ഫുട്‌ബോള്‍ പ്രേമികളെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി പയ്യനാട് സ്റ്റേഡിയം

Posted on: January 3, 2014 12:33 pm | Last updated: January 3, 2014 at 12:33 pm

മഞ്ചേരി: ജില്ലയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകി ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് 14ന് വൈകീട്ട് അഞ്ച് മണിക്ക് കിക്കോഫ്. കപ്പിനെ വരവേല്‍ക്കാന്‍ മഞ്ചേരി പയ്യനാട് കായിക സമുച്ചയം അണിഞ്ഞൊരുങ്ങി.
ഇന്ത്യയിലെ ക്ലബ് ചാമ്പ്യനെ കണ്ടെത്താനുള്ള ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആദ്യമായാണ് ജില്ല വേദിയാകുന്നത്. നാല് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് എ യില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്, യുണൈറ്റഡ് എസ് സി, പൂനെ എഫ് സി, ഈഗിള്‍ സ് എഫ് സി, ഗ്രൂപ്പ് ബി യില്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ഡി ഗോവ, ബാംഗ്ലൂര്‍ എഫ് സി, ഈസ്റ്റ് ബംഗാള്‍, രാംഗാജീദ് യുണൈറ്റഡ്, ഗ്രൂപ്പ് സിയില്‍ സാല്‍ഗോക്കര്‍ എഫ് സി, മോഹന്‍ബഗാന്‍, മുംബൈ എഫ് സി, ഷില്ലോംഗ് ലോജോംഗ്, ഗ്രൂപ്പ് ഡിയില്‍ ഡെംപോ ഗോവ, മുഹമ്മദന്‍സ് എഫ് സി, ഭവാനിപൂര്‍ എഫ് സി, യുണൈറ്റഡ് സിക്കിം എന്നീ ടീമുകളാണ് ഉള്‍പ്പെടുന്നത്. ഇവയില്‍ ഗ്രൂപ്പ് എ, സി ഗ്രൂപ്പ് മത്സരങ്ങള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും ഗ്രൂപ്പ് വി, ഡി മത്സരങ്ങള്‍ മഞ്ചേരി സ്റ്റേഡിയത്തിലും നടക്കും. കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫി ടൂര്‍ണ്ണമെന്റിന് വേദിയാകാനുള്ള അവസരം മഞ്ചേരിക്ക് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുകയായിരുന്നു.
സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞാണ് അധികൃതര്‍ സന്തോഷ് ട്രോഫി മഞ്ചേരിക്ക് നഷ്ടമാക്കിയത്. ഇതില്‍ ഹതാശയരായ ഫുട്‌ബോള്‍ പ്രേമികളെ ഹര്‍ഷപുളകിതരാക്കി രാജ്യത്തെ മികച്ച ടൂര്‍ണ്ണമെന്റിന് സാക്ഷ്യം വഹിക്കാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്. ജനുവരി 14ന് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ഇ അഹമ്മദ് അധ്യക്ഷത വഹിക്കും.
സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍, പി കെ അബ്ദുര്‍റബ്ബ്, മഞ്ഞളാംകുഴി അലി, വി കെ ഇബ്രാഹിം കുഞ്ഞ്, എം കെ മുനീര്‍, മുന്‍ മന്ത്രിമാരായ എം വിജയകുമാര്‍, പാലോളി മുഹമ്മദ്കുട്ടി, ജില്ലയില്‍ നിന്നുള്ള എം പിമാര്‍, എം എല്‍ എമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, മുന്‍ ചെയര്‍മാന്മാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കെ എഫ് എ, ഡി എഫ് എ ഭാരവാഹികള്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചു മണിക്ക് പ്രഥമ മത്സരം നടക്കും. ഇരുപതിനായിരം പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തിലേക്ക് ഉച്ചയോടെ ജില്ലക്കകത്തും പുറത്തു നിന്നുമായി ഫുട്‌ബോള്‍ പ്രേമികളായ പതിനായിരങ്ങള്‍ ഒഴുകിയെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രണ്ടായിരത്തിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഗ്രൗണ്ട് പരിസരത്ത് സംവിധാനമൊരുക്കിയിട്ടുണ്ട്. ഉദ്ഘാടനം ആഘോഷമാക്കുന്നതിനായി രൂപവത്ക്കരിച്ച സംഘാടക സമിതിയുടെ ഓഫീസ് ഇന്നലെ രാവിലെ മഞ്ചേരി ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിന് സമീപം അഡ്വ. എം ഉമ്മര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ ബിജു അധ്യക്ഷത വഹിച്ചു.