കുരങ്ങു ശല്യം: കോടതി വിധി നടപ്പാക്കാന്‍ ഹരജി

Posted on: January 4, 2014 1:07 am | Last updated: January 4, 2014 at 1:07 am

കല്‍പറ്റ: കല്‍പറ്റ വില്ലേജ് അതിര്‍ത്തിക്കുള്ളില്‍ നിന്നും കുരങ്ങുകളെ പിടികൂടി വനാന്തരത്തില്‍ വിടണമെന്ന കല്‍പറ്റ മുന്‍സീഫ് കോടതിയുടേയും സുല്‍ത്താന്‍ ബത്തേരി സബ് കോടതിയുടേയും വിധികള്‍ സര്‍ക്കാര്‍ നടപ്പാക്കത്തിനെത തുടര്‍ന്ന് ഹരജിക്കാരായ ജി ശ്യാം നാഥ്, ജി സുന്ദര്‍ എന്നിവര്‍ കല്‍പറ്റ മുന്‍സീഫ് കോടതിയില്‍ അഡ്വ. വി പി എല്‍ദോ മുഖേന വിധി നടത്താന്‍ ഹരജി ഫയല്‍ ചെയ്തു. കുരങ്ങു ശല്യത്തിനെതിരെ കല്‍പറ്റ മുന്‍സീഫ് കോടതി മുമ്പ് പുറപ്പെടുവിച്ച വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ സെപ്തംബര്‍ 28ന് സുല്‍ത്താന്‍ ബത്തേരി സബ് കോടതി തള്ളുകയും മുന്‍സീഫ് കോടതി വിധി സ്ഥിരപ്പെടുത്തുകയും വിധി തീയതി മുതല്‍ മുന്നു മാസം സര്‍ക്കാറിന് വിധി നടപ്പാക്കാന്‍ സമയം അനുവദിക്കുകയും ചെയ്തിരുന്നു.
ഈ സമയ പരിധിക്കുള്ളില്‍ ഹരജിക്കാര്‍ക്ക് നടപടിയെടുക്കാമെന്ന് സബ് കോടതി വിധിച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ വിധി നടപ്പിലാക്കി കിട്ടുന്നതിന് കല്‍പറ്റ മുന്‍സീഫ് കോടതിയില്‍ വിധി നടത്തല്‍ ഹരജി ബോധിപ്പിച്ചു. കോടതി വിധി മാനിക്കാതിരുന്നത് ജില്ലാ കലക്ടറേയും സൗത്ത് വയനാട് ഡി എഫ് ഒയെയും സിവില്‍ ജയിലിലടക്കുന്നതിനും അവരുടെ ശമ്പളം മുതലായവ കണ്ടുകെട്ടുന്നതിനും പുറമെ കോടതി കമ്മീഷനെ നിയമിച്ച് വിധി നടപ്പിലാക്കി കിട്ടുന്നതിനാണ് ഹരജി ബോധിപ്പിച്ചത്. കല്‍പറ്റയിലുള്ള മുഴുവനാളുകളുടേയും പ്രതിനിധീകരിച്ച് നല്‍കിയ പൊതു താല്‍പര്യ ഹരജിയിലെ വിധി നടപ്പാക്കി കിട്ടുന്നതിനാണ് ഹരജി. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. വി പി എല്‍ദോ, അഡ്വ. ഷീബമാത്യു എന്നിവര്‍ ഹാജരായി.