ഒമാന്‍ പൊതു ബജറ്റിന് അംഗീകാരം

Posted on: January 3, 2014 11:44 pm | Last updated: January 4, 2014 at 12:08 am

oman Railwayമസ്‌കത്ത്: ഈ വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരുമാനം 11.7 ബില്യന്‍ റിയാല്‍. 13.5 ബില്യന്‍ വരവു പ്രതീക്ഷിക്കുന്ന ബജറ്റ് 1.7 ബില്യന്‍ റിയാലിന്റെ കമ്മി രേഖപ്പെടുത്തുന്നതായി ധനകാര്യ മന്ത്രി ദാര്‍വിശ് ബിന്‍ ഇസ്മാഈല്‍ അലി അല്‍ ബലൂഷി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബജറ്റിന് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അംഗീകാരം നല്‍കിയിരുന്നു.
ചെലവുകളില്‍ മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ചു ശതമാനം വര്‍ധനയാണ് ഈ വര്‍ഷത്തെ ബജറ്റിലുള്ളത്. ആകെ വരവില്‍ 4.5 ശതമാനം വര്‍ധനവുണ്ട്. എണ്ണ വില അനുസരിച്ചാണ് കമ്മി കണക്കാക്കിയിരിക്കുന്നത്. ബജറ്റില്‍ ബാരലിന് 85 ഡോളറാണ് എണ്ണ വില നിശ്ചയിച്ചിരിക്കുന്നത്. ഇതുവഴി 1.8 ബില്യന്‍ റിയാലാല്‍ വരുമാനമാണ് കണക്കാക്കുന്നത്. ആകെ വരുമാനത്തിന്റെ 15 ശതമാനമാണിത്. വരുമാനത്തിന്റെ ആറു ശതമാനം എണ്ണയിതര ആഭ്യന്തര ഉത്പാദന മേഖലയില്‍നിന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ വായ്പകളിലൂടെയും ആഭ്യന്തര വായ്പകളിലൂടെയും ബജറ്റ് കമ്മി നികത്താനാകുമെന്നും മന്ത്രി വിശദീകരിച്ചു. 200 ദശലക്ഷം റിയാല്‍ വീതമാണ് വിദേശ, ആഭ്യന്തര വായ്പ പ്രതീക്ഷിക്കുന്നത്.
ഈ മാസം ഒന്നു മുതല്‍ രാജ്യത്തെ പൊതുമേഖലാ ജീവനക്കാര്‍ക്കു വേണ്ടി നടപ്പിലാക്കിയ തസ്തിക ഗ്രേഡിംഗും ശമ്പള വര്‍ധവനും ബജറ്റിന് മുന്‍ വര്‍ഷത്തെക്കാള്‍ 900 ദശലക്ഷം റിയാലിന്റെ അധികബാധ്യതയുണ്ടാക്കിയിട്ടുണ്ട്. ഇതുകൂടി ബജറ്റ് കമ്മിയില്‍ ചേര്‍ക്കുമെന്നും ശമ്പള വര്‍ധനവു വഴിയുണ്ടാകുന്ന സാമ്പത്തിക അധികച്ചെലവിന്റെ കൃത്യമായ കണക്കുകള്‍ സാമ്പത്തിക മന്ത്രാലയം ഇതുവരെ ശരിയാക്കിയിട്ടില്ലെന്നും പൂര്‍ത്തിയായാല്‍ അതുകൂടി ബജറ്റില്‍ ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
ബജറ്റ് ചലെവുകളില്‍ 65 ശതമാനം അഥവാ 8.7 ബില്യന്‍ റിയാല്‍ പൊതു ആവശ്യങ്ങള്‍ക്കാണ് ചെലവിടുന്നത്. എന്നാല്‍ 37 ശതമാനം അഥവാ അഞ്ചു ബില്യന്‍ റിയാല്‍ ശമ്പളയിനത്തില്‍ ചെലവിടുന്നു. രാജ്യത്തെ ഈ വര്‍ഷത്തെ നിക്ഷേപ ചെലവ് പ്രതീക്ഷിക്കുന്നത് 3.2 ബില്യന്‍ റിയാലാണ്. ഇത് ആകെ ബജറ്റ് ചെലവിന്റെ 24 ശതമാനമാണ്. പൊതു ചെലവുകള്‍ പ്രധാനമായും വികസന പദ്ധതികള്‍ക്കും എണ്ണ, വാതക മേഖലയിലെ പദ്ധതികള്‍ക്കുമാണ്. ആകെ വരുമാനത്തില്‍ 83 ശതമാനവും എണ്ണ വരുമാനമാണ്. 17 ശതമാനമാണ് മറ്റു മേഖലയില്‍നിന്നുള്ള വരുമാം. ഇതില്‍ 50 ശതമാനവും നികുതിയും സേവന നിരക്കുകളുമായാണ് ശേഖരിക്കുന്നത്.
സാമൂഹിക മേഖലയുടെ വികസനത്തിനാണ് ബജറ്റിലെ 9.2 ബില്യന്‍ റിയാലും നീക്കി വെച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, പരിശീലനം, സബ്‌സിഡി എന്നീ രംഗങ്ങളിലാണ് ഈ തുക ചെലവിടുക. കഴിഞ്ഞ വര്‍ഷം 8.7 ബില്യന്‍ റിയാലാണ് ചെലവഴിച്ചത്. ബജറ്റ് ചെലവില്‍ വിദ്യാഭ്യാസ മേഖലക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. 2.6 ബില്യന്‍ റിയാലാണ് ചെലവിടുന്നത്. പരിശീലന പദ്ധതികള്‍ക്ക് 95 ദശലക്ഷം റിയാല്‍ നീക്കി വെച്ചിരിക്കുന്നു. ആരോഗ്യ മേഖലക്ക് 1.3 ബില്യന്‍ റിയാലും സാമൂഹിക സുരക്ഷ, പെന്‍ഷന്‍ പദ്ധതികള്‍ക്കായി 133 ദശലക്ഷം റിയാലും നീക്കി വെച്ചിരിക്കുന്നു. പാര്‍പ്പിട പദ്ധതികള്‍ക്ക് 2.8 ബില്യന്‍ റിയാലാണ് പ്രതീക്ഷിക്കുന്നത്. സബ്‌സിഡിയിനത്തിലും മറ്റു ഇളവുകള്‍ക്കുമായി 1.6 ബില്യന്‍ ചെലവിടും. ഭവനവായ്പ, വൈദ്യുതി, ജലം, ഇന്ധനം, ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവക്കാണ് സബ്‌സിഡി നല്‍കുന്നത്.