീക്ഷിക്കാന്‍.

[email protected]